നവീകരിച്ച ‘കെ യു വി 100 എൻ എക്സ് ടി’യുമായി മഹീന്ദ്ര

മോഹിച്ച പ്രതികരണം ‘കെ യു വി 100’ സൃഷ്ടിക്കാതെ പോയതിന്റെ ക്ഷീണം തീർക്കാനുള്ള ശ്രമത്തിലാണു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സമഗ്രമായ പരിഷ്കാരങ്ങളോടെ സാക്ഷാത്കരിച്ച ‘കെ യു വി 100 എൻ എക്സ് ടി’യിലാണ് ഇനി കമ്പനി പ്രതീക്ഷയർപ്പിക്കുന്നത്. കാഴ്ചയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലെല്ലാമുള്ള മാറ്റങ്ങളോടെ യാഥാർഥ്യമാക്കിയ ‘കെ യു വി 100 എൻ എക്സ് ടി’ ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞു. 2016 ജനുവരിയിൽ അരങ്ങേറ്റം കുറിച്ച ‘കെ യു വി 100’ ചെറു എസ്  യു വിയിൽ മഹീന്ദ്ര നടപ്പാക്കുന്ന ആദ്യ പരിഷ്കാരമാണിത്; ഒപ്പം വാഹനത്തിന്റെ വകഭേദങ്ങളും കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. 

മുന്നിലെ ബംപർ പരിഷ്കരിച്ചതിനൊപ്പം പുത്തൻ മെഷും ഇടംപിടിച്ചു; ഫോഗ് ലാംപുകൾക്ക് കൂടുതൽ പ്ലാസ്റ്റിക് ക്ലാഡിങ്ങും കൈവന്നു. ബംപർ ഗ്രില്ലുമായി ലയിച്ചു ചേരുന്ന വിധത്തിലായതോടെ മുൻഭാഗം കാഴ്ചയിൽ വ്യത്യസ്തമായി. കൂടാതെ എസ് യു വിയുടെ മുന്നിലും പിന്നിലും അലൂമിനിയം നിർമിത സ്കിഡ് പ്ലേറ്റും ഇടംപിടിച്ചു. പിൻഭാഗത്താവട്ടെ ‘കെ യു വി 100 എൻ എക്സ ടി’ക്ക് ക്രോം ബെസെൽ സഹിതം ക്ലിയർ ലെൻസ് ടെയ്ൽ ലൈറ്റുമുണ്ട്. കാറിലെ വൈപ്പറിന്റെ രൂപകൽപ്പനയും പരിഷ്കരിച്ചിട്ടുണ്ട്.

നവീകരിച്ച ‘എക്സ് യു വി 500’ ആണ് ‘കെ യു വി 100 എൻ എക്സ് ടി’യുടെ ഗ്രില്ലിനു പ്രചോദനമായിരിക്കുന്നത്. ഇതോടൊപ്പം ഹെഡ്ലാംപുകളുടെ രൂപകൽപ്പനയും പരിഷ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം വാഹനത്തിന്റെ നീളത്തിലും നേരിയ വർധന വന്നിട്ടുണ്ട്; മുമ്പ് 3675 എം എം ആയിരുന്ന നീളം 3700 എം എമ്മായിട്ടാണ് ഉയർന്നത്. കൂടാതെ ഗ്ലോസ് ബ്ലാക്ക് — ക്രോം ഫിനിഷോടെ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ‘എൻ എക്സ് ടി’ക്കുണ്ട്.

ആറു സീറ്റുള്ള ‘കെ യു വി 100 എൻ എക്സ് ടി’യുടെ മുന്തിയ വകഭേദത്തിൽ ഓൾ ബ്ലാക്ക് ഇന്റീരിയറും ബ്രഷ്ഡ് സിൽവർ ഇൻസർട്ടുകളുമൊക്കെ മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. മറ്റു മോഡലുകളിൽ ഗ്രേ ഇന്റീരിയറാണ്. മുന്തിയ വകഭേദമായ ‘കെ എയ്റ്റി’ൽ ഓഡിയൊ, നാവിഗേഷൻ സപ്പോർട്ട് സഹിതം ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഇടംപിടിക്കുന്നുണ്ട്.  അതേസമയം എസ് യു വിക്കു കരുത്തേകുന്നത് 1.2 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ്; അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ‘ഇഗ്നിസ്’, ഹോണ്ട ‘ഡബ്ല്യു ആർ — വി’, ഹ്യുണ്ടേയ് ‘ഐ 20 ആക്ടീവ്’ തുടങ്ങിയവയോടാണു ‘കെ യു വി 100 എൻ എക്സ് ടി’ മത്സരിക്കുന്നത്.