ലക്ഷണം നോക്കി കടിച്ച പാമ്പിനെ തിരിച്ചറിയാം

പാമ്പുകളെ കണ്ട് പേടിക്കാത്തവരും പാമ്പുകടിയെന്ന ഭീതി ഉള്ളിൽ എപ്പോഴെങ്കിലും കടന്നു വരാത്തവരുമായി ആരുമുണ്ടാകില്ല. പാമ്പിനെയും പാമ്പിൻ വിഷത്തെയും അടുത്തറിഞ്ഞാൽ ഭയം ഒരു പരിധി വരെ നമ്മിൽ നിന്നും വിട്ടകലും.

പാമ്പുകളെകുറിച്ചും അവയുടെ വിഷത്തെക്കുറിച്ചും ഭാരതീയ ചികിൽസാസമ്പ്രദായമായ ആയുർവേദം വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ശാരീരിക ലക്ഷണങ്ങളും ചലനശൈലിയും അടിസ്‌ഥാനമാക്കി ആയുർവേദം പാമ്പുകളെ മൂന്നായി തിരിക്കുന്നു. പത്തിവിടർത്തി ആടുന്നവയെ മൂർഖൻ എന്നും ഒരേ പോലെ വ്യക്‌തമായ വരകൾ തലമുതൽ വാലറ്റം വരെയുള്ളവയെ രാജിലമെന്നും ഒത്തനടുക്കും ഇരുവശങ്ങളിലും തലമുതൽ വാലറ്റം വരെ പുള്ളികളുള്ളവയെ മണ്ഡലികൾ എന്നും പറയും.മണ്ഡലികളുടെ കടിയേറ്റ് ചികിൽസയ്‌ക്കുവരുന്നവരാണ് നമ്മുടെ നാട്ടിൽ കൂടുതലും. രാജിലത്തിന് മലയാളത്തിൽ വെള്ളിക്കെട്ടൻ അല്ലെങ്കിൽ വളവളപ്പൻ എന്നു പറയും. ഓരോ ഇനം പാമ്പുകളുടെയും വിഷം വ്യത്യസ്‌തമായ ലക്ഷണമാണ് മനുഷ്യശരീരത്തിൽ സൃഷ്‌ടിക്കുന്നത്. ലക്ഷണങ്ങൾ നോക്കിയാണ് വിഷചികിൽസ ആയുർവേദത്തിൽ നടത്തുന്നത്.

കടിച്ച പാമ്പിന്റെ ഇനം തിരിച്ചറിയേണ്ടത് വിഷചികിൽസയിൽ വളരെ പ്രധാനമാണ്. ഇതിന് പലമാർഗങ്ങളുണ്ട്. കടിയേറ്റയാൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ നോക്കുകയാണ് ഇവയി*ൽ പ്രധാനം. പ്രധാനമായും വിഷാംശം ഉള്ള നാലിനം പാമ്പുകളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്.

മൂർഖൻ

അണലി അഥവാ മണ്ഡലി

വെള്ളിക്കെട്ടൻ അഥവാ വളവളപ്പൻ

ചുരുട്ട അഥവാ ചേനതണ്ടൻ

ഇതിൽ ഒരു ഗ്രാം വിഷം വീതം എല്ലാത്തിന്റേതും എടുത്താൽ കൂടിയ വിഷം വളവളപ്പന്റേതാണ്. എന്നാൽ ഇവ കടിക്കുമ്പോൾ കുറച്ച് വിഷം മാത്രമേ ശരീരത്തിൽ കയറാറുള്ളൂ. ഇവയുടെ വിഷ സഞ്ചി നന്നേ ചെറുതാണ്. വിഷം പതുക്കെയേ പ്രവർത്തിച്ചു തുടങ്ങൂ. മനുഷ്യ ശരീരത്തിലെ ചൂട് ഏറെ ഇഷ്‌ടപ്പെടുന്ന പാമ്പാണ് വെള്ളിക്കെട്ടൻ. വീട്ടിൽ കയറി കട്ടിലിലും മറ്റും കിടക്കാനുള്ള പ്രവണത കാട്ടുന്നു. കടിച്ചാൽ വേദന ഉണ്ടാവില്ല. പല്ല് വളരെ നേരിയതായതിനാൽ കടിച്ച പാടും ഉണ്ടാവില്ല. കടിച്ചാൽ ചോര പൊടിയുന്നതും വിരളമാണ്.

വെള്ളിക്കെട്ടന്റെ കടിയേറ്റാൽ

ഉമിനീരിറക്കാൻ പ്രയാസം. തളർച്ച ബാധിക്കുക.

തൊണ്ടയിൽ അസ്വസ്‌ഥത ഉണ്ടാകുക.

കണ്ണു തുറന്നു വയ്‌ക്കാനുള്ള പ്രയാസം (അറിയാതെ കണ്ണ് അടഞ്ഞു പോകുന്നു)

നാവ് വഴുതിപ്പോകുന്നു. സംസാരിക്കാൻ പറ്റാതാവുന്നു.

ശ്വസിക്കാൻ വിഷമം നേരിടുന്നു.

ശ്വാസ തടസം കാരണം മരണം സംഭവിക്കുന്നു.

മൂർഖന്റെ കടിയേറ്റാൽ

കടിച്ച സ്‌ഥലത്ത് കറുപ്പു കലർന്ന നീല നിറത്തിൽ പാടു കാണും.

കടിയേറ്റ ഭാഗത്ത് വീക്കം ഉണ്ടാകും. തുടർന്ന് മറ്റു ശരീരഭാഗങ്ങളിലും വീക്കം അനുഭവപ്പെടും.

കടി കൊണ്ട സ്‌ഥലത്ത് കടിച്ചു പറിച്ചെടുത്ത പോലെ പല്ലിന്റെ വ്യക്‌തമായ രണ്ടു പാടുകൾ ഉണ്ടാകും.

തലച്ചോറിലെ കേന്ദ്രനാഡിവ്യവസ്‌ഥ തകരാറിലാക്കുന്നു.

ശരീരത്തിന്റെ ബാലൻസ് തെറ്റി ശക്‌തമായ ക്ഷീണവും വിറയലും ഉണ്ടാകുന്നു.

വിഷം ശരീരത്തിൽ വ്യാപിക്കുന്നതനുസരിച്ച് കടിയേറ്റയാൾ മോഹാലസ്യപ്പെടുന്നു.

മറ്റു രോഗ ലക്ഷണങ്ങൾ വെള്ളിക്കെട്ടന്റേതിനു സമാനം.

മണ്ഡലിയുടെ കടിയേറ്റാൽ

ഇതു കടിച്ച സ്‌ഥലത്തും കറുപ്പു കലർന്ന നീല നിറം കാണപ്പെടും.

കടിയേറ്റിടത്ത് പല്ലിന്റെ പാടുണ്ടാകും. സഹിക്കാൻ വയ്യാത്ത നെഞ്ചുവേദന അനുഭവപ്പെടും.

വൻ തോതിൽ രക്‌തസ്രവം ഉണ്ടാകും. വയറിന്റെ ഭാഗത്തു നിന്നും വായിൽ നിന്നും രോമകൂപങ്ങളിൽ നിന്നും രക്‌തം വരും. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ അവയിലൂടെയും മൂത്രത്തിലൂടെയും ചോര വരും. രക്‌തം കട്ടപിടിക്കില്ല.

കടുത്ത നടുവേദന, ഛർദ്ദിൽ, വയറ്റിൽ വേദന, ചെവിവേദന, കണ്ണു വേദന എന്നിവയുമുണ്ടാകും.

ഘ്രാണശക്‌തിയും കാഴ്‌ചശക്‌തിയും കുറയും

കഴുത്ത് ഒടിഞ്ഞതുപോലെ ശിരസ് തൂങ്ങിയിരിക്കും.

ലക്ഷണങ്ങൾ അതിന്റെ എല്ലാവിധ തീവ്രതയോടും കൂടി മൂന്നു നാലു മണിക്കൂറിനുള്ളിൽ പ്രത്യക്ഷപ്പെടും. മണ്ഡലി കടിച്ച ഭാഗത്ത് മറ്റു ചെറിയ മുറിവുകൾ ഉളളതും അപകടകരമാണ്. മാരകമായ വിഷം സ്രവിപ്പിക്കുന്ന മറ്റൊരു പാമ്പാണ് മണ്ഡലിയിനത്തിൽപെട്ട ചുരുട്ട അഥവാ ചേനതണ്ടൻ. വൃക്കകളെയാണ് ഇവ തകരാറിലാക്കുക.രക്‌തത്തിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളുന്ന ശുദ്ധീകരണ പ്രക്രിയയെ ഇവ നശിപ്പിക്കും.