ക്രേറ്റ എന്ന മിനി എസ് യു വി

ക്രേറ്റ. പേരു കേട്ടാൽ പ്രത്യേകിച്ചൊന്നും പിടികിട്ടുകയില്ലെങ്കിലും വണ്ടി കണ്ടാൽ കണ്ണെടുക്കാൻതോന്നില്ല. സൗകര്യങ്ങളോരോന്നു മനസ്സിലാക്കുമ്പോൾ സ്വന്തമാക്കിയില്ലെങ്കിൽ സങ്കടമാകും. എല്ലാം തികഞ്ഞ എസ് യു വിയുടെ തെല്ലുചെറിയ രൂപം. മാത്രമല്ല ഡീസലിൽ ഓട്ടമാറ്റിക്കുള്ള ഇന്ത്യയിലെ ആദ്യ മിനി എസ് യു വി. 15 ലക്ഷത്തിൽ താഴെ വിലയിൽ ഒരു സുന്ദരൻ എസ് യു വി കിട്ടിയാൽ പുളിക്കുമോ ?വളരെ പ്രതീക്ഷയോടെ ഹ്യുണ്ടേയ് കൊണ്ടുവരുന്ന ക്രേറ്റയ്ക്ക് തെല്ലു രഹസ്യസ്വഭാവം കൂടിയുണ്ട്. അതുകൊണ്ടു തന്നെ വിപുലമായൊരു മീഡിയ ഡ്രൈവെന്ന പതിവു തെറ്റിച്ച് ഒരു വാരാന്ത്യം വളരെക്കുറച്ച് മാധ്യമപ്രവർത്തകർക്കായി ചെറിയൊരു ഡ്രൈവ് ഒരുക്കി. ഹ്യുണ്ടേയ് ടെസ്റ്റ് ട്രാക്കിൽ ആവശ്യത്തിന് ഓടിച്ച് വിധിയെഴുതാനുള്ള അവസരം. ഡീസൽ 1.6 മോഡലിന്റെ ഓട്ടമാറ്റിക്, മാനുവൽ മോഡലുകളാണ് വിലയിരുത്തപ്പെട്ടത്. വളച്ചുകെട്ടുകളില്ലാതെ ഡ്രൈവ് റിപ്പോർട്ടിലേക്ക്:

∙ രൂപകൽപന: ഐ എക്സ് 25 ഹ്യുണ്ടേയ് ഏറ്റവും പുതുതായി നിർമിച്ച വാഹനങ്ങളിലൊന്നാണ്. ചൈനീസ് സംയുക്ത സംരംഭമായ ബെയ്ജിങ് മോട്ടോഴ്സുമായി സഹകരിച്ചുള്ള സൃഷ്ടി. ലോകത്തെ മുന്നിൽക്കണ്ട് ചെറുപ്പക്കാർക്കായി വികസിപ്പിച്ചെടുത്ത വാഹനം ഐ 20 പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. പൊതുവെ നഗര ഉപയോഗത്തിനുള്ള എസ് യു വി. വേണമെങ്കിൽ തെല്ല് ഓഫ് റോഡിങ്ങുമാകാം എന്ന തത്വത്തിൽ അധിഷ്ഠിതമായ മാറ്റങ്ങളും ബലപ്പെടുത്തലുകളും വരുത്തിയിട്ടുണ്ട്. ഏതവസരത്തിലും ശരിയായ ഫോർവീൽ ഡ്രൈവ് മോഡൽക്രേറ്റ വന്നേക്കാമെന്നർത്ഥം.

ഹൈവ് സ്ട്രക്ചർ എന്നു ഹ്യുണ്ടേയ് വിശദീകരിക്കുന്ന രൂപകൽപനാ രീതിയാണ് ക്രേറ്റയ്ക്ക്. ഭാരം തീരെ കുറച്ച് വളരെ ശക്തമായ ബോഡി നൽകുന്ന രീതിയാണിത്. സുരക്ഷ കൂടുന്നതിനൊപ്പം ഇന്ധനക്ഷമതയടക്കമുള്ള പ്രായോഗികതകളും ഉയരുന്നു. ശബ്ദവും വിറയലും നിയന്ത്രിക്കാനുമാവുമെന്നത് മറ്റൊരു മികവ്.

ഹ്യുണ്ടേയ് നിരയിലെ ശ്രദ്ധേയമായ ഓഫ്റോഡർ സാൻറാഫേയുടെ ചെറു രൂപമാണ് കാഴ്ചയിൽ ക്രേറ്റ. മുന്നിൽ നിന്നുള്ള കാഴ്ചയിൽ പെട്ടെന്ന് സാൻറാഫേയാണെന്നൊരു തെറ്റിദ്ധാരണ വന്നേക്കാം. എല്ലാ ഹ്യുണ്ടേയ് കാറുകളുടെയും ഡിസൈൻ മന്ത്രമായ ഫ്ളൂയിഡിക് രൂപകൽപനാ രീതി പിന്തുടരുന്നതാണ് രൂപസാദൃശ്യത്തിനു പിന്നിൽ. സ്കെയിൽ ഡൗൺ ചെയ്ത സാൻറാഫേ രൂപം ക്രേറ്റയ്ക്ക് കാഴ്ചയിൽ വലിയൊരു വാഹനത്തിന്റെ ചേലു നൽകുന്നു. 17 ഇഞ്ച് അലോയ് വീലുകളും ഹെക്സഗനൽ ഗ്രില്ലും കൃത്യതയുള്ള മൂലകളും ഒഴുകിപ്പോകുന്ന വശങ്ങളുമൊക്കെ അന്തസ്സു പകരുന്നുണ്ട്. ഉള്ളിൽ ആഢ്യത്തമുള്ള ഫിനിഷ്. യൂറോപ്യൻ രീതിയാണ്.

പൊതുവെ കറുപ്പ് മുന്നിട്ടു നിൽക്കുന്ന ഫിനിഷിൽ ബെയ്ജ് നിറം ഡാഷ് ബോർഡിലും ഡോർ ട്രിമ്മുകളിലും വന്നത് വിലപ്പിടിപ്പുള്ള വാഹനങ്ങളുടെ ചാരുത നൽകുന്നു. സീറ്റുകളെല്ലാം വളരെ എളുപ്പത്തിൽ കയറാനും ഇറങ്ങാനുമായി രൂപകൽപന ചെയ്തതാണ്. 5 പേർക്കാണ് സുഖമായി ഇരിക്കാനാവുക. മൂന്നാമതു നിരയില്ല. എന്നാൽ ധാരാളം സ്ഥലസൗകര്യമുള്ള ഡിക്കിയുണ്ട്. എ ബി എസ്, ഇ എസ് പി, ആറ് എയർബാഗുകൾ, ആധുനിക സ്റ്റീരിയോ സംവിധാനം എന്നിവയൊക്കെ ഉയർന്ന മോഡലിൽ ലഭിക്കുന്നു.

∙ ഡ്രൈവിങ്: 123 പി എസ് ശക്തിയുള്ള 1.6 ഗാമാ ഡ്യുവൽ വി ടി വി ടി പെട്രോൾ, 128 പി എസ് സി ആർ ഡി എെ ഡീസൽ എന്നിവയ്ക്കു പുറമെ 1.4 ഡീസൽ സി ആർ ഡി ഐ മോഡലുമുണ്ട്. ഡ്രൈവ് ചെയ്തത് 1.6 ഡീസൽ മോഡലുകൾ. സുഖകരമായ ഡ്രൈവിങ് നൽകുന്ന വാഹനമാണ് ക്രേറ്റ. ശബ്ദവും വിറയലും തെല്ലുമില്ലാത്ത എൻജിൻ തന്നെ ഈ മികവിനു പിന്നിൽ. ആറു സ്പീഡ് ഗീയർബോക്സും ആവശ്യത്തിനു ശക്തിയും ക്രേറ്റയെ ഡ്രൈവറുടെ കാറാക്കുന്നു. ഓട്ടമാറ്റിക് മോഡലാണു താരം. അനായാസം ഡ്രൈവ് ചെയ്യാം. നല്ല വേഗത്തിലും കോർണറിങ്ങിലും ഹ്യുണ്ടേയ് ടെസ്റ്റ് ട്രാക്കിൽ ക്രേറ്റ പതറിയില്ല. യാത്രാ സുഖം തെല്ലും കുറവില്ല.

വിലയുടെ കാര്യത്തിലാണ് തീരുമാനം വരാനുള്ളത്. ഹ്യുണ്ടേയ് കാറുകൾ ഒരിക്കലും കുറഞ്ഞ വിലയിൽ വരാറില്ല. ഗുണമേന്മയിൽ വിട്ടു വീഴ്ച ചെയ്യാറുമില്ല. ക്രേറ്റയുടെ വിലയിൽ അത്ഭുതങ്ങൾ തീർക്കാനാണ് ഹ്യുണ്ടേയുടെ ശ്രമമെങ്കിൽ വില ഏഴു ലക്ഷത്തിൽ തുടങ്ങും. കൂടിയ വില 12 ലക്ഷമാകുമെന്നാണ് പൊതുവെയുള്ള നിഗമനം.