ഉറക്കം കുറഞ്ഞാൽ പൊണ്ണത്തടി?

കിടന്നുറങ്ങിയാൽ തടി കൂടുമെന്ന് കേട്ടിട്ടില്ലേ, എന്നാൽ ഉറങ്ങാൻ വളരെ താമസിച്ചാണോ കിടക്കയിലേക്ക് പോകുന്നത്, എങ്കിൽ സൂക്ഷിക്കണേ നിങ്ങൾ തടിയനായേക്കാം. ഉറക്കവും ഭാരം കൂടുന്നതും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ശരിയായ ഉറക്കം ഇല്ലാതെ വരുമ്പോള്‍ പലര്‍ക്കും വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

മോശമായ ഭക്ഷണശീലങ്ങള്‍ ഉറക്കം കുറയാനും അതേസമയം ഭാരം കൂടാനും ഇടയാക്കുമെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ കെല്ലി ഗ്ളേസർ പറയുന്നു. ചിലപ്പോൾ ഉറക്കം വൈകുന്നതിനുകാരണം ഫാസ്റ്റ് ഫുഡ് ജീവിതരീതിയും പച്ചക്കറികൾ ഭക്ഷണത്തിൽ കുറയുന്നതുമാകാമെന്നും പഠനം പറയുന്നു .

ഉറക്കം കുറയുന്നത് ഭാരം കൂടാനും ടൈപ്പ് 2 ഡയബറ്റിസിനും കാരണമായേക്കാമെന്ന് നേരത്തെയും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള 96 ആരോഗ്യദൃഢഗാത്രരെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. സ്ലീപ്പ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.