പുതുവർണപ്പകിട്ടിൽ ‘ആക്ടീവ ഐ’; വില 50,255 രൂപ

ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ ഐ’ മൂന്നു പുതിയ നിറങ്ങളിൽ കൂടി വിൽപ്പനയ്ക്കെത്തിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) തീരുമാനിച്ചു. പുതുമകളുമായി വിപണിയിലെ പഴ്സനെൽ കോംപാക്ട് സ്കൂട്ടർ വിഭാഗത്തിലിറങ്ങുന്ന ഈ ‘ആക്ടീവ ഐ’ ഇക്കൊല്ലം എച്ച് എം എസ് ഐ അവതരിപ്പിക്കുന്ന ഏഴാമത്തെ പുതിയ മോഡലാണ്. ഓട്ടമാറ്റിക് സ്കൂട്ടർ വിപണിയിൽ ‘ആക്ടീവ’യ്ക്കുള്ള മേധാവിത്തം നിലനിർത്താൻ ലക്ഷ്യമിട്ടാണു പുതിയ ‘ആക്ടീവ ഐ’യുടെ വരവ്.

പേൾ ട്രാൻസ് യെലോ, കാൻഡി ജാസി ബ്ലൂ എന്നിവയ്ക്കൊപ്പം ‘ആക്ടീവ ഐ’യുടെ അടിസ്ഥാന വകഭേദം ഇനി പേൾ അമസിങ് വൈറ്റ്, ബ്ലാക്ക് നിറങ്ങളിലുമാണു വിൽപ്പനയ്ക്കുണ്ടാവുക. ‘2016 ആക്ടീവ ഐ’യ്ക്ക് 50,255 രൂപയാണു മുംബൈ ഷോറൂമിലെ വില. കാഴ്ചയിലെ പുതുമയ്ക്കപ്പുറം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു പരിഷ്കരിച്ച ‘ആക്ടീവ ഐ’യുടെ വരവ്. സ്കൂട്ടറിന് കരുത്തേകുക ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി)യുടെ പിൻബലമുള്ള 110 സി സി എൻജിനാവും. 7,500 ആർ പി എമ്മിൽ പരമാവധി എട്ടു ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ 8.74 എൻ എം വരെ കരുത്തുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.