ഫോക്സ്‌വാഗൻ അമിയോ എത്തി, വില 5.14 ലക്ഷം മുതൽ

Ameo

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗണിന്റെ പുതിയ കോംപാക്റ്റ് സെഡാൻ അമിയോ വിപണിയിലെത്തി. 5.14 ലക്ഷം മുതൽ 6.91 ലക്ഷം വരെയാണ് അമിയോയുടെ മുംബൈ എക്സ്ഷോറൂം വില. നാലു മീറ്ററിൽ താഴെ നീളമുള്ള സബ് കോംപാക്ട് സെഡാൻ വിഭാഗത്തിൽ മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോഡ് ആസ്പെയർ, ഹോണ്ട അമയ്സ് തുടങ്ങിയ വാഹനങ്ങളുമായാണ് അമിയോ ഏറ്റുമുട്ടുക.

Ameo

നിലവിൽ 1.2 ലിറ്റർ‌ പെട്രോൾ എൻജിനുമായാണ് അമിയോ എത്തുന്നത്. 1198 സിസി കപ്പാസിറ്റിയുള്ള എൻജിൻ 5400 ആർപിഎമ്മിൽ 73 ബിഎച്ച്പി കരുത്തും 3750 ആർ‌പിഎമ്മിൽ 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ലിറ്ററിന് 17.83 കിലോമീറ്ററാണ് എആർഎഐ മൈലേജ്. ആന്റി പിഞ്ച് പവർ‌വിന്റോ, ഫ്രണ്ട് സെന്ററൽ ആംറെസ്റ്റ്, ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, സ്റ്റാറ്റിക് കോണറിങ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ സെഗ്മെന്റിൽ ആദ്യമായി നൽകുന്നതും അമിയോയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ സുരക്ഷയ്ക്കായി കാറിന്റെ എല്ലാ വകഭേദത്തിലും മുന്നിൽ ഇരട്ട എയർ ബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ലഭ്യമാണ്.

Ameo

കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണു ഫോക്സ്‌വാഗൻ, അമിയൊ ആഗോളതലത്തിൽ തന്നെ ആദ്യമായി പ്രദർശിപ്പിച്ചത്. ഹാച്ച്ബാക്കായ ‘പോളോ’യ്ക്കും ഇടത്തരം സെഡാനായ ‘വെന്റോ’യ്ക്കുമിടയിൽ ഇടം പിടിക്കുന്ന ‘അമിയൊ’ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.‌ ‘വെന്റോ’യ്ക്കും ‘പോളോ’യ്ക്കും സ്കോഡ ‘റാപിഡി’നുമൊക്കെ അടിത്തറയാവുന്ന അതേ പ്ലാറ്റ്ഫോമിലാണു ഫോക്സ്‌വാഗൻ ‘അമിയൊ’യും സാക്ഷാത്കരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 720 കോടിയോളം രൂപ ചെലവിട്ടാണു ഫോക്സ്‌വാഗൻ പുതിയ കാർ വികസിപ്പിച്ചെടുത്തത്. മിക്കവാറും ജൂലൈയോടെ ‘അമിയൊ’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.