ഹോണ്ട ഡിയോ പുതിയ മോഡൽ വിപണിയിൽ

ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ 2002ൽ വിപണിയിലിറക്കിയ ഡിയോയുടെ 2016 മോഡൽ വിൽപനയ്‌ക്കെത്തി. ഡിയോയുടെ വിൽപന രാജ്യത്ത് 10 ലക്ഷം പിന്നിട്ടതു പ്രമാണിച്ചാണ് 3ഡി എംബ്ലത്തോടുകൂടി മാറ്റ് ആക്സിസ് ഗ്രേ നിറത്തിലുള്ള പുതിയ മോഡൽ വിപണിയിലെത്തിച്ചത്. വിലയിൽ മാറ്റമില്ല. 48,264 രൂപയാണ് ഡൽഹി ഷോറൂം വില.

ഒപ്പം നിലവിലുള്ള ജാസി ബ്ലൂ മെറ്റാലിക്, കാൻഡി പാം ഗ്രീൻ, സ്പോർട്സ് റെഡ്, ബ്ലാക്ക് നിറങ്ങളിലും പരിഷ്കരിച്ച ‘ഡിയോ’ ലഭ്യമാവും.  കൃത്യമായ ഇടവേളകളിൽ നിലവിലുള്ള മോഡലുകൾ പരിഷ്കരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണു നവീകരിച്ച ‘ഡിയോ’യുടെ വരവെന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അറിയിച്ചു. ഇക്കൊല്ലം ഹോണ്ട അവതരിപ്പിക്കുന്ന ആറാമത്തെ പുതിയ മോഡലാണു നവീകരിച്ച ‘ഡിയോ’ എന്നും അദ്ദേഹം വെളിപ്പെടുത്തി. മാറ്റ് ആക്സിസ് ഗ്രേ എന്ന പുതുവർണവും പ്രീമിയം സ്പർശമുള്ള ത്രിമാന ചിഹ്നവും ചേരുന്നതോടെ നവീകരിച്ച ‘ഡിയോ’ ഏറെ ആകർഷകമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്തെ ആദ്യ ‘മോട്ടോ സ്കൂട്ടർ’ എന്ന വിശേഷണത്തോടെ 2002ലാണു ഹോണ്ട ഇന്ത്യൻ വിപണിയിൽ ‘ഡിയോ’ അവതരിപ്പിച്ചത്. തുടർന്നിങ്ങോട്ടു രാജ്യത്തു മികച്ച വിൽപ്പന നേടി മുന്നേറുന്ന സ്കൂട്ടറുകൾക്കൊപ്പമായിരുന്നു ‘ഡിയോയുടെ സ്ഥാനം. ഒപ്പം ഇന്ത്യയിൽ നിന്ന് ഹോണ്ട ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന മോഡലും ‘ഡിയോ’ തന്നെ. അയൽരാജ്യങ്ങളായ ശ്രീലങ്കയ്ക്കും നേപ്പാളിനും പുറമെ ലാറ്റിൻ അമേരിക്കയിലെ കൊളംബിയയിലേക്കും ദക്ഷിണ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലേക്കും വരെ ഇന്ത്യയിൽ നിർമിച്ച ‘ഡിയോ’ പോകുന്നുണ്ട്. പരിഷ്കാരങ്ങളോടെ എത്തുന്ന ‘2016 ഡിയോ’യുടെ സാങ്കേതിക വിഭാഗത്തിൽ പക്ഷേ ഹോണ്ട മാറ്റമൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെ 109.2 സി സി, ഫോർ സ്ട്രോക്ക്, എയർ കൂൾഡ് എൻജിൻ തന്നെയാണു സ്കൂട്ടറിനു കരുത്തേകുന്നത്; പരമാവധി എട്ടു ബി എച്ച് പി കരുത്തും 8.77 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി)യുടെ പിൻബലമുള്ളതിനാൽ ‘ഡിയോ’യ്ക്കു മികച്ച ഇന്ധനക്ഷമതയും എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്നു.