തഴയല്ലേ തഴുതാമയെ

തഴുതാമ ഇല

തൊടികളിലും പറമ്പുകളിലും പടർന്നു പന്തലിച്ചിരുന്ന ആയുർവേദത്തിലെ അദ്ഭുത സസ്യം തഴുതാമ മറവിയിലേക്കു കരിഞ്ഞു വീഴുകയാണ്. വീട്ടുവളപ്പുകളിൽ ചെടികൾക്കൊപ്പം ഒരു കാലത്ത് വളർത്തി പരിപോഷിപ്പിച്ച ഔഷധ സസ്യമാണത്.

പുനർനവ എന്നാണു തഴുതാമയുടെ മറ്റൊരു പേര്. ഇതിന്റെ പൂവും വേരും തണ്ടും എല്ലാം ഔഷധ ഗുണമുള്ളതാണ്. വേരിലാണ് ഏറെ ഔഷധമൂല്യം. ഇലയും ഇളംതണ്ടും ഭക്ഷണയോഗ്യം. മലയാളികളുടെ ഇലക്കറിയായിരുന്നു തഴുതാമ എന്ന സത്യം പുതിയ തലമുറയിൽ ചിലപ്പോൾ ചിരി പടർത്തിയേക്കും.

തഴുതാമയുടെ ഔഷധസിദ്ധിയെ ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും പരാമർശിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ, ശരീരത്തിലെ നീര്, ഹൃദ്രോഗം എന്നിവയ്ക്കെല്ലാം ഫലപ്രദമാണ് ഈ സസ്യം. ആയുർവേദ ഡോക്ടർമാരുടെ സഹായത്തോടെ ഉപയോഗിക്കണമെന്നു മാത്രം. അസ്ഥിസ്രാവ ചികിൽസയ്ക്കും ഉപയോഗിക്കുന്നുണ്ട്.

തഴുതാമ വേര് അരച്ച് നെല്ലിക്ക നീരിൽ ചേർത്തു കഴിച്ചാൽ പ്രോസ്ട്രേറ്റ് വീക്കം നിയന്ത്രിക്കാമെന്നാണ് ആയുർവേദത്തിലെ കണ്ടെത്തൽ. ഹൃദ്രോഗം തടയാൻ തഴുതാമയില തോരൻ വച്ച് പതിവായി കഴിച്ചാൽ നന്ന്. ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനും ഉത്തമമാണിത്. കൺകുരു മാറാൻ തഴുതാമ വേര് തേനിൽ അരച്ച് കൺപോളയിൽ പുരട്ടുന്നതും നല്ലതാണ്.