പരിഷ്കരിച്ച ഡ്രീം നിയോ

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) 110 സി സി മോട്ടോർ സൈക്കിളായ ‘ഡ്രീം നിയോ’യുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. 2013ൽ ഇന്ത്യയിലെത്തിയ ബൈക്കിനു കാഴ്ചയിലുള്ള മാറ്റങ്ങൾ മാത്രം വരുത്തിയാണു കമ്പനി 2016 വകഭേമാക്കി പരിഷ്കരിച്ചത്. ‘2016 ഡ്രീം നിയോ’യുടെ വിലയിലും മാറ്റമില്ല; ഡൽഹി ഷോറൂമിൽ 49,070 രൂപ. മൂന്നു നിറങ്ങളിൽ പുതിയ ഗ്രാഫിക്സോടെയാണു പരിഷ്കരിച്ച ‘ഡ്രീം നിയോ’യുടെ വരവ്: ബ്ലാക്ക് വിത്ത് ബ്ലൂ സ്ട്രൈപ്സ്, ഇംപീരിയൽ റെഡ് മെറ്റാലിക്, ജീനി ഗ്രേ മെറ്റാലിക്. ഒപ്പം നിലവിലുള്ള ബ്ലാക്ക് വിത്ത് റെഡ് സ്ട്രൈപ്സ് നിലനിർത്തിയിട്ടുമുണ്ട്. ഇന്ധന ടാങ്കിൽ ത്രിമാന എംബ്ലം ഇടംപിടിച്ചതും ക്രോം പ്ലേറ്റഡ് മഫ്ളർ പ്രൊട്ടക്ടർ ഘടിപ്പിച്ചതുമൊക്കെയാണു മറ്റു പരിഷ്കാരങ്ങൾ.

അതേസമയം സാങ്കേതിക വിഭാഗത്തിൽ ഹോണ്ട മാറ്റമൊന്നും വരുത്തിയിട്ടില്ല; 109.2 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണു പരിഷ്കരിച്ച ‘ഡ്രീം നിയോ’യിലുമുള്ളത്. 7500 ബി എച്ച് പിയിൽ പരമാവധി 8.25 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 8.6 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി)യുടെ പിൻബലമുള്ള എൻജിന് ലീറ്ററിന് 74 കിലോമീറ്ററാണ് എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പുതുവർഷത്തിൽ കൂടുതൽ ആക്രമണോത്സുകത കൈവരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണു മോട്ടോർ സൈക്കിൾ ശ്രേണിയിൽ പരിഷ്കരികാരങ്ങൾ നടപ്പാക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ‘ഡ്രീം നിയോ’യുടെ പരിഷ്കരിച്ച പതിപ്പുമായി പുതിയ സാമ്പത്തിക വർഷത്തിനു തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പരിഷ്കരിച്ച ‘ഡ്രീം നിയോ’ വിപണിയിൽ ആവേശം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.