Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കുണ്ടോ നോമോഫോബിയ?

nomophobia

സ്മാർട്ട് ഫോൺ പലർക്കും ശരീരത്തിന്റെ ഭാഗമാണിപ്പോൾ. വേണമെങ്കിൽ ആറാമിന്ദ്രിയം എന്നൊക്കെ പറയാം. ജീവിതത്തിന്റെ ഭാഗമായി സ്മാർട്ട് ഫോൺ മാറിക്കഴിഞ്ഞു. കേൾവിയുടെയും കാഴ്ചയുടെയും എക്സ്റ്റൻഷൻ എന്നും പറയാം.

സ്മാർട്ട് ഫോൺ കയ്യിൽ ഇല്ലെങ്കിലോ ബാറ്ററി തീർന്നലോ ചിലർക്ക് ആകെയൊരു അസ്വസ്ഥതയാണ്. സൂക്ഷിക്കുക നോമോഫോബിയ എന്നു വിളിക്കുന്ന സ്മാർട്ട് ഫോൺ സെപ്പറേഷൻ ആൻക്സൈറ്റി ആകാം നിങ്ങൾക്ക്.

സ്മാർട്ട് ഫോൺ കയ്യിലില്ലെങ്കിൽ സെപ്പറേഷൻ ആൻക്സൈറ്റി ബാധിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുന്നുവെന്നു ഗവേഷകർ. സ്മാർട്ട് ഫോൺ അഡിക്ഷനാണ് ഈ ഉത്കണ്ഠ ഉണ്ടാക്കുന്നത്.

സ്മാർട്ട്ഫോൺ അടുത്തില്ലെങ്കിൽ വർധിച്ച ഹൃദയമിടിപ്പ്, ഉത്കണ്ഠ, രക്തസമ്മർ‌ദം ഇവയെല്ലാം നോമോഫോബിയ ബാധിച്ചവരിൽ ഉണ്ടാകാം.

സ്മാർട്ട് ഫോണിനെ തങ്ങളുടെ ശരീരത്തിന്റെ ഭാഗമായി കാണുന്നവർ ഇതിനോടു കൂടുതൽ അടുപ്പം പുലർത്തുന്നു. അതുകൊണ്ടുതന്നെ ഫോൺ അടുത്തില്ലെങ്കിൽ അതു നോമോഫോബിയയിലേക്കു നയിക്കുന്നുവെന്ന് ഹോങ്‌കോങ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു.

സ്മാർട്ട് ഫോണുകൾ വ്യക്തിപരമായ ഓർമകളെ ഉണർത്തുന്നതിനാൽ ഇത് ഉപയോഗിക്കുന്നവർ തങ്ങളുടെ വ്യക്തിത്വത്തെ സ്മാർട്ട് ഫോണിലേക്ക് പരിവർത്തനം ചെയ്യുന്നു. ഫോണുകളെ തന്റെ തന്നെ ഭാഗമായി കാണുമ്പോൾ കൂടുതൽ കൂടുതൽ അതിനോട് അടുപ്പമുണ്ടാവുന്നു. ലഭ്യമായ സൗകര്യങ്ങൾ കൂടുന്തോറും ഇതിനോടുള്ള ആശ്രിതത്വവും കൂടുന്നു. സ്മാർട്ട് ഫോണിനൊപ്പം ചെലവഴിക്കുന്ന സമയം കൂടുന്തോറും നോമോഫോബിയയും വ്യാപകമാകുന്നു.

വ്യക്തിപരമായ ഓർമകൾ, ഉപയോഗിക്കുന്നയാൾക്ക് ഫോണിനോടുള്ള അടുപ്പം ഇവയാണ് നോമോഫോബിയ അഥവാ ഫോൺ എപ്പോഴും അടുത്തുണ്ടാകണം എന്ന സ്വഭാവത്തിലേക്കു നയിക്കുന്നത്. ഈ ഘടകങ്ങളെ തിരിച്ചറിയാൻ ഗവേഷകർ ഒരു മാത‍ൃക വികസിപ്പിച്ചു.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കിടയിൽ നല്ല ഓർമകൾ, അടുപ്പം, എപ്പോഴും ഫോൺ അടുത്തുണ്ടാകണം എന്ന സ്വഭാവം, നോമോഫോബിയ ഇവ അളക്കാൻ ഒരു ഓൺലൈൻ സർവേയും തയാറാക്കി.

നമ്മുടെ ഹൈടെക് ജീവിത രീതി നമുക്കു സമ്മാനിച്ച എല്ലാ ഉത്കണ്ഠകളെയും ( Nomophobia – Fear of missing out (Foma), Fear of being offline (FoBo)) സാധാരണ ഭയങ്ങൾ (ഫോബിയ) പോലെതന്നെ കാണേണ്ടതാണെന്ന് യു എസിലെ ഇന്ററാക്ടീവ് മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ ബ്രെന്ദ കെ വെയ്ഡർഫോർഡ് പറയുന്നു.

എക്സ്പോഷർ തെറാപ്പി അതായത് താൽക്കാലികമായി എല്ലാ ടെക്നോളജിയും ഉപയോഗിക്കുന്നത് നിർത്തിവയ്ക്കുക വഴി ഉത്കണ്ഠ കുറയ്ക്കാനും ഫോൺ ഇല്ലാത്തപ്പോഴും കംഫർട്ടബിൾ ആകാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്മാർട്ട് ഫോണിന് ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനാവും എങ്കിലും അമിതോപയോഗം, ആശ്രിതത്വം അഡിക്ഷൻ തുടങ്ങിയ ദോഷങ്ങളും ഉണ്ട്. അതിൽ ഒടുവിലത്തേതാണ് ഉത്കണ്ഠ സമ്മാനിക്കുന്ന നോമോഫോബിയ.

സൈബർ സൈക്കോളജി, ബിഹേവിയർ ആൻഡ് സോഷ്യൽ നെറ്റ്‌വർക്കിങ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.