Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കെ യു വി 100’ വാർഷിക പതിപ്പുമായി മഹീന്ദ്ര

kuv-100-new-avatar KUV100 Anniversary Edition

‘കെ യു വി 100’ ആദ്യ വാർഷികം ആഘോഷിക്കുന്നതു പ്രമാണിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഈ ചെറു എസ് യു വിക്കു പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നു. മുന്തിയ വകഭേദമായ ‘കെ എയ്റ്റ്’ ആധാരമാക്കിയാവും മഹീന്ദ്ര ‘കെ യു വി 100 വാർഷിക പതിപ്പ്’ സാക്ഷാത്കരിക്കുക. ഫ്ളംബോയന്റെ റോഡ്, ഡാസ്ലിങ് സിൽവർ വർണങ്ങൾക്കൊപ്പം മെറ്റാലിക് ബ്ലാക്ക് റൂഫോടെയാവും ‘കെ യു വി 100 ആനിവേഴ്സറി എഡീഷ’ന്റെ വരവ്. വലിപ്പമേറിയ 15 ഇഞ്ച് അലോയ് വീലും അകത്തളത്തിൽ ബ്ലാക്ക് ആൻഡ് പ്രീമിയം തീമുമാണ് വാഹനത്തിന്റെ മറ്റു സവിശേഷതകൾ.

ഇതിനു പുറമെ ‘കെ യു വി 100’ കെ സിക്സ്, കെ സിക്സ് പ്ലസ് വകഭേദങ്ങൾ സ്പൈഡർ ഡിസൈൻ അലോയ് വീലോടെ വിൽപ്പനയ്ക്കെത്തിക്കാനും മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ആദ്യ വാർഷികം പ്രമാണിച്ച് ‘കെ യു വി 100’ ഉടമകൾക്ക് നാല് അക്സസറി കിറ്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്: സ്പോർടി (എക്സ്റ്റീരിയർ, ഇന്റീരിയർ), പ്രീമിയം(എക്സ്റ്റീരിയർ, ഇന്റീരിയർ). വാഹനത്തിനു കൂടുതൽ കാഴ്ചപ്പകിട്ട് സമ്മാനിക്കുന്ന വ്യത്യസ്ത അക്സസറികളാണ് ഈ കിറ്റുകളുടെ ഉള്ളടക്കം. ഡൽഹി ഷോറൂമിൽ 4.58 ലക്ഷം രൂപ മുതലാണു ‘കെ യു വി 100’ ശ്രേണിയുടെ വില തുടങ്ങുന്നത്; പുതിയ വാർഷിക പതിപ്പിന് 6.37 ലക്ഷം രൂപയാണ് വില. സാധാരണ ‘കെ എയ്റ്റി’നെ അപേക്ഷിച്ച് 13,000 രൂപ അധികമാണിത്. രാജ്യമെങ്ങുമുള്ള മഹീന്ദ്ര ഷോറൂമുകളിൽ ‘കെ യു വി 100 ആനിവേഴ്സറി എഡീഷനു’ള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിൽ അരങ്ങേറിയ ‘കെ യു വി 100’ ഇതുവരെ 42,000 യൂണിറ്റിലേറെ വിറ്റുപോയെന്നാണു മഹീന്ദ്രയുടെ കണക്ക്. എസ് യു വികളിൽ പുത്തൻ വിഭാഗം സൃഷ്ടിക്കാൻ കമ്പനി നടത്തിയ ശ്രമത്തെ പിന്തുണച്ച് ‘കെ യു വി 100’ ഉടമസ്ഥരായവർക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ നന്ദി രേഖപ്പെടുത്തി. എസ് യുവിയുടെ കാഴ്ചപ്പകിട്ടും കോംപാക്ട് കാറിന്റെ പ്രായോഗികതയും സമന്വയിക്കുന്ന ‘കെ യു വി 100’ മുടക്കുന്ന പണത്തിനു മികച്ച മൂല്യമാണു വാഗ്ദാനം ചെയ്യുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.  

Your Rating: