പൊണ്ണത്തടിയും നാരകഫലങ്ങളും തമ്മിലുള്ള ബന്ധം?

നാരകഫലങ്ങൾ ധാരാളം കഴിക്കുന്നത് പൊണ്ണത്തടിയുള്ളവരിൽ ഹൃദ്രോഗം, കരൾരോഗം, പ്രമേഹം ഇവ വരുന്നതു തടയുമെന്നു പഠനം. ഭാവിയിൽ പൊണ്ണത്തടി മൂലമുണ്ടാകുന്ന ഗുരുതര രോഗങ്ങളെ തടയാൻ ഒറഞ്ച്, ചെറുനാരങ്ങ മുതലായ നാരകഫലങ്ങളിൽ അടങ്ങിയ ആന്റിഓക്സിഡന്റുകളായ സിട്രസ്ഫ്ലേവനോളുകൾക്ക് കഴിയുമെന്ന് ഗവേഷകർ.

പൊണ്ണത്തടി ഉള്ളവരിൽ ഓക്സിഡേറ്റീവ് സമ്മർദ്ദവും ഇൻഫ്ലമേഷനും മൂലം ഹൃദ്രോഗം, കരൾരോഗം, പ്രമേഹം ഇവ വരാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതുമൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് ഓക്സീകരണസമ്മർദ്ദം മൂലമുള്ള കോശങ്ങളുടെ നാശത്തിനു കാരണമാകും.

ഓറഞ്ചു പോലുള്ള നാരകഫലങ്ങളിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിലൊരു വിഭാഗമായ സിട്രസ് ഫ്ലേവനോളുകളുടെ ഗുണഫലങ്ങൾ ഗവേഷകർ പരിശോധിച്ചു. ബ്രസീലിലെ ഒരുസംഘം ഗവേഷകർ അൻപതോളം എലികളിലാണു പഠനം നടത്തിയത്. ഹെസ്പെറിഡിൻ, എറിയോസിട്രിൻ, എറിയോഡിക്ടിയോൾ എന്നീ ഫ്ലേവനോണുകളുടെ ഗുണങ്ങളാണു പഠിച്ചത്.

ഒരുമാസക്കാലം സാധാരണ ഭക്ഷണം, കൊഴുപ്പു കൂടിയ ഭക്ഷണം, കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം ഹെസ്പെറിഡിൻ, എറിയോസിട്രിൻ, എറിയോഡിക്ടിയോൾ എന്നീ ഫ്ലേവനോണുകളിൽ ഏതെങ്കിലും എന്നിങ്ങനെ എലികൾക്കു നൽകി.

സാധാരണ ഭക്ഷണം നൽകിയ എലികളുമായി താരതമ്യപ്പെടുത്തിയാൽ ഫ്ലേവനോണുകളുടെ അഭാവത്തിൽ കൊഴുപ്പു കൂടിയ ഭക്ഷണം മാത്രം കൊടുത്ത എലികളിൽ കോശങ്ങളുടെ നാശസൂചകങ്ങളായ തയോബാർബിറ്റ്യൂറിക് ആസിഡ് റിയാക്ടീവ് സബ്സ്റ്റൻസ്(TBRS) ന്റെ അളവ് രക്തത്തിൽ 80 ശതമാനവും കരളിൽ 57 ശതമാനവും വർധിച്ചതായിക്കണ്ടു.

കൊഴുപ്പു കൂടുതൽ അടങ്ങിയ ഭക്ഷണത്തോടൊപ്പം ഫ്ലേവനോണുകൾ കൊടുക്കാതിരുന്ന എലികളെ അപേക്ഷിച്ച് ഹെസ്പെറിഡിൻ, എറിയോസിട്രിൻ, എറിയോഡിക്റ്റിയോൾ ഇവ നൽകിയവയിൽ കരളിലെ TBRS യഥാക്രമം 50, 51, 64 ശതമാനമായി കുറഞ്ഞു.

ഈ എലികളിൽ രക്തത്തിലെ ടിബിആർഎസ് ലെവൽ എറിയോസിട്രിൻ 48 ശതമാനവും എറിയോഡിക്ടിയോൾ 47 ശതമാനവും കുറച്ചതായിക്കണ്ടു. കൂടാതെ ഹെസ്പെറിഡിൻ, എറിയോഡിക്ടിയോൾ ഇവ നൽകിയ എലികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും കരളിലെ നാശവും കുറഞ്ഞതായും കണ്ടു. എന്നാൽ സിട്രസ് ഫ്ലേവനോണുകൾമൂലം ശരീരഭാരം കുറഞ്ഞതായി കണ്ടില്ല.

ശരീരഭാരം കുറഞ്ഞില്ലെങ്കിലും ഓക്സിഡേറ്റീവ് സമ്മർദ്ദം, കരൾനാശം, ബ്ലഡ് ലിപ്പിഡുകൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇവയെല്ലാം കുറച്ച് ആരോഗ്യമുള്ളവരാക്കാൻ സാധിച്ചു.

പൊണ്ണത്തടി ഇല്ലാത്തവർക്കും നാരകഫലങ്ങൾ പ്രയോജനകരമാണെന്നും അടുത്ത പടിയായി മനുഷ്യരിൽ പഠനം നടത്താനുള്ള ഒരുക്കത്തിലാണെന്നും പഠനത്തിനു നേതൃത്വം നൽകിയ തെയ്സ് ബി സെസാർ പറഞ്ഞു.

അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ നാഷണൽ മീറ്റിങ്ങിലാണ് ഈ പഠനം അവതരിപ്പിച്ചത്.