തിമിര ശസ്ത്രക്രിയ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാത്രിയിൽ വെളിച്ചം കാണുവാനുള്ള ബുദ്ധിമുട്ട്, രാത്രി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബുദ്ധിമുട്ട്, വസ്തുക്കൾ കാണാനുള്ള ബുദ്ധിമുട്ട്... ഇത്തരം അസ്വസ്ഥതകൾ കണ്ണിനുണ്ടോ? കണ്ണട മാറ്റിയിട്ടും കണ്ണിന്റെ മങ്ങൽ വീണ്ടും വരുന്നുണ്ടോ? രോഗം തിമിരമാകാം.

കണ്ണിന്റെ ഉള്ളിൽ കാണുന്ന സ്ഫടികതുല്യമായ (സുതാര്യമായ) ലെൻസിന് ഉണ്ടാകുന്ന മങ്ങലാണു തിമിരം. കണ്ണിലെ ലെൻസാണ് വെളിച്ചത്തെയും വസ്തുക്കളെയും കണ്ണിന്റെ പുറകുവശത്തുള്ള ഞരമ്പുകളിലേക്കു പതിപ്പിക്കുന്നത്. ഞരമ്പുകളിൽ നിന്നും വൈദ്യുത തരംഗങ്ങളായി തലച്ചോറിലേയ്ക്ക് ഈ പ്രതിബിംബങ്ങൾ പോകുന്നു. അതുകൊണ്ടു ലെൻസിനുണ്ടാവുന്ന ചെറിയ മങ്ങലുകൾ പോലും കാഴ്ചയെ പലവിധത്തിൽ ബാധിക്കാം.

തിമിരം ചെറുതാണെങ്കിൽ കണ്ണിലെ ലെൻസിന്റെ ചെറിയൊരു ഭാഗത്തിനു മാത്രമേ മങ്ങലേൽക്കുകയുള്ളൂ. അതുകൊണ്ടു തന്നെ അങ്ങനെയുള്ളപ്പോൾ കാഴ്ചയ്ക്കു പ്രകടമായ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. തിമിരം പതിയെപ്പതിയെ വളരുന്നതനുസരിച്ചു കാഴ്ചയും മോശമായിത്തുടങ്ങും. ലെൻസിലെ മങ്ങൽ കൂടുന്നതോടെ തിമിരം വലുതാവുകയും കാഴ്ച പ്പാട് തകരാറിലാവുകയും ചെയ്യും. 

ഒറ്റ ദിവസത്തെ ശസ്ത്രക്രിയ കൊണ്ട് തിമിരം പൂർണമായും മാറ്റാവുന്നതാണ്. ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ ആശുപകത്രി വിടാനും സാധിക്കും. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കണ്ണിലെ കവചപടലത്തിനുള്ളിലെ കട്ടിപിടിച്ച ലെൻസ് പൊടിച്ചു വലിച്ചെടുത്തിട്ടു പ്ലാസ്റ്റിക് ലെൻസ് ചുരുട്ടി ഉള്ളിലേക്ക് ഇൻജക്റ്റ് ചെയ്യുന്നു. ഫാക്കോസർജറി എന്നാണ് ഇതറിയപ്പെടുന്നത്. 

ശസ്ത്രക്രിയയ്ക്കു മുമ്പ്

പ്രമേഹം, അമിതരക്തസമ്മർദം തുടങ്ങിയ രോഗമുള്ളവർ ഇവ കൃത്യമായി നിയന്ത്രിച്ച ശേഷമേ ശസ്ത്രക്രിയ നടത്താവൂ. ഹൃദ്രോഗികളായവർ രോഗത്തിനു കഴിക്കുന്ന ആസ്പിരിൻ പോലുള്ള മരുന്നുകൾ ശസ്ത്രക്രിയയ്ക്കു ഒരാഴ്ചമുമ്പേ നിർത്തിവയ്ക്കേണ്ടിവരും. ഇക്കാര്യം ചികിത്സിക്കുന്ന ഡോക്ടറുമായി ചേർന്നു സംസാരിച്ച് തീരുമാനിക്കണം. ചുമ, കഫക്കെട്ട് തുടങ്ങിയ മറ്റുരോഗങ്ങളോ അണുബാധയോ ഉള്ളവരും ശസ്ത്രക്രിയയ്ക്കു മുമ്പേ ഇവയെല്ലാം ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്.

ശസ്ത്രക്രിയയ്ക്കു ശേഷം

കണ്ണു കെട്ടിവയ്ക്കണോ: പുതിയ രീതിയിൽ ഇത്തരം കാര്യങ്ങൾക്കു വലിയ നിർബന്ധമില്ല. ചിലർ ശസ്ത്രക്രിയയ്ക്കുശേഷം കണ്ണുകെട്ടി വയ്ക്കാറില്ല. ചിലർ ഒരു ദിവസത്തേക്കു കണ്ണുകെട്ടിവയ്ക്കും. കണ്ണിന് അണുബാധയുണ്ടാകാതിരിക്കാനാണ് ഈ മുൻകരുതലുകളെല്ലാം. ശസ്ത്രക്രിയയ്ക്കുശേഷം ഒരാഴ്ചയെങ്കിലും വെയിലോ പൊടിയോ അടിക്കാതെ സൂക്ഷിക്കുന്നതാണ് നല്ലത്. 

കാഴ്ചശക്തി: കാഴ്ചശക്തി തിരികെ സാധാരണഗതിയിൽ വരുന്നതിന് ആറ് ആഴ്ചയോളമെടുക്കും.

കരുകരുപ്പും ചുവപ്പും: സാധാരണ കുറച്ചു ദിവസത്തേക്ക് കണ്ണിൽ നിന്നും കണ്ണുനീരു കൂടുതലായി വരികയും ചെറിയ തോതിൽ കരുകരുപ്പും ചുവപ്പും ഉണ്ടായെന്നുവരും. അതിൽ പേടിക്കേണ്ടതില്ല. ചിലരിൽ ഈ അസ്വസ്ഥതകൾ പെട്ടെന്നു മാറും. ചിലരിൽ രണ്ടു മൂന്ന് ആഴ്ച നീണ്ടു നിൽക്കാം.

അപകടലക്ഷണങ്ങൾ: ശസ്ത്രക്രിയയ്ക്കു ശേഷം ഉടനേ കാഴ്ച കുറയുകയോ കണ്ണിനു വേദന അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കണം.

മരുന്ന്: വീണ്ടും ആശുപത്രിയിൽ വരാൻ ഡോക്ടർ പറഞ്ഞിട്ടുള്ള നാൾ വരെ ഡോക്ടർ തരുന്ന മരുന്നുകൾ കൃത്യസമയത്ത് ഉപയോഗിക്കണം. അലർജിയും അണുബാധയും വരാതിരിക്കാനുള്ള മരുന്നുകളാണ് അവ.

ശുചിത്വം: കൈകൾ നന്നായി കഴുകിയിട്ടു വേണം കണ്ണിൽ മരുന്ന് ഒഴിക്കുവാൻ. കണ്ണിൽ മരുന്നൊഴിക്കുമ്പോൾ കുപ്പിയോ അടപ്പോ കണ്ണിൽ മുട്ടരുത്.

കുളിക്കാൻ പറ്റുമോ: ശസ്ത്രക്രിയയുടെ പിറ്റേന്നു മുതൽ ദേഹം മാത്രം നനച്ചു കുളിക്കാം. സോപ്പും വെള്ളവും കണ്ണിൽ വീഴാതെ സൂക്ഷിക്കണമെന്നു മാത്രം. ഒരാഴ്ച കഴിഞ്ഞാൽ തലയും നനച്ചു കുളിക്കാം.

ഡ്രൈവിങ് എപ്പോൾ മുതൽ: ഫാക്കോ കഴിഞ്ഞാൽ കുറച്ചു ദിവസങ്ങൾക്കകം ഡ്രൈവ് ചെയ്യാവുന്നതാണ്. എങ്കിലും നമ്മുടെ നാട്ടിലെ മലിനീകരണം വച്ചു നോക്കുമ്പോൾ ഡ്രൈവ് ചെയ്ത് പുറത്തു പോകുമ്പോഴും മറ്റും പുകയും പൊടിയും വെയിലും കൊണ്ട് കണ്ണിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കഴിവതും ആറ്, ഏഴ് ദിവസം കഴിഞ്ഞുമാത്രം ഡ്രൈവ് ചെയ്യുക. അല്ലെങ്കിൽ പുകയും പൊടിയുമേൽക്കാതെ സൺഗ്ലാസ് ധരിക്കണം.

കുനിഞ്ഞു ഭാരം എടുക്കരുത്: ശസ്ത്രക്രിയ കഴിഞ്ഞ് പത്തു ദിവസത്തേയ്ക്കു കുനിഞ്ഞ് ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നത് ഒഴിവാക്കണം. കുനിയുമ്പോൾ കണ്ണിന് അധികമർദം അനുഭവപ്പെടാം. മാത്രമല്ല കണ്ണിന് പരിക്കേൽക്കാനും സാധ്യതയുണ്ട്.

Read more :  ആരോഗ്യ വാർത്തകൾ