നവീകരിച്ച ‘സോഫ്റ്റെയ്ൽ’ മോഡലുകളുമായി ഹാർലി

Harley Davidson Softail Fatboy

‘സോഫ്റ്റെയ്ൽ’ ശ്രേണിയിലെ നാലു നവീകരിച്ച മോഡലുകൾ യു എസ് ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു; ‘ഫാറ്റ്ബോയ്’, ‘ഫാറ്റ്ബോബ്’, ‘സ്ട്രീറ്റ്ബോബ്’, ‘ഹെറിറ്റേജ് ക്ലാസിക്’ എന്നിവയാണ് വിപണിയിലെത്തിയത്. ഹാർലി ഡേവിഡ്സൻ ഇന്ത്യയിലെത്തിയതിന്റെ 115—ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണു പുതിയ മോഡൽ ശ്രേണിയുടെ അവതരണം.

കടുപ്പമേറിയ പാതകളിലെ റൈഡിങ് പ്രകടനക്ഷമതയിൽ ‘ഡൈന’ ശ്രേണിയുടെ മികവ് കൂടി സമന്വയിപ്പിച്ചാണു ഹാർലി ഡേവിഡ്സൻ പുതിയ ‘സോഫ്റ്റെയ്ൽ’ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. ‘ഹെറിറ്റേജ് ക്ലാസിക്കി’ന് 18.99 ലക്ഷം രൂപയും ‘ഫാറ്റ്ബോയ്’ 17.49 ലക്ഷം രൂപയും ‘ഫാറ്റ്ബോബി’ന് 13.99 ലക്ഷം രൂപയും ‘സ്ട്രീറ്റ് ബോബി’ന് 11.99 ലക്ഷം രൂപയുമാണു വില. 

കമ്പനി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉൽപന്ന വികസന പദ്ധതിയുടെ ഫലമായാണു പുതിയ മോഡലുകൾ സാക്ഷാത്കരിച്ചതെന്നാണു ഹാർലി ഡേവിഡ്സന്റെ അവകാശവാദം. ഇരട്ട കൗണ്ടർ ബാലൻസിങ്ങോടെ എത്തുന്ന പുതിയ ‘മിൽവോക്കി എയ്റ്റ് 107’ എൻജിൻ സൃഷ്ടിക്കുന്ന ഉയർന്ന ടോർക്ക് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിവുള്ള ഭാരം കുറഞ്ഞതെങ്കിലും ദൃഢതയേറിയ ഫ്രെയിമാണു ബൈക്കുകളുടെ മറ്റൊരു സവിശേഷത. 

മോട്ടോർ സൈക്കിൾ പ്രേമികളും റൈഡിങ് കമ്പക്കാരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന തരത്തിൽ മോഡലുകൾ നവീകരിക്കുന്നതിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹാർലി ഡേവിഡ്സൻ ഇന്ത്യ ആൻഡ് ചൈന മാനേജിങ് ഡയറക്ടർ പീറ്റർ മകെൻസി വ്യക്തമാക്കി. ഹാർലി ഡേവിഡ്സന്റെ ചരിത്രത്തിൽ നിന്നും ആധികാരികതയിൽ നിന്നും പ്രചോദിതമാണ് ‘2018 സോഫ്റ്റെയ്ൽ കസ്റ്റം മോട്ടോർ സൈക്കിളു’കളുടെ വരവെന്നും അദ്ദേഹം വിശദീകരിച്ചു.