‘മൈക്ര’യ്ക്കു പുതുനിറമായി ‘സൺഷൈൻ ഓറഞ്ച്’

കോംപാക്ട് ഹാച്ച്ബാക്കായ ‘മൈക്ര’യ്ക്ക് ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഇന്ത്യ പുതുവർണ പകിട്ടേകി; സൺഷൈൻ ഓറഞ്ച് നിറത്തിലെത്തുന്ന ‘മൈക്ര’യുടെ അകത്തളം കറുപ്പിലാണു സജ്ജീകരിച്ചിരിക്കുന്നത്. ‘മൈക്ര’യ്ക്കു പുറമെ ‘മൈക്ര ആക്ടീവും’ പുതിയ നിറത്തിൽ വിൽപ്പനയ്ക്കുണ്ടാവും. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ‘മൈക്ര’യ്ക്ക് യഥാക്രമം 4.55 ലക്ഷം രൂപയും 5.99 ലക്ഷം രൂപയുമാണു ഷോറൂം വില. വിലയുടെയും സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയുമൊക്കെ കാര്യത്തിൽ ആകർഷകമായ ‘മൈക്ര’യ്ക്കു കൂടുതൽ കാഴ്ച്ചപ്പകിട്ടേകാൻ ‘സൺഷൈൻ ഓറഞ്ച്’ നിറത്തിനു കഴിയുമെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു. പുറത്തെ നിറപ്പകിട്ടിനോട് ഒത്തു പോകാനാണ് അകത്തളത്തിന്റെ നിറം യൂറോപ്യൻ ശൈലിയിൽ പൂർണമായും കറുപ്പിലാക്കിയത്.

കാർ വിലയിൽ മാറ്റമില്ലാതെയാണു പുതിയ നിറം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കാറിനു കാഴ്ചപ്പകിട്ട് ആഗ്രഹിക്കുന്നവർക്കിടയിൽ ഓറഞ്ച് നിറം ജനപ്രിയമാണെന്നാണു നിസ്സാൻ ഇന്ത്യയുടെ വിലയിരുത്തൽ. കൂടാതെ ഇന്ത്യയിൽ ഉത്സവാഘോഷങ്ങളുടെ പ്രതീകവുമാണ് ഓറഞ്ച് നിറം. ‘സൺഷൈൻ ഓറഞ്ചി’നു പുറമെ ബ്രിക്ക് റെഡ്, ടർക്വോയ്സ് ബ്ലൂ, ബ്ലേഡ് സിൽവർ, ഓണിക്സ് ബ്ലാക്ക്, നൈറ്റ്ഷേഡ്, സ്റ്റോം വൈറ്റ് നിറങ്ങളിലും ‘മൈക്ര’ വിപണിയിലുണ്ട്.

കാറിനുള്ളിലാവട്ടെ മധ്യത്തിലെ കൺസോൾ പിയാനൊ ബ്ലാക്ക് ഫിനിഷുള്ള കറുപ്പ് കൺസോളിനു പുറമെ കറുപ്പ് ഡോർ ട്രിം, നീല തയ്യൽ സഹിതം കറുപ്പ് സീറ്റ് ഫാബ്രിക് തുടങ്ങിയവയും നിസ്സാൻ ലഭ്യമാക്കുന്നു. ‘മൈക്ര ആക്ടീവി’ലും കറുപ്പ് ഇൻസ്ട്രമെന്റ് പാനലും കറുപ്പ് സീറ്റ് ഫാബ്രിക്കും സിൽവർ നിറത്തിലുള്ള ഡോർ ആം റെസ്റ്റ് ഫിനിഷറും ഇടംപിടിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘മൈക്ര’ വിപണിയിലുണ്ട്. ‘എക്സ്ട്രോണിക് സി വി ടി’ ട്രാൻസ്മിഷനുള്ള ‘മൈക്ര’യ്ക്ക് മാനുവൽ ട്രാൻസ്മിഷനുള്ള മോഡലിനെ അപേക്ഷിച്ച് അധിക ഇന്ധനക്ഷമതയും നിസ്സാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.