നാടൻ വിദ്യകളിലൂടെ ചൂട് കുറയ്ക്കാം

പൊള്ളുന്ന വെയിൽ. വരാനിരിക്കുന്ന വേനലിന്റെ സാംപിൾ വെടിക്കെട്ടു മാത്രമാണെന്നു തോന്നിപ്പോവും. എങ്ങനെ ഈ വേനലിനെ കീഴടക്കാം എന്നതാണ് എല്ലാവരുടേയും ചിന്ത. വേനലിനെ പഴിപറഞ്ഞിട്ടു കാര്യമില്ല. പ്രകൃതിയുടെ ഓരോ മാറ്റവും അറിഞ്ഞു ജീവിക്കാനാണു മൂത്തശ്ശിമാരും മുത്തശ്ശൻമാരും നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഇതാ അത്തരം ചില നാട്ടറിവുകൾ:

അതിരാവിലെ നടക്കാം: ഉദയസൂര്യന്റെ വേയിലേറ്റു പത്തു മിനിറ്റെങ്കിലും നടക്കാം (വെയിലിന്റെ തീവ്രത കൂടിയ ശേഷം നടന്നാൽ വിവരമറിയും) ശരീരത്തിലെ സാധകപിത്തം ഉത്തേജിപ്പിക്കാമെന്നാണ് ആയുർവേദം പറയുന്നത്. സെറാടോണിൻ, മെലാടോണിൻ എന്നിവ പോലെ മാനസിക സൗഖ്യം ഉത്തേജിപ്പിക്കുന്നതാണ്. സൂര്യപ്രകാശം വിറ്റാമിൻ ഡിയുടെ ഉൽപാദനം വർധിപ്പിക്കും.

ക്രമപ്പെടുത്താം ജീവിതചര്യ: പാടത്തു പണിയെടുക്കുന്നവരുടെ പഴയകാലം. അവർ പണിക്കിറക്കുന്ന സമയക്രമത്തിനൊരു പ്രത്യേകതയുണ്ട്. അതിരാവിലെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ പൂർത്തിയാക്കിയ ശേഷം എട്ടു മണിയോടെ പണിക്കിറങ്ങും. വെയിലു മൂക്കുന്ന പതിനൊന്നരയോടെ തിരിച്ചുകയറും. ഭക്ഷണം കഴിച്ചു വിശ്രമമൊക്കെ കഴിഞ്ഞ ശേഷം വെയിലിന്റെ കട്ടികുറയുന്ന മൂന്നു–മൂന്നര മണിയാവുമ്പോൾ തിരികെ പാടത്തേക്കിറങ്ങും. സൂര്യാതപം കുറയ്ക്കാനുള്ള വഴിയായി ഇന്നത്തെ സ്പെഷ്യലിസ്റ്റ് അപ്പോത്തിക്കരിമാർ ഉപദേശിക്കുന്ന സമയക്രമം ഇതുതന്നെയാണ്! വെയിലു മൂക്കുന്ന സമയത്തു പുറത്തിറങ്ങാതിരിക്കുക.

അറിഞ്ഞുറങ്ങാം: ചൂടുകാലത്ത് ഉറങ്ങുമ്പോൾ വലതുവശത്തേക്കു തിരിഞ്ഞുകിടന്ന് ഉറങ്ങുന്നതാണ് നല്ലത്. വലതുവശത്തേക്കു തിരിഞ്ഞു കിടക്കുമ്പോൾ ഇടതു വശത്തെ മൂക്ക് തുറന്നിരിക്കുകയും അതിലൂടെ ശ്വാസോച്ഛ്വാസം നടക്കുകയും ചെയ്യും. പഴമക്കാരുടെ വിശ്വാസമനുസരിച്ച് ഇട, പിഗംള എന്നിങ്ങനെ രണ്ടു നാഡികളാണു

സുഷ്മനയിലൂടെ കടന്നുപോവുന്നത്. ഇടതു മൂക്കുപയോഗിച്ചു ശ്വാസമെടുക്കുമ്പോൾ ഇട നാഡിയുടെ പ്രവർത്തനമാണ് ഉത്തേജിപ്പിക്കപ്പെടുന്നത്. ഇതു ശരീരത്തിന്റെ ചൂടു നിയന്ത്രിക്കാൻ സഹായിക്കും.

നാടൻ മോയ്സ്ച്വറൈസർ: ശരീരത്തെ ഈർപ്പമുള്ളതാക്കി സൂക്ഷിക്കാൻ പഴമക്കാർ ഉപയോഗിച്ചിരുന്ന ഒരു വിദ്യയുണ്ട്. ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ആവണക്കെണ്ണയും അത്രയും വെളിച്ചെണ്ണയുമെടുക്കുക. ചെറിയ കുപ്പിയിലൊഴിച്ച് അടപ്പു നന്നായി മുറുക്കണം. ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളത്തിൽ പത്തുമിനിറ്റോളം ഈ കുപ്പി മുക്കിയിടുമ്പോൾ എണ്ണ ഒന്നു ചൂടായിക്കിട്ടും. എന്നാൽ അധികം ചൂടാവാൻ പാടില്ല. ഈ എണ്ണ മിശ്രിതം ശരീരത്തിൽ അധികം കട്ടിയിലല്ലാതെ തേച്ചുപിടിപ്പിച്ചാൽ ത്വക്ക് വരണ്ടുണങ്ങില്ല.

ചൂടുകുരുവിനെ തോൽപ്പിക്കാം: ആര്യവേപ്പിലയാണു ശരീരത്തിലെ ഏതുതരം ചൊറിച്ചിലിനേയും തടുക്കാൻ പണ്ടുള്ളവർ ഉപയോഗിച്ചിരുന്നത്. ചൂടുകുരു വന്നാൽ
വേപ്പെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിൽ എടുത്തു തേച്ചു പിടിപ്പിക്കുന്നതാണു നല്ലത്. ആര്യവേപ്പില ഉണക്കി പൊടിച്ചെടുത്താൽ ചൂടുകുരു വന്ന ഭാഗത്തു വിതറാം.

ചൂടിനെ ചെറുക്കാൻ ഒരുനുള്ളുപ്പ് : വേനൽക്കാലത്തു വിയർപ്പിനൊപ്പം ശരീരത്തിൽ നിന്നു ലവണാംശം അധികമായി നഷ്ടപ്പെടും. ഭക്ഷണത്തിൽ ഒരുനുള്ളുപ്പ് അധികം ചേർക്കുന്നതു നന്നാവുമെന്നു പഴമക്കാർ പറയുന്നതു വെറുതെയല്ല. പണ്ടുള്ളവർ അടുപ്പത്തു ചോറ് പാകമാവുന്ന സമയത്തു പത്തു പതിനൊന്നു മണിയോടെ കഞ്ഞിവെള്ളത്തിൽ ഒരു നുള്ള് ഉപ്പിട്ടു കുടിക്കുന്നതു പതിവാണ്. പക്ഷേ, ഉപ്പുസോഡ കുടിക്കുന്നതു ദാഹം ശമിപ്പിക്കുമെങ്കിലും കൊടുംവേനലിൽ ശരീരത്തിനു ദോഷകരമാണെന്നാണു വൈദ്യപക്ഷം. മോരോ സംഭാരമോ കുടിക്കുകയാണെങ്കിലും ഉപ്പിടാൻ മറക്കരുത്.

അറിഞ്ഞു കഴിക്കാം: പ്രകൃതിക്കറിയാം ഓരോ കാലത്തും നമ്മൾ കഴിക്കേണ്ടത് എന്താണ് എന്നു പഴമക്കാർ പറയുന്നു. ഓരോ കാലത്തിനും അനുയോജ്യമായ പഴങ്ങളും പച്ചക്കറികളുമാണ് അതതു കാലത്തു വിളയുകയത്രേ. വേനൽക്കാലത്തു മാമ്പഴവും ചക്കയും സുലഭമായത് അതുകൊണ്ടാണ്. ഇളവൻ, വെള്ളരി, മാങ്ങ, പപ്പായ, തണ്ണിമത്തൻ തുടങ്ങിയവയും നെല്ലിക്കയും ചക്കയുമൊക്കെ നന്നായി കഴിക്കാം. പക്ഷേ, അധികം വറുത്തരച്ചതും കടുത്ത എരിവുള്ളതുമായ പാചകരീതി ഒഴിവാക്കുന്നതാണു നല്ലത്. നല്ല ചൂടത്തു വെയിലേറ്റു വന്ന ശേഷം തണുത്ത വെള്ളം കുടിച്ചാൽ ആശ്വാസമായി എന്നു കരുതുന്നുണ്ടോ? തൊണ്ടവേദനയും ജലദോഷവും പനിയും പിടിക്കാനുള്ള പ്രധാനകാരണം ഇതാണെന്ന് ആയുർവേദ വൈദ്യൻമാർ പറയുന്നു.