ഫോക്സ്‌വാഗൻ ‘പോളോ’യ്ക്കും ‘വെന്റോ’യ്ക്കും പ്രത്യേക പതിപ്പ്

ഹാച്ച്ബാക്കായ ‘പോളോ’യുടെയും സെഡാനായ ‘വെന്റോ’യുടെയും പ്രത്യേക, പരിമിതകാല പതിപ്പുകൾ അവതരിപ്പിക്കാൻ ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ ഇന്ത്യ തീരുമാനിച്ചു. പ്രത്യേക പതിപ്പുകൾക്ക് ‘പോളോ സെലക്ട്’, ‘വെന്റോ സെലെസ്റ്റ്’ എന്നാണു പേര്; രാജ്യമെങ്ങുമുള്ള ഡീലർഷിപ്പുകളിൽ കാറുകൾ വിൽപ്പനയ്ക്കുണ്ടാവും. ‘പോളോ’യുടെ മാനുവൽ ട്രാൻസ്മിഷനുള്ള ഹൈലൈൻ വകഭേദം അടിസ്ഥാനമാക്കിയാണ് ‘പോളോ സെലക്ട്’ സാക്ഷാത്കരിച്ചിരിക്കുന്നത്; ‘വെന്റോ സെലെസ്റ്റി’ന് അടിത്തറയാവുന്നത് ഹൈലൈൻ ഡി എസ് ജി വകഭേദമാണ്. കൂടാതെ പരിമിതകാല പതിപ്പുകളുടെ വില സംബന്ധിച്ചു വ്യക്തമായ സൂചനയൊന്നുമില്ല; എങ്കിലും ഹൈലൈൻ വകഭേദത്തെ അപേക്ഷിച്ച് 50,000 — 60,000 രൂപ കൂടുതാവുമെന്നാണു വിപണിയുടെ വിലയിരുത്തൽ. സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, മുന്നിൽ ഇരട്ട എയർബാഗ്, കറുപ്പ് നിറത്തിലുള്ള ബോഡി സൈഡ് മോൾഡിങ്, കാർബൺ ഫിനിഷുള്ള ഔട്ടർ റിയർവ്യൂ മിറർ, കറുപ്പ് റൂഫ് ഫോയിൽ എന്നിവ ഇരു മോഡലുകളിലുമുണ്ടാകും.

ഡിറ്റാച്ചബിൾ വിൻഡോ ബ്ലൈൻഡും പുതിയ ടെക്സ്റ്റൈൽ മാറ്റും ഇരുകാറുകളിലുമുണ്ട്. കൂടാതെ ‘പോളോ സെലക്ടി’ൽ ട്രങ്ക് ഗാർണിഷും ‘വെന്റോ സെലെസ്റ്റി’ൽ ട്രങ്ക് ലിപ് സ്പോയ്ലറും ഇടം പിടിക്കും. ‘പോളോ സെലക്ടി’ൽ നാലു സ്കഫ് പ്ലേറ്റും ഫോക്സ്വാഗൻ ലോഗോ പതിച്ച സീറ്റ് കവറുമുണ്ട്. കാർബൺ ഫിനിഷ് സെന്റർ കൺസോൾ സഹിതം ഗുണനിലവാരമേറിയ, പോറലേൽക്കാത്ത ഡാഷ്ബോഡുകളും ഇരു മോഡലുകളിലുമുണ്ട്. ‘വെന്റോ സെലെസ്റ്റി’ലെ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ നാവിഗേഷൻ സഹിതം ബ്ലോപങ്ക് റേഡിയോ ലഭിക്കും; ബ്ലൂടൂത്ത് കണക്ടിവിറ്റി, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയ കൺട്രോൾ എന്നിവയും നിലനിർത്തിയിട്ടുണ്ട്. മറ്റു പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘പോളോ സെലക്ടി’ന്റെയും ‘വെന്റോ സെലെസ്റ്റി’ന്റെയും വരവ്. പരിമിതകാല പതിപ്പിലും ‘പോളോ’യ്ക്കു കരുത്തേകുന്നത് 1.2 ലീറ്റർ എം പി ഐ പെട്രോൾ, 1.5 ലീറ്റർ ടി ഡി ഐ ഡീസൽ എൻജിനുകളാണ്. പെട്രോൾ എൻജിൻ പരമാവധി 74 ബി എച്ച് പി കരുത്തും ഡീസൽ എൻജിൻ 89 ബി എച്ച് പി കരുത്തുമാണു സൃഷ്ടിക്കുക; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

‘വെന്റോ സെലെസ്റ്റി’നു കരുത്തേകുന്നത് 1.6, 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനുകളും 1.5 ലീറ്റർ ടി ഡി ഐ ഡീസൽ എൻജിനുമാണ്. ശേഷിയേറിയ പെട്രോൾ എൻജിന് 104 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും; ഡീസൽ എൻജിന്റെ പരമാവധി കരുത്താവട്ടെ 103 ബി എച്ച് പിയാണ്. അഞ്ചു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.