‘സ്കൂട്ടി സെസ്റ്റി’ന് ‘ഹിമാലയൻ ഹൈസ്’ പതിപ്പ്

അനാം ഹാഷിം എന്ന വനിതാ റൈഡറുടെ സാരഥ്യത്തിൽ ഖർദുംഗ്ല ചുരം കീഴടക്കിയതിന്റെ ആഘോഷമായി ടി വി എസ് മോട്ടോർ കമ്പനി ‘സ്കൂട്ടി സെസ്റ്റ് 110’ സ്കൂട്ടറിന്റെ പരിമിതകാല പതിപ്പായി ‘ഹിമാലയൻ ഹൈസ് എഡീഷൻ’ പുറത്തിറക്കി. ഹിമാലയസാനുക്കളിലെ ഖർദുംഗ്ല ചുരം കയറിയ ആദ്യ 110 സി സി സ്കൂട്ടറെന്ന നിലയിൽ ‘സ്കൂട്ടി സെസ്റ്റ് 110’ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചിരുന്നു. രാജ്യത്തു വാഹന ഗതാഗതം സാധ്യമായ നിരത്തുകളിൽ ഏറ്റവും ദുർഘടവും ഉയരമേറിയതുമായ മേഖലയാണ് ഖർദുംഗ്ല ചുരം. ജമ്മു കശ്മീരിലെ ലഡാക് മേഖലയുടെ തലസ്ഥാനമായ ലേ പട്ടണത്തിനു വടക്കായി, ഷിയോക് — നുബ്ര താഴ്വരകളിലേക്കും മഞ്ഞുമൂടിയ സിയാചിൻ ഹിമാനിയിലേക്കുമുള്ള യാത്രയ്ക്കായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമിച്ചു പരിപാലിക്കുന്ന ‘ഹിമാങ്ക്’ പാതയിലാണ് ഖർദുംഗ് ലാ(‘ലാ’ എന്ന വാക്കിനു തിബത്തൻ ഭാഷയിൽ ചുരം എന്ന് അർഥം). സമുദ്ര നിരപ്പിൽ നിന്ന് 5,359 മീറ്റർ(അഥവാ 17,592 അടി) ഉയരത്തിലാണു ഖർദുംഗ്ല ചുരം; പക്ഷേ ഈ ഭാഗത്തെ ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉയരം 5,602 മീറ്റർ(അഥവാ 18,379 അടി) എന്നാണ്. അതുകൊണ്ടുതന്നെ, ലോകത്തിലെ തന്നെ വാഹന ഗതാഗതം സാധ്യമായ നിരത്തുകളിൽ ഏറ്റവും ഉയരം ഖർദുംഗ്ലയ്ക്കാണെന്ന അവകാശവാദവും സാധാരണമാണ്.

‘സ്കൂട്ടി സെസ്റ്റ്’ ഉടമയായ അനാം ഹാഷിം(21) വിജയകരമായി ഖർദുംഗ്ല ചുരം കീഴടക്കിയതോടെയാണ് ‘സെസ്റ്റ് 110’ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചതെന്ന് ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) അനിരുദ്ധ ഹൽദാർ വിശദീകരിക്കുന്നു. ആധുനിക വനിതകൾക്കായി ഈ യാത്രാനുഭവം തുടരാനുള്ള ഉദ്യമത്തിന്റെ ഭാഗമാണു ‘സ്കൂട്ടി’യുടെ ഈ പരിമിതകാല പതിപ്പെന്നും ഹൽദാർ വ്യക്തമാക്കുന്നു.കനത്ത വെല്ലുവിളികളെ അതിജീവിച്ചാണ് അനാം ഹാഷിം 20 ദിവസം നീണ്ട യാത്രയ്ക്കൊടുവിൽ ഖർദുംഗ്ല കീഴടക്കിയത്. ‘സ്കൂട്ടി സെസ്റ്റി’ൽ ജമ്മുവിൽ നിന്നു യാത്ര തുടങ്ങിയ ഹാഷിം, ശ്രീനഗർ, കാർഗിൽ, സോജിലാ ചുരം, ലേ വഴിയാണ് പ്രാണവായുവിനു പോലും പഞ്ഞമുള്ള ഖർദുംഗ്ലയിലേക്കു സ്കൂട്ടർ ഓടിച്ചത്.

റൈഡിങ് തന്റെ ഇഷ്ട വിനോദമാണെന്നു പ്രഖ്യാപിക്കുന്ന അനാം ഹാഷിം പുതിയ വെല്ലുവിളികൾ താനേറെ ആസ്വദിക്കുന്നെന്നും വ്യക്തമാക്കുന്നു. ഖർദുംഗ്ല വരെ നീണ്ട യാത്രയിൽ, ഉയരം 10,000 അടിക്കപ്പുറമെത്തിയപ്പോൾ പോലും ‘സ്കൂട്ടി സെസ്റ്റി’ന്റെ എൻജിൻ പണി മുടക്കിയില്ല. മണിക്കൂറുകൾ നീളുന്ന യാത്രയിൽ മികച്ച പ്രകടനമാണു ‘സ്കൂട്ടി സെസ്റ്റ് 110’ കാഴ്ചവച്ചതെന്നും ഹാഷിം സാക്ഷ്യപ്പെടുത്തുന്നു. ഹൈ ബ്രൗൺ നിറത്തിൽ വിൽപ്പനയ്ക്കത്തുന്ന ‘ഹിമാലയൻ ഹൈസ് എഡീഷനി’ൽ ബീജ് പിഗ്മന്റഡ് പാനൽ, പുത്തൻ ടേപ്സെറ്റ്, ബോഡിയുടെ നിറമുള്ള മിറർ, കവർ സ്വിച് പാനൽ എന്നിവയൊക്കെ ടി വി എസ് മോട്ടോർ കമ്പനി ലഭ്യമാക്കുന്നുണ്ട്. 46,113 രൂപയാണു ‘സ്കൂട്ടി സെസ്റ്റ് 110’ പരിമിതകാല പതിപ്പിന് ഡൽഹിയിലെ ഷോറൂം വില.