വേനൽ ഭക്ഷണം : എരീം പുളീം വേണ്ട

വേനൽക്കാലത്ത് എങ്ങനെയാകാം ഭക്ഷണശീലങ്ങൾ? ആയുർവേദ ഡോക്ടറായ കെ.മുരളി പറയുന്നു...

എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കണം. മധുരം താരതമ്യേന കൂടുതൽ ഉപയോഗിക്കാം. കഞ്ഞി പോലെ ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതൽ കഴിക്കാം. കാലാവസ്ഥയ്ക്കനുസരിച്ച് ആഹാരത്തിനു വേണ്ട മാറ്റങ്ങൾ വരുത്തണം. എണ്ണയിൽ വറുത്ത പലഹാരങ്ങൾ അമിതമായി ഉപയോഗിക്കരുത്. ഇതു കൂടുതൽ ദാഹമുണ്ടാക്കും.

സീസണലായ പഴവർഗങ്ങൾ നന്നായി ഉപയോഗിക്കണം. ജ്യൂസായി ഉപയോഗിക്കുന്നതിനെക്കാൾ പഴം മുറിച്ചു കഴിക്കുന്നതാണു നല്ലത്. വിശപ്പും ദാഹവും കുറയും. വെയിലത്തു നിന്നു കയറി വന്നാലുടൻ തണുത്തതു കഴിക്കരുത്. പെട്ടെന്നു തണുത്തവെള്ളം അകത്തേക്കു ചെല്ലുമ്പോൾ ശരീരം പ്രതികരിക്കുകയും ഈ തണുപ്പ് തുലനം ചെയ്യാൻ കൂടുതൽ ചൂട് ഉൽപാദിപ്പിക്കുകയും ചെയ്യും. ഇത് അസുഖങ്ങൾക്കു കാരണമാകാം. കൂജയിൽ വച്ച വെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ ഉപയോഗിക്കാം.

മുത്തങ്ങ, ഇരുവേലി, രാമച്ചം, മല്ലി, പർപ്പടപ്പുല്ല്, പതിമുകം ഇവയെല്ലാം ചതച്ചിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. നോൺവെജ് ഉപയോഗം കുറയ്ക്കണം. നോൺവെജ് തയാറാക്കുമ്പോൾ മസാലയും എരിവും പുളിയും കൂടുതലാണെന്നതാണു കരാണം. സ്വതവേ ചൂടു കൂട്ടുന്ന ബീഫ് പോലെയുള്ളവ ഒഴിവാക്കണം. രാത്രി അധികം വൈകാതെ അത്താഴം കഴിക്കുന്നതാണു നല്ലത്, ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ്. സോഡാ നാരങ്ങ വേണ്ട, നാരങ്ങാവെള്ളം മതി. ഇതിൽ ഉപ്പും പഞ്ചസാരയും ഒരുപോലെ ചേർക്കാം.

സംഭാരമാണു ദാഹം ശമിപ്പിക്കുന്ന മറ്റൊരു പാനീയം. മല്ലിയില, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, നാരകത്തിന്റെ ഇല എന്നിവ ചതച്ചു ചേർത്ത് മോരിൽ നാലിരട്ടി വെള്ളം ചേർത്തു സംഭാരം തയാറാക്കാം. വെണ്ണ നീക്കിയ മോര് ഇതിനായി ഉപയോഗിക്കണം. വേനൽക്കാലം കഴിയുംവരെയെങ്കിലും രാവിലെ പഴങ്കഞ്ഞി ശീലമാക്കാം. ദാഹം കൂട്ടുന്ന ചായയും കാപ്പിയും ഒഴിവാക്കണം. ചൂടല്ലെ, ഒരു തണുത്ത ബിയർ കഴിക്കാം എന്നു കരുതുന്നവരുണ്ട്. ഇത് ഇരട്ടി ദോഷം ചെയ്യും. നിർജലീകരണം വർധിപ്പിക്കുന്ന പാനീയമാണു ബിയർ.