Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിനും വേണം ഈ വ്യായാമങ്ങൾ

828110548

കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ കണ്ണുമായി ബന്ധപ്പെട്ട തകരാറുകൾ കൂടുതൽ കാണാറുണ്ട്. തലവേദന, കാഴ്ച തകരാറുകൾ, കണ്ണിൽ നിന്നും വെള്ളം വരിക, വസ്തുക്കൾ രണ്ടായി കാണുക തുടങ്ങിയവയാണു സാധാരണ ഗതിയിലുണ്ടാകുന്ന പ്രശ്നങ്ങൾ.

വ്യായാമങ്ങൾ

കണ്ണിനുണ്ടാകുന്ന ആയാസവും തളർച്ചയും മാറ്റി കണ്ണിന്റെ പേശികളുടെ ശക്തി കൂട്ടാൻ ചില പ്രത്യേക വ്യായാമങ്ങൾ സഹായിക്കും.

1 കൃഷ്ണമണികൾ ചലപ്പിച്ചു കൊണ്ടുള്ള വ്യായാമം നല്ലതാണ്. ഇതിനായി, കൃഷ്ണമണികൾ മുകളിലേയ്ക്കും താഴേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കാം. ഇരുവശങ്ങളിലേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കണം.

2 പേന കൈ അകലത്തിൽ നീട്ടിപ്പിടിച്ച് അതിന്റെ മുകൾ ഭാഗത്തു ദൃഷ്ടി ഉറപ്പിച്ചു മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും ചലപ്പിച്ചു കൊണ്ടു മേൽപറഞ്ഞ വ്യായാമം ചെയ്യാം. 10 പ്രാവശ്യം ചെയ്യണം.

3 അകലെയുള്ള ഒരു വസ്തുവിനെ നോക്കുക. തുടർന്നു മൂക്കിന്റെ അഗ്രഭാഗത്തു നോക്കുക. ഇതു 10 പ്രാവശ്യം ആവർത്തിക്കാം.

4 കസേരയിൽ ഇരിക്കുക. ആയാസപ്പെടാതെ, കണ്ണിനു നേരെ കൈ കൊണ്ടുവരാൻ പാകത്തിനു കസേര കയ്യിൽ കുഷ്യൻ വയ്ക്കുക. രണ്ടു കൈ കൊണ്ടും കണ്ണ് മൂടിപ്പിടിക്കുക. അമർത്തരുത്. കട്ടപിടിച്ച ഇരുട്ടു സങ്കൽപിച്ചു കൊണ്ടു സാവകാശം ശ്വാസോച്ഛ്വാസം ചെയ്യുക.

അഞ്ചു മിനിട്ടു വീതം ദിവസവും രണ്ടു മൂന്നു പ്രാവശ്യം ചെയ്യാം.

5 ജനാലയിലൂടെ പുറത്തേയ്ക്കു നോക്കുക. ചുറ്റുമുള്ള ഓരോ വസ്തുവിനെയും പ്രത്യേകം ശ്രദ്ധിക്കുക. രണ്ടു മിനിട്ട് ഇങ്ങനെ ചെയ്യുന്നതു കണ്ണിലെ പേശികളുടെ വഴക്കം കൂട്ടും.

6 കണ്ണിനു വരൾച്ച അനുഭവപ്പെടുന്നവർ ഇടയ്ക്കിടയ്ക്കു കണ്ണു ചിമ്മുക.

20 അടിയും കംപ്യൂട്ടറും

കംപ്യൂട്ടർ ഉപയോഗിക്കുന്നവർ കണ്ണിൽ നിന്നും 20 ഇഞ്ച് അലകത്തിൽ കംപ്യൂട്ടർ വയ്ക്കുക. ദിവസവും 20 അടി അകലെയുള്ള വസ്തുവിലേയ്ക്കു 20 സെക്കന്റ് നോക്കുക. ഇത് ഓരോ 20 മിനിട്ടിലും ആവർത്തിക്കണം.