മെഴ്സിഡീസ് എഎംജി എസ്എൽസി 43 ഇന്ത്യയിൽ

മെഴ്സി‍ഡീസ് ബെൻസിന്റെ ലക്ഷ്വറി റോഡ്സ്റ്റർ എഎംജി എസ്എൽസി 43 ഇന്ത്യയിൽ. 77.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വില. ഈ വർഷം ആദ്യം നടന്ന ഡിട്രോയിഡ് മൊട്ടോർഷോയിൽ പ്രദർശിപ്പിച്ച വാഹനം രാജ്യന്തര വിപണിയിൽ പുറത്തിറങ്ങി ആറു മാസത്തിന് ശേഷമാണ് ഇന്ത്യയിലെത്തുന്നത്. എസ്എൽകെ എഎംജി 55 ന് പകരക്കാരനായി എത്തുന്ന വാഹനത്തിന് മുൻഗാമിയെ വെല്ലുന്ന പെർഫോമൻസാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്പോർട്ടിയും സ്റ്റൈലിഷുമായ രൂപകൽപ്പനയമാണ് വാഹനത്തിന്റെ പ്രത്യേകത. രണ്ടു സീറ്റർ കൺവേർട്ടബിളായ വാഹനം 40 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുമ്പോഴും റൂഫ് തുറക്കുകയും അടക്കുകയും ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. 3 ലീറ്റർ വി6 ബൈ-ടർബോ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 367 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കും ഉത്പാദിപ്പിക്കും വാഹനം. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 4.7 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന കാറിന്റെ പരമാവധി വേഗത 250 കിലോമീറ്ററിൽ നിജപ്പെടുത്തിയിരിക്കുന്നു.