മെയ്ക് ഇൻ ഇന്ത്യ ജാഗ്വർ ‘എഫ് പേസ്’ എത്തി; വില 60 ലക്ഷം

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജാഗ്വർ ലാൻഡ്റോവർ(ജെ എൽ ആർ) ‘എഫ് പേസി’ന്റെ ഇന്ത്യയിലെ നിർമാണത്തിനു തുടക്കമിട്ടു. ഇന്ത്യയിൽ നിർമിക്കുന്ന ‘2018 എഫ് പേസി’ന് 60.02 ലക്ഷം രൂപയാണു ഷോറൂം വില. ഇന്ത്യയിൽ പ്രാദേശികമായി അസംബ്ൾ ചെയ്യുന്ന ആറാമതു മോഡലാണ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പ്രകടനക്ഷമതയും സ്പോർട്സ് കാറിന്റെ സുഖസൗകര്യങ്ങളും സമന്വയിക്കുന്ന ജാഗ്വർ ‘എഫ് പേസ്’. 

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഇന്ത്യൻ നിർമിത ‘എഫ് പേസ്’ എന്നു ജെ എൽ ആർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായ രോഹിത് സൂരി അഭിപ്രായപ്പെട്ടു. 

രണ്ടു ലീറ്റർ ഡീസൽ എൻജിനോടെ എത്തുന്ന ‘എഫ് പേസി’ൽ അഡാപ്റ്റീവ് എൽ ഇ ഡി ഹെഡ്ലൈറ്റ്സ്, പിന്നിൽ റിക്ലൈൻ സീറ്റ്, നാലു മേഖലയായി വിഭജിച്ച ക്ലൈമറ്റ് കൺട്രോൾ, 10.2 ഇഞ്ച് ടച് സ്ക്രീൻ, വൈ ഫൈ ഹോട് സ്പോട് — പ്രോ സർവീസ്, ആക്ടിവിറ്റി കീ തുടങ്ങിയവയൊക്കെ ജെ എൽ ആർ വാഗ്ദാനം ചെയ്യുന്നു.  ഇന്ത്യൻ നിർമിത ‘എഫ് പേസി’നുള്ള ബുക്കിങ് ആരംഭിച്ചെന്നും പുതിയ കാറുകൾ ഈ മാസാവസാനത്തോടെ ഉടമകൾക്കു കൈമാറുമെന്നും ജെ എൽ ആർ ഇന്ത്യ അറിയിച്ചു.