ശരീരഭാരം കുറയ്ക്കാൻ ഇനി ഉരുളക്കിഴങ്ങും

ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഉരുളക്കിഴങ്ങ് കഴിച്ച് ശരീരഭാരം കുറയ്ക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ലീഡ്സ് സർവകലാശാല ഗവോഷകർ. ഉരുളക്കിഴങ്ങും ചോറും പാസ്തയും ധാരാളമായി ഭക്ഷിക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമത്രേ. 

വിഷമയമില്ലാത്ത പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മീൻ വർഗങ്ങൾ, മുട്ട, പയർ വർഗങ്ങൾ എന്നിവയും ഇതേ ഗുണം ചെയ്യുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. 

ഡോ. നിക്കോളാ ബക്‌ലൻഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കാലറിയും ഗ്ലൈസെമിക് ഇൻഡ്ക്സും കുറഞ്ഞ ആഹാരങ്ങൾ ശരീരഭാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് വിശകലനം ചെയ്തത്. ഇതിനായി സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ അമിത ശരീരഭാരമുള്ള 90 പേരെ പഠനത്തിൽ ഉൾപ്പെടുത്തി. ഇവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യത്തെ ഗ്രൂപ്പിൽ പെട്ടവരോട് കാലറി കുറഞ്ഞതും ഗ്ലൈസെമിക് ഇൻഡക്സ് കൂടിയതുമായ ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പുകാർ കഴിച്ചത് കാലറിയും ഗ്ലൈസെമിക് ഇൻഡക്സും കുറഞ്ഞ ആഹാരങ്ങളായിരുന്നു. മൂന്നാമത്തെ ഗ്രൂപ്പുകാരോട് അവർക്കിഷ്ടപ്പെട്ട എന്ത് ആഹാരവും കഴിക്കാനാണ് ഗവേഷകർ ആവശ്യപ്പെട്ടത്. 

ഈ മൂന്ന് ഗ്രൂപ്പിലുള്ളവർക്കും ഉരുളക്കിഴങ്ങും നൽകി. ഓരോ ആഴ്ചയിലും അ‍ഞ്ചു മുതൽ ഏഴു വരെ ഉരുളക്കിഴങ്ങ് കഴിക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു. 12 ആഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവിൽ മൂന്നു ഗ്രൂപ്പിലുള്ളവർക്കും വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ ശരീരഭാരം കുറഞ്ഞതായി കണ്ടെത്തി. 

ആരോഗ്യകരമായ രീതിയിൽ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തിയാൽ ശരീരഭാരം കുറയുമെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ കോളജ് ഓഫ് ന്യൂട്രീഷൻ ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : Weight loss Tips