ബി എസ് നാല് എൻജിനോടെ ടി വി എസ് ‘വീഗോ’

TVS Wego

ടി വി എസ് മോട്ടോർ കമ്പനിയുടെ ഗീയർരഹിത സ്കൂട്ടറായ ‘വീഗോ’ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള എൻജിനോടെ വിൽപ്പനയ്ക്കെത്തി. പരിഷ്കരിച്ച ‘വീഗോ’ രണ്ടു പുതിയ നിറങ്ങളിലും വിപണിയിലുണ്ട്: മെറ്റാലിക് ഓറഞ്ചും ടി ഗ്രേയും. ഇരട്ട വർണ സീറ്റ് കവർ, സിൽവർ ഓക് പാനൽ, യു എസ് ബി ചാർജിങ് പോയിന്റ് എന്നിവയോടെ എത്തുന്ന നവീകരിച്ച ‘വീഗോ’യ്ക്ക് 50,434 രൂപയാണു ഡൽഹിയിലെ ഷോറൂമിൽ വില.

ഗുണനിലവാരത്തിൽ കമ്പനിക്കുന്ന നിതാന്ത ജാഗ്രതയുടെ പ്രതിഫനമാണു ‘വീഗോ’യെന്നു ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) അനിരുദ്ധ ഹാൽദാർ അഭിപ്രായപ്പെട്ടു. ജെ ഡി പവർ ഏഷ്യ പസഫിക് ക്വാളിറ്റി സർവേയിൽ തുടർച്ചയായ രണ്ടാം വർഷവും ‘വീഗോ’യ്ക്ക് എക്സിക്യൂട്ടീവ് സ്കൂട്ടർ വിഭാഗത്തിലെ ഒന്നാം സ്ഥാനം നിലനിർത്താനായതും ഗുണമേന്മയോടുള്ള ഈ ആഭിമുഖ്യം മൂലമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

സിങ്ക് ബ്രേക്കിങ് സംവിധാനം, പൂർണമായും ഡിജിറ്റൽ രീതിയിലുള്ള സ്പീഡോമീറ്റർ എന്നിവയെല്ലാമാണു മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള എൻജിനോടെ എത്തുന്ന പുതിയ ‘വീഗോ’യുടെ സവിശേഷതകൾ. തുടക്കത്തിൽ തിരഞ്ഞെടുത്ത ഷോറൂമുകളിൽ വിൽപ്പനയ്ക്കുള്ള പുതിയ ‘വീഗോ’ വൈകാതെ രാജ്യവ്യാപകമായി ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.