ഇസൂസു ‘ഡി മാക്സ് വി ക്രോസ്’ , വില 12.49 ലക്ഷം

Isuzu D-MAX V- Cross

ജാപ്പനീസ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ഇസൂസു മോട്ടോഴ്സിന്റെ അഡ്വഞ്ചർ യൂട്ടിലിറ്റി വാഹനമായ ‘ഡി മാക്സ് വി ക്രോസി’നുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങി. 12.49 ലക്ഷം രൂപയാണു ‘ഡി മാക്സ് വി ക്രോസി’നു ചെന്നൈയിലെ ഷോറൂം വില. ജൂലൈയോടെ ‘ഡി മാക്സ് വി ക്രോസ്’ ഉടമകൾക്കു കൈമാറുമെന്നാണ് ഇസൂസുവിന്റെ വാഗ്ദാനം.
കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് ഇസൂസു മോട്ടോഴ്സ് ‘ഡി മാക്സ് വി ക്രോസ്’ പ്രദർശിപ്പിച്ചത്. ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിൽ പ്രവർത്തനം ആരംഭിച്ച അത്യാധുനിക ശാലയിലാണ് കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ‘ഡി മാക്സ് വി ക്രോസ്’ നിർമിച്ചത്.

Isuzu D-MAX V- Cross

കരുത്തേറിയ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെയാണ് ‘ഡി മാക്സ് വി ക്രോസി’ന്റെ വരവ്. ‘ഷിഫ്റ്റ് ഓൺ ഫ്ളൈ’ വ്യവസ്ഥയിൽ ഫോർ വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്. കൂടിയ വേഗത്തിലും വളവും തിരിവും നിറഞ്ഞ വഴിയിലുമൊക്കെ മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കാൻ ഐ ഗ്രിപ്(ഇസൂസു ഗ്രാവിറ്റി റസ്പോൺസ് ഇന്റലിജന്റ് പ്ലാറ്റ്ഫോം) സാങ്കേതിക വിദ്യയുടെ പിൻബലമുള്ള ഷാസി ഫ്രെയിമാണ് ‘ഡി മാക്സ് വി ക്രോസി’ന്. ആധുനിക സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാണ് ഇസൂസു പുതിയ മോഡൽ അവതരിപ്പിക്കുന്നത്; ശരീരപ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ രൂപകൽപ്പന ചെയ്ത സീറ്റ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ സഹിതം ഇലക്ട്രോ ലൂമിനസന്റെ മീറ്റർ എന്നിവയൊക്കെ ‘ഡി മാക്സ് വി ക്രോസി’ലുണ്ട്.

Isuzu D-MAX V- Cross

ഇതോടൊപ്പം റഗുലർ കാബ് പിക് അപ്പായ ‘ഡി മാക്സി’ന്റെ പുതുതലമുറ മോഡലിന്റെ ബുക്കിങ്ങിനും ഇസൂസു മോട്ടോഴ്സ് തുടക്കം കുറിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിനായി രൂപകൽപ്പന ചെയ്ത ഈ ‘ഡി മാക്സ്’ വാണിജ്യ വാഹനമായും റജിസ്റ്റർ ചെയ്യാമെന്നതാണു നേട്ടം.