Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടുമുദിക്കുന്ന ഭാഗ്യതാരകം

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
Toyota Fortuner Toyota Fortuner

ഇത്ര ഡിമാൻഡുള്ള എസ് യു വികൾ ഇന്ത്യയിലുണ്ടായിട്ടില്ല. പുറത്തിറങ്ങിയ കാലത്ത് ഒറ്റക്കൊല്ലം വരെ കാത്തിരുന്നു സ്വന്തമാക്കിയ വാഹനം: ടൊയോട്ട ഫോർച്യൂണർ. 2008 മുതൽ സജീവ സാന്നിധ്യമായിരുന്ന ഫോർച്യൂണറിന് ഒരുകാലത്തും മങ്ങലേറ്റിരുന്നില്ലെങ്കിലും ടൊയോട്ട ഇക്കൊല്ലം തുടക്കത്തിൽ പരിഷ്കാരങ്ങളുമായി പുതിയൊരു ഫോർച്യൂണർ എത്തിച്ചു.

വിപണിയിൽ വൻപ്രതികരണമായിരുന്നെങ്കിലും ഫോർച്യൂണറിൻറെ ചില്ലറ പോരായ്മകൾ ടൊയോട്ട നന്നായി മനസ്സിലാക്കിയതിൻറെ ഫലമാണ് പുതിയ മോഡൽ. കാഴ്ചയിലും സാങ്കേതികതയിലും മാറ്റങ്ങളുണ്ടായി. ഫോർച്യൂണറിനെപ്പറ്റിയുണ്ടായിരുന്ന മുഖ്യ പരാതി ബ്രേക്കിങ്ങിനെപ്പറ്റിയാണെങ്കിൽ പുതിയ മോഡലിൽ അത്തരമൊരു പരാതിക്ക് ഇടമേയില്ല. ഒരു ഓട്ടമാറ്റിക് വെർഷനില്ലെന്ന കുറവ് ഇപ്പോഴില്ല. ഉൾവശത്തിനു കുറച്ചുകൂടി ആഡംബരം വേണമെന്ന ആവശ്യം നടപ്പാക്കിയത് സ്റ്റീയറിങ് അടക്കം ഇന്നോവയിൽ നിന്നു കടം കൊണ്ട ഘടകങ്ങൾക്കു പകരം കാംമ്രി ഘടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ്. യാത്രാസുഖത്തിൻറെ കുറവിന് ചെറിയൊരു സസ്പെൻഷൻ ഫൈൻ ട്യൂണിങ്ങിലൂടെ പരിഹാരമുണ്ടാക്കി. ഫോർച്യൂണർ ഓട്ടമാറ്റിക് ടെസ്റ്റ്ഡ്രൈവിലേക്ക്.

∙ രൂപകൽപന: അരക്കോടി മുടക്കി ലാൻഡ് ക്രൂസറും ലെക്സസുമൊക്കെ വാങ്ങനാവാത്ത ടൊയോട്ട ഭ്രാന്തന്മാർക്ക് ഏതാണ്ടത്ര തന്നെ ജാഡയും ചന്തവുമുള്ള വണ്ടിയാണ് ഫോർച്യൂണർ. കണ്ടാൽ ലാൻഡ് ക്രൂസർ പോലെ തോന്നിക്കുന്ന, ടൊയോട്ടയുടെ ലോഗോയുള്ള, ഫോർച്യൂണർ. പ്രൈസ് ടാഗ് 20 ലക്ഷം. ഷാസിയിൽ ബോഡിയുറപ്പിച്ച, താരതമ്യേന വിലക്കുറവുള്ള പഴയതലമുറ എസ് യു വികളിൽ ഫോഡ് എൻഡവറിനും മിത്സുബിഷി പജീറൊയ്ക്കും തനി നാടൻ ടാറ്റാ ആര്യയ്ക്കും സഫാരിക്കുമൊക്കെ ഭീഷണിയാകുന്ന വാഹനം.

ഗൾഫ് മലയാളികൾക്ക് സുപരിചിതമായ ടൊയോട്ട ഹൈലക്സ് ട്രക്ക് പ്ലാറ്റ്ഫോമിലാണ് നിർമാണം. ഇതേ എഎംെ വി സീരീസിൽപ്പെട്ട പ്ലാറ്റ്ഫോമിലാണു ഇന്നോവയുടെയും നിർമാണം. രണ്ടു ടണ്ണോളം തൂക്കം വരുന്ന ഫോർച്യൂണറിൻറെ മുഖമുദ്ര വലുപ്പം തന്നെ. പുതിയ മോഡലിൽ വലുപ്പത്തിന് ആക്കം കൂട്ടാൻ വലിയ വീൽ ആർച്ചുകളും ബോഡി ക്ലാഡിങ്ങും കൂടെയെത്തിയിട്ടുണ്ട്. ഗ്രില്ലിനും താഴെയുള്ള എയർ ഡാമിനും വീതി കൂടി. വലിയ ട്വിൻഹെഡ്ലാംപും നീണ്ട ബോണറ്റുംഅതിനു മുകളിലെ ഇൻറർകൂളർ സ്കൂപ്പും പരിഷ്കാരങ്ങൾക്കു വിധേയമായി. ബമ്പറുകളും അതോട് ചേർന്നു പോകുന്ന വീൽ ആർച്ചുകളും പുതുമയുൾക്കൊള്ളുന്നു. അസാധാരണ വലുപ്പമുള്ള 265—65 ആർ 17 ഡൺലപ് ഗ്രാൻഡ് ട്രെക് സ്നോ ആൻഡ് മഡ് ടയറുകളുമാണ് പുതിയ ഫോർച്യൂണറിന്. 221 മീ മീ ഗ്രൗണ്ട് ക്ലിയറൻസ്. സ്പെയർവീൽപിൻഹാച്ച് ഡോറിലല്ല, പകരം ബസുകളിലേതുപോലെ താഴെ ബോഡിയിൽ. ഉയരത്തിലുള്ള റണ്ണിങ്ബോർഡും റൂഫ് റെയിലിങ്ങുകളുമാകുമ്പോൾ എസ് യു വി രൂപം പൂർത്തിയായി. പിന്നിൽ ലാൻഡ് ക്രൂസറിനെ അനുസ്മരിപ്പിക്കുന്ന ക്രോം ഗാർണിഷ്.

∙ ഉൾവശം: ഹാൻഡിലിൽ പിടിച്ച് ഫുട്ബോർഡിൽ ചവുട്ടി ഡ്രൈവർ സീറ്റിൽ കയറിപ്പറ്റിയാൽ രക്ഷപ്പെട്ടു. മറ്റു കാറുകളെക്കാളും എസ്യു വികളെക്കാളും ഉയരത്തിലാണ് ഇരിപ്പ്. ഹാൻഡിൽ ഉള്ളിലേക്കുള്ള കയറ്റം അനായാസമാക്കുന്നു. വലിയ മൂന്നു നിര സീറ്റുകൾ. ഒറ്റനോട്ടത്തിൽ ഇന്നോവയയെഅനുസ്മരിപ്പിച്ചിരുന്ന ഉൾവശത്തിനു കാര്യമായ മാറ്റമുണ്ടായി പുതിയ ഡാഷ് ബോർഡ് രൂപകൽപനയിൽ വുഡ് ഫിനിഷിന് സ്ഥാനമുണ്ട്. ടു ഡിൻ ടച്ച് സ്റ്റീരിയോ റിവേഴ്സിങ്ങിൽ പിൻകാഴ്ച നൽകുന്ന സ്ക്രീനായി വേഷമെടുക്കും.

ഇന്നോവ സ്റ്റീയറിങ്ങിനു സൂചിപ്പിച്ചതുപോലെ കാംമ്രിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. പിയാനോ ബ്ലാക് വുഡ് ഫിനിഷും അൽപം കൂടി നിലവാരമുള്ള പ്ലാസ്റ്റിക്കും ഇപ്പോൾ ഉൾവശം അപ് മാർക്കറ്റാക്കുന്നു. ഓട്ടമാറ്റിക് ഗീയർലീവറും കാണാൻ കൊള്ളാം. ബ്രഷ്ഡ് അലൂമിനിയം വലയങ്ങളുള്ള ഡയലുകൾക്ക് നല്ല വിസിബിലിറ്റി. ധാരാളം സ്റ്റോറേജ്. മുൻ സീറ്റുകൾക്ക് ഇടയിൽ വലിയൊരു പെട്ടിതന്നെയുണ്ട്. ഡോർപോക്കറ്റുകളും വലുതാണ്. മാനുവൽസീറ്റ് അഡ്ജസ്റ്റ്മെൻറ്. രണ്ട് എയർ ബാഗും എ ബി എസും അടക്കം സുരക്ഷാ ഏർപ്പാടുകൾ. റിച്ച്നെസ് നൽകുന്ന ലെതർസീറ്റുകൾ സ്റ്റാൻഡേർഡ്. മധ്യത്തിലെയും പിന്നിലെയും സീറ്റുകൾക്ക് സുഖകരമായ ഇരിപ്പ്. ബൂട്ട് സ്പേസ് കാര്യമായില്ല. എന്നാൽ രണ്ടു നിര സീറ്റുകൾ പലരീതിയിൽ മറിച്ചിട്ടാൽ യാത്രക്കാരുടെ എണ്ണമനുസരിച്ച് സ്ഥലമുണ്ടാക്കാം.

∙ ഡ്രൈവിങ്, യാത്ര: 2982 സിസി നാലു സിലണ്ടർ ഇൻലൈൻകോ മൺറെയിൽ ടർബോ ഡീസൽ ചില്ലറക്കാരനല്ല. 168 ബി എച്ച് പിയും വെറും 1400 ആർ പി എമ്മിൽ ലഭിക്കുന്ന 35 കെ ജി എം ടോർക്കും. വാഹനത്തിൻറെ രണ്ടു ടൺ ഭാരംകണക്കാക്കിയാലും ടണ്ണിന് 85.93 ബി എച്ച് പിയും 17.90 ടോർക്കുമുണ്ട്. ധാരാളം. പൂജ്യത്തിൽ നിന്നു 100 കി മിയെത്താൻ 12.74 സെക്കൻഡ് എന്നതു മോശം കണക്കല്ലതാനും. ഓട്ടമാറ്റിക് ഗീയർ ബോക്സ് നാലു സ്പീഡാണ്. പൊതുവെ കുറച്ചു ഗീയർഷിഫ്റ്റ് മതിയായിരുന്ന ഫോർച്യൂണറിന് ഇപ്പോൾ ഷിഫ്റ്റേ വേണ്ടെന്ന സുഖം. 1500 — 4000 ആർ പി എം ബാൻഡിൽ സുഗമമായി ലഭിക്കുന്ന ശ ക്തി ഡ്രൈവിങ് സുഖകരമാക്കുന്നു. എൻജിൻ ശബ്ദവും തീരെക്കുറവാണ് റോഡ് ഡ്രൈവിങ്ങിൽ. താരതമ്യേന കുറഞ്ഞ ആർ പി എ മ്മിൽ കൂടുതൽ വേഗമാർജിക്കാനുള്ള കരുത്താണ് കാരണം. ഇന്ധനക്ഷമത ലീറ്ററിന് 13 വരെ.

യാത്രാസുഖം കാറിനൊപ്പം വരില്ല. എന്നാൽ മോശം റോഡുകളിലും കാറുകളെക്കാൾ വളരെ വേഗത്തിൽ സുഖമായിസഞ്ചരിക്കാം. വലുപ്പവും വലിയ ടയറുകളുമാണു കാരണം, സസ്പെൻഷൻ മികവല്ല. ഹാൻഡ്ലിങ്ങും മോശമല്ല. വലുപ്പം കൂടുതലുണ്ടെങ്കിലും കാഴ്ചയ്ക്കു തടസ്സമില്ല, സ്റ്റീയറിങ്ങും ബ്രേക്കും റെസ്പോൺസീവ്. വലിയൊരു വണ്ടിയിലിരിക്കുന്നതിൻറെ ആത്മവിശ്വാസത്തിൽ പായാം. എന്നാൽചെറിയൊരു കാറോടിക്കുന്ന പ്രതീതിയേയുള്ളൂ.

∙ വില 21.31 ലക്ഷം മുതൽ

∙ ടെസ്റ്റ് ഡ്രൈവ്: നിപ്പോൺ ടൊയോട്ട 9497104141

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.