‘വാഗൻ ആറി’ൽ ‘വി എക്സ് ഐ പ്ലസു’മായി മാരുതി

Wagon R VXi Plus

കോംപാക്ട് സെഡാനായ ‘സ്വിഫ്റ്റ് ഡിസയറി’നു പ്രത്യേക പതിപ്പ് അവതരിപ്പിച്ച പിന്നാലെ ‘ടോൾബോയ്’ രൂപകൽപ്പനയുള്ള ‘വാഗൻ ആറി’നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുത്തൻ മുന്തിയ വകഭേദം പുറത്തിറക്കി. ‘വാഗൻ ആർ വി എക്സ് ഐ പ്ലസ്’ എന്ന മോഡൽ ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭ്യമാവുമെന്നു കമ്പനി അറിയിച്ചു. 4.69 ലക്ഷം മുതൽ 5.36 ലക്ഷം രൂപ വരെയാണു കാറിന്റെ വിവിധ വകഭേദങ്ങൾക്കു ഡൽഹി ഷോറൂമിൽ വില.  ഇതുവരെ 19 ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പന കൈവരിച്ച കാറാണു ‘വാഗൻ ആറെ’ന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. എങ്കിലും കൂടുതൽ സുഖവും സൗകര്യവും ആധുനിക സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെട്ട രൂപകൽപ്പനയുമൊക്കെ ആഗ്രഹിക്കുന്ന പുതിയ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ‘വാഗൻ ആർ വി എക്സ് ഐ പ്ലസ്’ എത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അകത്തളത്തിലും പുറമേയുമുള്ള ഒട്ടേറെ പുതുമകളോടെയാണു ‘വാഗൻ ആർ വി എക്സ് ഐ പ്ലസി’ന്റെ വരവെന്നും കാൽസി അവകാശപ്പെട്ടു. ‘വാഗൻ ആർ’ ബ്രാൻഡിനു കൂടുതൽ കരുത്തു പകരാനും മാരുതി സുസുക്കിയുടെ വിപണി വിഹിതം വർധിപ്പിക്കാനും ഈ പുതുവകഭേദത്തിനു സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രൊജക്ടർ ഹെഡ്ലാംപ്, പരിഷ്കരിച്ച മുൻഗ്രിൽ, അലോയ് വീൽ, സൈഡ് സ്കർട്ട് തുടങ്ങിയവയാണു കാറിന്റെ പുറത്തെ പുതുമകൾ. ഇരട്ട വർണ സങ്കലനത്തിലെത്തുന്ന കാറിനു പകിട്ടേകാൻ പിയാനൊ ബ്ലാക് ഫിനിഷും മാരുതി സുസുക്കി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഓപ്ഷനൽ വ്യവസ്ഥയിൽ ഇരട്ട എയർ ബാഗുകളും ഇലക്്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും കാറിൽ ലഭ്യമാവും.നടപ്പു സാമ്പത്തിക വർഷം ഡിസംബർ വരെ 1,31,756 ‘വാഗൻ ആർ’ വിറ്റെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. 2015ൽ ‘വാഗൻ ആറി’ൽ മാരുതി സുസുക്കി ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) സാങ്കേതികവിദ്യ ലഭ്യമാക്കിയിരുന്നു. മിഡ്നൈറ്റ് ബ്ലൂ കൂടിയെത്തിയതോടെ മൊത്തം ഏഴു നിറങ്ങളിൽ കാർ വിൽപ്പനയ്ക്കുണ്ട്.
പുതിയ ‘വാഗൻ ആർ വി എക്സ് ഐ പ്ലസ്’ വകഭേദങ്ങളുടെ വില(ഡൽഹി ഷോറൂമിൽ, രൂപയിൽ) ഇപ്രകാരമാണ്:

‘വാഗൻ ആർ വി എക്സ് ഐ പ്ലസ്’ (മാനുവൽ)— 4,69,840
‘വാഗൻ ആർ വി എക്സ് ഐ പ്ലസ്’ (ഒ) (മാനുവൽ) — 4,89,072
‘വാഗൻ ആർ വി എക്സ് ഐ പ്ലസ്’ (എ എം ടി) — 5,17,253
‘വാഗൻ ആർ വി എക്സ് ഐ പ്ലസ്’ (ഒ) (എ എം ടി) — 5,36,486.