വെല്ലുവിളി ഏറ്റെടുത്ത് മോദി; വിഡിയോ കാത്ത് രാജ്യം

കളിക്കളത്തിലെ മികവ് എന്നതിലുപരിയായി കോഹ്‌ലിയുടെ ഫിറ്റ് ആന്‍ഡ് പെര്‍ഫക്ടായ ശരീരത്തിനുമുണ്ട് ധാരാളം ആരാധകര്‍.  ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ എന്തു കഠിനാധ്വാനവും ചെയ്യാന്‍ ഒരുക്കമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഏതൊരു കളിക്കാരനും പ്രചോദനമാണ് കോഹ്‌ലിയുടെ ഫിറ്റ്‌നസ്സ്. #HumFitTohIndiaFit ട്വിറ്ററിലെ ഹാഷ് ടാഗ് ചലഞ്ചാണ് ഇപ്പോൾ തരംഗം!. കരുത്ത് തെളിയിക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‍ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്ത വിതരണ പ്രക്ഷേപണമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ തുടങ്ങിവെച്ച ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായാണ് കോഹ്‍ലി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചത്. വെല്ലുവിളി സ്വീകരിച്ച പ്രധാനമന്ത്രി തന്‍റെ ശാരീരികക്ഷമത വ്യക്തമാക്കുന്ന വിഡിയോ ഉടന്‍ പോസ്റ്റുചെയ്യുമെന്നും ട്വീറ്ററിലൂടെ അറിയിച്ചു. തന്‍റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മ, ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവരെയും വിരാട് കോഹ്‍ലി ചലഞ്ച് ചെയ്തിട്ടുണ്ട്. 

ചൊവ്വാഴ്ചയാണ് താന്‍ പുഷ് അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് റാത്തോര്‍ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. കോഹ്‍ലിയെയും ഹൃത്വിക് റോഷനെയും സൈന നെഹ്‍വാളിനെയും കേന്ദ്രമന്ത്രി ചലഞ്ച് ചെയ്തിരുന്നു. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന കോഹ്‍ലി ഒട്ടും വൈകാതെ വെല്ലുവിളി സ്വീകരിച്ചു. സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോയാണ് കോഹ്‍ലി പോസ്റ്റുചെയ്തത്. 

ഇരു കൈമുട്ടുകളും നിലത്ത് കുത്തി കാലുകള്‍ മുകളിലേയ്ക്ക് ചലിപ്പിക്കുന്ന വ്യായാമ മുറയാണ് സ്പൈഡര്‍ പ്ലാങ്ക്. സൈക്ലിങ് ചെയ്യുന്ന വീഡിയോയാണ് ഹൃത്വിക് പോസ്റ്റ് ചെയ്തത്. ചുമ്മാ കാറില്‍ സഞ്ചരിക്കുന്നത് വ്യര്‍ഥമാണെന്നും നടന്നും സൈക്കിള്‍ ചവിട്ടിയും ഇന്ത്യയെയും ഭൂമിയെയും അനുഭവിച്ചും ജീവിക്കാന്‍ താരം ഉപദേശിക്കുകയും ചെയ്തു. ചലഞ്ചിന്‍റെ ഭാഗമായി തന്‍റെ ഒാഫീസ് മുറിയില്‍ വ്യായാമം ചെയ്ത കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു വെല്ലുവിളിച്ചത് സാക്ഷാല്‍ മസില്‍മാന്‍ സല്‍മാന്‍ ഖാനെയാണ്. പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഒളിംപിക്സ് മെഡല്‍ ജേതാവുകൂടിയായ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ തന്‍റെ ഫിറ്റ്നസ് വീഡിയോ തയ്യാറാക്കിയത്. പൗരന്മാരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് #HumFitTohIndiaHit എന്ന ഹാഷ് ടാഗുമായി ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ആദ്യം ഫിറ്റാക്കി കാണിക്കൂവെന്ന ചലഞ്ചലാണ് കോണ്‍ഗ്രസ് ബിജെപിക്ക് മുന്‍പാകെ വെച്ചത്. 

Read More : Celebrity Fitness