‘ജിക്സറി’നു ‘സ്പെഷൽ’ പതിപ്പുകളുമായി സുസുക്കി

ഉത്സവകാലത്തെ വരവേൽക്കാൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) ‘ജിക്സറി’ന്റെ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി. പിന്നിൽ ഡിസ്ക് ബ്രേക്കുള്ള വകഭേദങ്ങളാണു ‘ജിക്സർ എസ് പി’, ‘ജിക്സർ എസ് എഫ് എസ് പി’ എന്നീ പുതുപതിപ്പുകളിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. ‘സ്പെഷൽ’ എന്നതിന്റെ ചുരുക്കെഴുത്താണ് ഇരു മോഡലുകളുടെയും പേരിലെ ‘എസ് പി’.റേസിങ്ങിൽ നിന്നു പ്രചോദിതമായ ഗ്രാഫിക്സോടെയാണ് ‘ജിക്സർ എസ് പി’യുടെയും ‘ജിക്സർ എസ് എഫ് എസ് പി’യുടെയും വരവ്; സവിശേഷമായ ‘ജിക്സർ എസ് പി’ എംബ്ലവും ഇരു ബൈക്കുകളുടെയും സവിശേഷതയാണ്. മറൂൺ നിറമുള്ള സീറ്റോടെ എത്തുന്ന ബൈക്കുകളിലെ ക്ലിയർ ലെൻസ് എൽ ഇ ഡി ടെയിൽ ലാംപുകളും കാഴ്ചപ്പകിട്ട് വർധിപ്പിക്കുന്നു.

മാറ്റ് ഫിബ്രൊയ്ൻ ഗ്രേ, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്(എ ആർ ഫോർ) നിറങ്ങളിൽ ലഭ്യാവുന്ന ‘ജിക്സർ എസ് പി’ക്കും ‘ജിക്സർ എസ് എഫ് എസ്പി’ക്കും ഡൽഹി ഷോറൂമിൽ യഥാക്രമം 80,726 രൂപയും 88,857 രൂപയുമാണു വില. പ്രത്യേക പതിപ്പുകളിലൂടെ ‘ജിക്സർ’ ശ്രേണി വിപുലീകരിക്കാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്ന് എസ് എം ഐ പി എൽ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അറിയിച്ചു. കരുത്തുറ്റ പ്രകടനവും സ്പോർടി രൂപകൽപ്പനയുമൊക്കെ ചേർന്നാണു ‘ജിക്സറി’നെ ഏറെ സ്വീകാര്യതയും അംഗീകാരവുമുള്ള സ്ട്രീറ്റ് സ്പോർട്സ് ബൈക്കാക്കി മാറ്റിയത്.

ഇന്ത്യൻ യുവാക്കളും ‘ജിക്സറി’നു മികച്ച വരവേൽപ്പാണു നൽകിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘ജിക്സറി’ന്റെയും ‘ജിക്സർ എസ് എഫി’ന്റെയും പ്രത്യേക പതിപ്പുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ‘ജിക്സർ എസ് എഫ് — എഫ് ഐ’യും രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ എസ് എം ഐ പി എൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. മോട്ടോ ജിപി നിറക്കൂട്ടോടെയാണു ബൈക്ക് വിൽപ്പനയ്ക്കുള്ളത്.