Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനിക്കും മുൻപേ മാമനെ രക്ഷിച്ച പെങ്ങടെ കൊച്ച്; ഇത് ട്രോളല്ല, യാഥാർഥ്യം

georgian-russel

‘അച്ഛനെ ഇഷ്ടമാണോ?’

‘അതെ..’

‘അമ്മയെ ഇഷ്ടമാണോ?’

‘അതെ..’

‘മാമനെയോ?’

‘ചങ്കാണ്...’

ട്രോളുകളുടെ ലോകത്ത് ജീവിക്കുന്നവർക്ക് പരിചിതമാണ് ഇത്തരമൊരു സംഭാഷണം. കാരണം അത്രയേറെയുണ്ട് ഇന്ന് ഓരോ ട്രോളിലും പെങ്ങളുടെ മകനും മകളും പിന്നെ മാമനും തമ്മിലുള്ള ബന്ധം. ഡോറ കാണാനും നഴ്സറിയിൽ നിന്നു കൊണ്ടു വരുന്ന ഉപ്പുമാവ് കൊടുക്കാനും അമ്മയോട് കല്ലുവച്ച നുണ പറയാനും അച്ഛൻ തല്ലാൻ വരുമ്പോൾ തിരിച്ചടിക്കാനുമെല്ലാം കൂട്ട് മാമനാണ്. തന്നെ ഇട്ടിട്ടു പോകാതിരിക്കാൻ ‘മാമന് ഒരിക്കലും ജോലി കിട്ടല്ലേ’ എന്നു പ്രാർഥിക്കുന്ന പിള്ളേർസ് വരെയുണ്ട്. പല നിർണായക സന്ദർഭങ്ങളിലും മാമന്റെ രക്ഷയ്ക്കെത്തുന്നതും ഈ കുട്ടിക്കൈകളാണ്. അതെല്ലാം ട്രോൾലോകത്തെ വിശേഷം. യഥാർഥ ജീവിതത്തിൽ ജനിക്കും മുൻപേ മാമന്റെ രക്ഷകൻ അഥവാ രക്ഷകയായ കുട്ടിയുടെ കഥയാണുള്ളത്. 

ഇംഗ്ലണ്ടിലെ ലങ്കാഷെറിലാണു സംഭവം. മുപ്പത്തിനാലുകാരനായ ആഷ്‌ലിക്ക് ഓഗസ്റ്റ് ആദ്യവാരത്തിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. പതിയെ വളർന്ന് പിന്നെ ജീവനെടുക്കുന്ന  ഗ്ലയോബാസ്റ്റോമയാണ് ഇവിടെ വില്ലൻ. ശസ്ത്രക്രിയ നടത്തിയാൽ കാഴ്ച നഷ്ടപ്പെടുകയോ ശരീരം തളരുകയോ ചെയ്യും. അഞ്ചു വർഷം കൂടിയേ ഇനി ആഷ്‌ലിക്ക് ആയുസ്സുള്ളൂവെന്നും ഡോക്ടർമാർ വിധിയെഴുതി. പക്ഷേ വീട്ടുകാർ വിട്ടുകൊടുക്കാൻ തയാറായില്ല. പ്രത്യേകിച്ച് ആഷ്‌ലിയുടെ സഹോദരി ജോർജിന റസ്സൽ. ആ മുപ്പത്തിയൊന്നുകാരി സകലയിടത്തും, ഇന്റർനെറ്റിലുമെല്ലാം അരിച്ചുപെറുക്കി, ട്യൂമറിന്റെ വളർച്ച തടയാൻ എന്താണു മാർഗമെന്ന്. അങ്ങനെയാണ് ആ നിർണായക വിവരം ലഭിക്കുന്നത്. 

ഭൂമിയിലേക്കെത്തി ഏതാനും മിനിറ്റുകൾക്കകമാണ് ‘മാമന്റെ’ ജീവൻ രക്ഷിക്കുന്ന ആ ‘ദിവ്യമരുന്ന്’ കുട്ടി നൽകുക. കുട്ടിയുടെ പൊക്കിൾകൊടിയിൽ നിന്നുള്ള, പോഷകങ്ങളാൽ സമ്പുഷ്ടമായ, മൂലകോശ(സ്റ്റെം സെൽ)ങ്ങളാണവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  പരീക്ഷണഘട്ടത്തിലാണ് ഈ രീതി. ‘രക്ഷകരായ കുട്ടികൾ’ എന്നൊരു പ്രയോഗം തന്നെ ഇതുവഴിയുണ്ടായി. പക്ഷേ ഇതിനോടകം വിവാദങ്ങളിലും സംഗതി പെട്ടു. ട്യൂമറിനു മാത്രമല്ല പലതരം രോഗങ്ങൾക്കും ശാന്തിപകരാൻ ഈ മൂലകോശങ്ങൾക്കാകുമെന്നാണ് പറയപ്പെടുന്നത്. പൊക്കിൾക്കൊടിയിലെ രക്തത്തിൽ നിന്നാണ് മൂലകോശങ്ങളെടുക്കുക. 

അതേസമയം തന്റെ ജീവനിൽ നിന്നുണ്ടാകുന്ന കുരുന്നു വഴി സഹോദരനും ജീവൻ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോർജിന. വരുന്ന ഒക്ടോബറിലാണ് ജോർജിനയുടെ മകൻ/മകൾ ഭൂമിയിലേക്കെത്തുക. കുഞ്ഞിൽ നിന്നെടുക്കുന്ന മൂലകോശങ്ങൾ സൂക്ഷിച്ചുവച്ചാൽ ഭാവിയിലും ആഷ്‌ലിയുടെ ജീവൻ നിലനിർത്താൻ അതുപയോഗപ്പെടുത്താനാകും. സ്പൈനൽ ഫ്ലൂയിഡിലേക്ക് ഈ മൂലകോശങ്ങൾ കുത്തിവച്ചാൽ ട്യൂമർ ചുരുങ്ങുമെന്നാണ് പറയപ്പെടുന്നത്. കീമോതെറാപ്പി മൂലമോ മറ്റോ ശരീരത്തിലെ മറ്റു ഭാഗങ്ങൾക്കുണ്ടാകുന്ന നാശത്തെ ചെറുക്കാൻ ഈ മൂലകോശങ്ങൾക്കു സാധിക്കുമെന്നും കരുതുന്നു.  

അലെക്സിസ് എന്ന കൊച്ചുപെൺകുഞ്ഞുണ്ട് ആഷ്‌ലിക്ക്. വിവാഹിതനായിട്ടും അധികവർഷങ്ങളായിട്ടില്ല.  ഭാര്യ ഫാഷൻ ഡിസൈനറാണ്. ‘ആഷ്‌ലിക്ക് ഇനിയും ഏറെ ജീവിക്കാൻ ബാക്കിയാണ്’ എന്നാണ് തന്റെ പരിശ്രമത്തിനുള്ള ന്യായീകരണമായി ജോർജിന പറയുന്നത്. അതേസമയം പൊക്കിൾക്കൊടി മുറിച്ച്കളയാനുള്ളതായതിനാൽ കുഞ്ഞിന്റെ ആരോഗ്യത്തെയും ഇത് ബാധിക്കില്ല. മൂലകോശങ്ങള്‍ സൂക്ഷിക്കാനുൾപ്പെടെ 10000 പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി സഹായം അഭ്യർഥിച്ച് ‘ജസ്റ്റ്ഗിവിങ്’ വെബ്സൈറ്റില്‍ ഒരു പേജും ആരംഭിച്ചിട്ടുണ്ട് ജോർജിനയും ആഷ്‌ലിയും. ഒട്ടേറെ പേർ സഹായവുമായി എത്തുന്നുമുണ്ട്. മൂവായിരത്തിലേറെ പൗണ്ട് ഇതിനോടകം സമാഹരിച്ചും കഴിഞ്ഞു.