പരിഷ്കരിച്ച ‘പ്ലാറ്റിന’ എത്തി; വില 46,656 രൂപ

Bajaj Platina

എൻട്രി ലവൽ ബൈക്കായ ‘പ്ലാറ്റിന’യുടെ പരിഷ്കരിച്ച പതിപ്പ് ബജാജ് ഓട്ടോ ലിമിറ്റഡ് ഔദ്യോഗികമായി വിൽപ്പനയ്ക്കെത്തിച്ചു. പുതുക്കിയ രൂപകൽപ്പനയുള്ള അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനൊപ്പം ഡേടൈം റണ്ണിങ് ലാംപ്(ഡി ആർ എൽ) സഹിതമെത്തുന്ന പുതിയ ‘പ്ലാറ്റിന കംഫർടെകി’ന് 46,656 രൂപയാണു ഡൽഹി ഷോറൂമിൽ വില.  ഹെഡ്ലാംപിനു മുകളിലായാണു ബജാജ് എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ് ഘടിപ്പിച്ചിരിക്കുന്നത്. ടി വി എസിന്റെ ‘വിക്ടറി’നു ശേഷം എൽ ഇ ഡി ഡി ആർ എല്ലുമായി 100 — 110 സി സി വിഭാഗത്തിൽ വിൽപ്പനയ്ക്കെത്തുന്ന രണ്ടാമത്തെ ബൈക്കാണു ബജാജ് ‘പ്ലാറ്റിന കംഫർടെക്’. ഈ വിഭാഗത്തിൽ ഈ സൗകര്യത്തോടെ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ബൈക്കുമാണു പുതിയ ‘പ്ലാറ്റിന’. 

ബാറ്ററിയെ ചോർത്തുന്ന ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ(എ എച്ച് ഒ) സംവിധാനത്തിനു പകരമായാണു ബജാജ് ഡേ ടൈം റണ്ണിങ് ലാംപ് ലഭ്യമാക്കുന്നത്. എ എച്ച് ഒ പ്രവർത്തിക്കാൻ വേണ്ടതിലും 88% കുറവ് ഊർജത്തിലാണ് എൽ ഇ ഡി ഡി ആർ എല്ലിന്റെ പ്രവർത്തനമെന്നും ബജാജ് ഓട്ടോ അവകാശപ്പെടുന്നു.  മികച്ച ഉൽപ്പന്നത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കുകയാണ് ഈ ‘പ്ലാറ്റിന’യിലൂടെ ബജാജ് ഓട്ടോ ചെയ്തതെന്നു കമ്പനി പ്രസിഡന്റ്(മോട്ടോർ സൈക്കിൾ ബിസിനസ്) എറിക് വാസ് അഭിപ്രായപ്പെട്ടു. യാത്രാസുഖത്തിന്റെയും ഉയർന്ന ഇന്ധനക്ഷമതയുടെയും എൽ ഇ ഡി ഡി ആർ എല്ലിന്റെയുമൊക്കെ ഈ സമന്വയം ഉപയോക്താക്കൾക്ക് ഇഷ്ടമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

മുൻമോഡലിലെ പരമ്പരാഗത, അടിസ്ഥാന രൂപകൽപ്പനാശൈലിയാണു പുതിയ മോഡലിലും ബജാജ് ഓട്ടോ തുടർന്നിട്ടുണ്ട്. അനലോഗ് സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഫ്യുഗൽ ഗേജ്, വിവിധ ലൈറ്റുകൾ എന്നിവ ഉൾപ്പെട്ട നവീകരിച്ച ഇൻസ്ട്രമെന്റ് ക്ലസ്റ്റാണു ബൈക്കിലെ പ്രധാന മാറ്റം; കാഴ്ചപ്പകിട്ടിനൊപ്പം വായിക്കാനും എളുപ്പമാണ് എന്നതാണ് പുതിയ യൂണിറ്റിന്റെ സവിശേഷത. സാങ്കേതികവിഭാഗത്തിലും മാറ്റമൊന്നുമില്ലാതെയാണ് ‘2017 പ്ലാറ്റിന കംഫർടെകി’ന്റെ വരവ്; മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്ന 102 സി സി ഡി ടി എസ് ഐ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. 7,500 ആർ പി എമ്മിൽ 7.9 പി എസ് വരെ കരുത്തും 5,000 ആർ പി എമ്മിൽ 8.3എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 100 കിലോമീറ്റർ മൈലേജാണു ബൈക്കിനു ബജാജിന്റെ വാഗ്ദാനം.

യാത്രാസുഖം ഉറപ്പാക്കുന്ന സസ്പെൻഷൻ, പിന്നിൽ ഫുട് പെഗ്ഗിനു പകരം വീതിയേറിയ റബർ ഫുട് പാഡ് തുടങ്ങിയവയും ബൈക്കിൽ ബജാജ് ഓട്ടോ ലഭ്യമാക്കുന്നുണ്ട്. ഇലക്ട്രിക് സ്റ്റാർട്, അലോയ് വീൽ എന്നിവയോടെ ഒറ്റ മോഡൽ മാത്രമാണു ‘പ്ലാറ്റിന’യ്ക്കുള്ളത്; കറുപ്പ്, ചുവപ്പ് നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള ബൈക്കിന്റെ മത്സരം ഹീറോ ‘എച്ച് എഫ് ഡീലക്സ്’, ടി വി എസ് ‘സ്പോർട്’, ഹോണ്ട ‘സി ഡി 110 ഡ്രീം’, യമഹ ‘സല്യൂട്ടൊ ആർ എക്സ്’ തുടങ്ങിവയോടാണ്.