ഭക്ഷണനിയന്ത്രണമൊന്നും വേണ്ട, വണ്ണം കുറയ്ക്കാൻ വരുന്നു ‘ബലൂൺ’ ഗുളിക!

‘വണ്ണം കുറയ്ക്കാൻ എന്താണൊരു വഴി...?’ എന്നു ചോദിച്ചാൽ ‘ഒറ്റവഴിയേ ഉള്ളൂ...തീറ്റ കുറച്ചാൽ മതി...’ എന്നായിരിക്കും ഭൂരിപക്ഷം പേരുടെയും ഉത്തരം. പക്ഷേ എത്ര ശ്രമിച്ചിട്ടും തീറ്റ കുറയ്ക്കാൻ പറ്റാതായാൽ എന്തു ചെയ്യും? ഒന്നും ചെയ്യാൻ പറ്റില്ല, വണ്ണം കുറയ്ക്കാൻ പിന്നെ ശസ്ത്രക്രിയ തന്നെ ശരണം. പക്ഷേ ‘ഗുളിക’ കഴിച്ചും വണ്ണം കുറയ്ക്കാമെന്ന കണ്ടെത്തലാണ് പുതിയ വാർത്ത. ‘ധൃതഘടകനാദിത്തടികുറയ്ക്കും ഗുളിക’ എന്നൊക്കപ്പറഞ്ഞ് ആളെപ്പറ്റിക്കുന്ന ഗുളികയൊന്നുമല്ല ഇത്. സംഗതി ഒരു ഗാസ്ട്രിക് ബലൂണാണ്! 

‘എലിപ്സ് ബലൂൺ’ എന്നു പേരിട്ടിരിക്കുന്ന ഇതിന് എളുപ്പത്തിൽ വിഴുങ്ങാൻ തക്ക വലുപ്പമേയുള്ളു. ഇതോടൊപ്പം ഒരു കത്തീറ്ററും ഘടിപ്പിച്ചിട്ടുണ്ടാകും. ഗുളിക സഞ്ചരിക്കുന്നതിനനുസരിച്ച് കത്തീറ്ററും ആമാശയത്തിലേക്കെത്തും. ശേഷം കത്തീറ്ററിലൂടെ പുറത്തു നിന്ന് കൃത്യം 550 മില്ലിലിറ്റർ വെള്ളം ഈ ബലൂണിലേക്ക് നിറയ്ക്കും. അതോടെ ബലൂൺ വീർത്ത് ആമാശയത്തിന്റെ മുക്കാൽ ഭാഗത്തും നിറയും. ശേഷം കത്തീറ്റർ എടുത്തുമാറ്റും, ആമാശയത്തിനകത്ത് വെള്ളം നിറച്ച ബലൂൺ സുരക്ഷിതമായിരിക്കും. വയർ നിറഞ്ഞെന്ന അനുഭവമായിരിക്കും ഇതുവഴി പൊണ്ണത്തടിക്കാർക്ക് ലഭിക്കുക. അതിനാൽത്തന്നെ അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയ്ക്കും. 

ശരീരത്തിലേക്കെത്തുന്ന അന്നജത്തിന്റെയും കാലറിയുടെയും കൊഴുപ്പിന്റെയുമെല്ലാം അളവ് കുറയുന്നതോടെ വണ്ണം കൂടുന്നുവെന്ന പരാതിക്കും പരിഹാരമാകും. നിലവിൽ ഇൻട്രാഗാസ്ട്രിക് ബലൂണുകൾ(ഐജിബി) ആമാശയത്തിനകത്ത് സ്ഥാപിക്കുന്ന പതിവുണ്ട്. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്ന ബെരിയാട്രിക് ശസ്ത്രക്രിയയുമുണ്ട്. ഇതിനെല്ലാം പക്ഷേ എൻഡോസ്കോപ്പിയും അനസ്തീസിയയുമെല്ലാം ആവശ്യമാണ്. പൊണ്ണത്തടിയുള്ളവർക്ക് അനസ്തീസിയ നൽകുന്നതും റിസ്കാണ്. അതിനാൽത്തന്നെ സർജറി ആവശ്യമുള്ളവരെ ദീർഘകാല നിരീക്ഷണത്തിനൊടുവിൽ ശാരീരികമായും മാനസികമായും പ്രാപ്തരാക്കേണ്ടതുണ്ട്. സർജറി ചെലവേറിയതുമാണ്. അങ്ങനെയിരിക്കെ പൊണ്ണത്തടി കുറയ്ക്കാനുള്ള നീക്കം 15 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാമെന്നതാണ് എലിപ്സ് ബലൂണിന്റെ പ്രത്യേകത. 

എൻഡോസ്കോപ്പിയോ അനസ്തീസിയയോ ഒന്നും ആവശ്യമില്ലതാനും. ഐജിബി വയറ്റിലേക്കിറക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ഈ ബലൂൺ ഉപയോഗിക്കുമ്പോഴില്ല. ദൈനംദിന ഭക്ഷണത്തിലും ജീവിതരീതിയിലും മാറ്റം വരുത്തി പൊണ്ണത്തടി കുറയ്ക്കുന്ന ചികിത്സ ഫലിക്കാത്ത ആയിരങ്ങൾക്ക് ആശ്വാസകരമായിരിക്കും പുതിയ കണ്ടെത്തെലെന്നും ഗവേഷകർ പറയുന്നു. പോർച്ചുഗലിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബീസിറ്റിയിലാണ് ഈ കണ്ടുപിടിത്തം അവതരിപ്പിക്കപ്പെട്ടത്. പൊണ്ണത്തടിയുള്ള 29 പുരുഷന്മാരിലും 13 വനിതകളിലും ഗവേഷണത്തിന്റെ ഭാഗമായി എലിപ്സ് ബലൂൺ ഉപയോഗിച്ചിരുന്നു. 

ഡയറ്റ് നിയന്ത്രിച്ച് പൊണ്ണത്തടി കുറയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരും ഐജിബി ചികിത്സക്ക് തയാറാകാത്തവരുമായിരുന്നു ഇവർ. 16 ആഴ്ച എലിപ്സ് ബലൂൺ ഈ 42 പേരുടെയും ആമാശയത്തിലിരുന്നു. അതുവഴി അന്നജവും കാലറിയുമെല്ലാം നേരത്തേതിനേക്കാളും കുറഞ്ഞാണ് ശരീരത്തിലെത്തിയത്. ഭക്ഷണം വാരിവലിച്ചു തിന്നാനും ആർക്കും തോന്നിയില്ല. 16 ആഴ്ചകൾക്കൊടുവിൽ ബലൂൺ തനിയെ പൊട്ടി വിസർജ്യമായി ശരീരത്തിന് പുറത്തുപോകുകയും ചെയ്തു. ശരാശരി 15 കിലോഗ്രാം എന്ന കണക്കിനാണ് ഓരോരുത്തരിലും ഇക്കാലയളവിൽ വണ്ണം കുറഞ്ഞത്. അതായത് അധികവണ്ണത്തിന്റെ 31 ശതമാനവും നഷ്ടമായി. പ്രമേഹം,  രക്തസമ്മർദം, കൊളസ്റ്ററോൾ എന്നിവയുടെ അളവിലും കുറവ് രേഖപ്പെടുത്തി. യുകെയിൽ എലിപ്സ് ബലൂണ്‍ ഗുളികയ്ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു.