നിത്യേന മുങ്ങിക്കുളിക്കൂ ; പ്രമേഹം കുറയ്ക്കാം

നിത്യേന നീന്തിക്കുളിക്കുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുന്നവർ ഭാഗ്യവാന്മാർ! കാരണം പ്രമേഹം തടയുന്നതിനു പ്രകൃതിയൊരുക്കിത്തരുന്ന ഫലപ്രദമായ ചികിത്സാ രീതിയാണിത്. അടുത്തൊന്നും നീന്തൽക്കുളമോ പുഴയോ ഇല്ലെങ്കിൽ കുളിമുറിയിൽ ഒരു ഷവർ പിടിപ്പിച്ചാൽ മതി. ആ ഷവറിൽ നിന്നു വെള്ളം തലയിലേക്കു ധാരാളമായി വന്നോളും. ബക്കറ്റിൽ വെള്ളം പിടിച്ചു വച്ചു കപ്പ് കണ്ടുള്ള കോരിക്കുളി ഷവർ കുളിക്കു മുന്നിൽ ഒരു ‘കാക്കക്കുളി’ മാത്രം. തലയിൽ തക്ര ധാര (മോരും നെല്ലിക്ക കഷായവും ചേർത്ത് നെറ്റിയിൽ ധാര ചെയ്യുന്നതാണ്) ചെയ്യുന്നതാണ്. ആയുർവേദം നിർദേശിക്കുന്ന ഒരു പ്രധാന ചികിത്സാരീതി. ശരീരത്തിന്റെ മുഴുവൻ ഞരമ്പുകളുടെയും സിരാകേന്ദ്രമായ ശിരസ്സിലേക്കുള്ള ധാരയാണത്. മുങ്ങിക്കുളികൊണ്ടും ഷവർ കുളികൊണ്ടും ആ ധാര പ്രയോഗത്തിന്റെ  ചെറിയ ഫലമെങ്കിലും കിട്ടും. 

എന്താണു പ്രമേഹം ?

നാം കഴിക്കുന്ന ആഹാരത്തിലെ അന്നജം (പഞ്ചസാര) ദഹിച്ചതിനു ശേഷം രക്തത്തിൽ ഇൻസുലിൻ ഹോർമോണിന്റെ കുറവു മൂലം കുറെ അധികസമയം ഉയർന്നു നിൽക്കുകയും അതിനുശേഷം ഈ പഞ്ചസാര മൂത്രത്തിലൂടെ അമിതമായി പോകുന്ന അവസ്ഥയാണ് ആയുർവേദം പ്രമേഹമെന്നു വിശേഷിപ്പിക്കുന്നത്. 

ലക്ഷണങ്ങൾ : അമിതമായ ദാഹം, ശരീരത്തിന്റെ ചുട്ടുനീറ്റൽ, ക്ഷീണം, തളർച്ച, മെലിച്ചിൽ, കൈകാൽ അടികളിൽ ചുട്ടു നീറ്റൽ, പതഞ്ഞു കലങ്ങി അധികമായ അളവിൽ മൂത്രം പോകൽ, കണ്ണിന് എരിച്ചിൽ, എത്ര വൃത്തിയാക്കിയാലും പല്ലിലും നാവിലും എന്തോ പറ്റിപ്പിടിച്ചതുപോലുള്ള അസ്വ സ്ഥത, ഉറക്കക്കുറവ്, ദുർഗന്ധമുള്ള വിയർപ്പ്. 

മലയാളിയും അരിഭക്ഷണവും : ആയുർവേദത്തിൽ പ്രമേഹം 20 ഇനങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും നമുക്കതിനെ രണ്ടായി കാണാം. ജന്മനാൽ ഉണ്ടാകുന്നത്. ഇതിനെ ടൈപ്പ് വൺ എന്നു പറയാം. 30 വയസ്സിനു താഴെയുള്ളവർക്കു കിട്ടുന്ന പ്രമേഹം പാരമ്പര്യം തന്നെ. ടൈപ്പ് ടു പ്രമേഹമാണു നമ്മിലേറെ പേർക്കുമുള്ളത്. അമിതമായി അരിഭക്ഷണം (ശരീരത്തിലെ ഇൻസുലിനു താങ്ങാവുന്നതിലുമപ്പുറം) കഴിക്കുന്നവർക്കാണിതു വരിക. അരി അരച്ചുണ്ടാക്കിയ ദോശ, ഇഡ്ഡലി, പുട്ട് എന്നിവ അധികമായാലും പ്രമേഹം വരും.  (മലയാളികളിൽ പ്രമേഹം കൂടുന്നതിനു കാരണം വ്യക്തമായല്ലോ) കിഴങ്ങു വർഗങ്ങളും കൊഴുപ്പും പഴവർഗങ്ങളും (പ്രത്യേകിച്ച് മാമ്പഴം) മധുരപലഹാരങ്ങളും മധുരപാനീയങ്ങളും മദ്യവും പ്രമേഹം കൂട്ടും. മടിപിടിച്ചു രാത്രിയും പകലും കിടന്നാലും പ്രമേഹം കൂടുക തന്നെ ഫലം. പ്രമേഹം ബാധിക്കുന്ന അവയവങ്ങൾ : ഹൃദയം, വൃക്ക, കരൾ, തലച്ചോർ, കണ്ണ്. 

വ്യായാമമാണു പ്രധാനം: അതിലേറ്റവും നല്ലതു നീന്തൽ തന്നെ. ശരീരത്തിൽ ചുട്ടുനീറ്റൽ  നീന്തലിനിടയിൽ അറിയില്ല. ശരീരം വിയർക്കുന്നതു പോലെയുള്ള അരമണിക്കൂർ നടപ്പാകാം. മോരു നേർപ്പിച്ചത് എപ്പോഴും കുടിക്കാം. മല്ലി / ജീരക വെള്ളവുമാകാം. കന്മദം ഭസ്മമായോ ലേഹ്യമായോ വൈദ്യ നിർദേശപ്രകാരം കഴിക്കാം. നിഷാകതഗാദി കഷായം, കതക ഖദിരാദി കാഷായം, അമൃതാദി ചൂർണം, ത്രിഫല ചൂർണം എന്നിവയെല്ലാം ശരീരത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും. ഏറെക്കാലമായി പ്രമേഹം ബാധിച്ചവർക്കു വർഷത്തിലൊരിക്കൽ നവരക്കിഴി, പിഴിച്ചിൽ, വസ്തി തുടങ്ങിയവയിലൊന്നു നടത്താം. 

Read More : Health and Ayurveda