Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പുകടി : തെറ്റായ പ്രഥമശുശ്രൂഷ അപകടകരം

first-aid-snake-bite

വിഷമുള്ളതും ഇല്ലാത്തതുമായ പലയിനം പാമ്പുകൾ നമുക്കു ചുറ്റും ഉണ്ട്. ഇവയൊന്നും ആക്രമണകാരികളല്ല എന്നതാണു സത്യം. അതുകൊണ്ട് പാമ്പിനെ ഭയപ്പെടേണ്ടതില്ലെന്നു തന്നെ പറയാം. ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനോ പ്രതിരോധിക്കുന്നതിനോ ഉള്ള ശ്രമത്തിലാണ് പാമ്പ് കടിക്കുന്നത്. പലപ്പോഴും നമ്മുടെ ചവിട്ടേൽക്കുമ്പോഴാകും ഇത്. അതുകൊണ്ടു തന്നെ കടിക്കുമ്പോൾ ഏൽക്കുന്ന വിഷത്തിന്റെ അളവിലും ഏറ്റക്കുറച്ചിൽ ഉണ്ടാകും. തണുപ്പുള്ള തറയിൽ പായ വിരിച്ചു കിടന്ന് ഉറങ്ങുന്നവർക്കു തറയിൽ നിന്നു പാമ്പിന്റെ കടി ഏൽക്കാറുണ്ട്. ഇതും ഉറക്കത്തിൽ തിരിയുകയോ മറിയുകയോ ചെയ്യുമ്പോൾ പാമ്പ് അടിയിൽ പെടുമ്പോൾ ഉള്ള രക്ഷ തേടലിന്റെ ഭാഗമാണ്. 

വിഷബാധ പലവിധം 

ഓരോ തരം പാമ്പിന്റെയും വിഷം ഓരോ തരത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. ചിലത് ശ്വസന വ്യവസ്‌ഥയെ ബാധിക്കും, ചിലത് നാഡീവ്യൂഹത്തെ തളർത്തും മറ്റു ചിലത് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും. ഇങ്ങനെ ശരീരത്തിലെ വ്യത്യസ്‌ത അവയവങ്ങളെ പല വിധത്തിലാണ് വിഷം ബാധിക്കുന്നത്. ഏത് ഇനം പാമ്പാണ് കടിച്ചത് എന്നു തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കും. അതുപോലെ തന്നെ പ്രധാനമാണ് എത്രമാത്രം വിഷം ശരീരത്തിൽ കടന്നു എന്നതും. വിഷത്തിന്റെ അളവ് എത്രയെന്ന് രക്‌ത പരിശോധനയിലൂടെ കണ്ടെത്തുന്നതിനുള്ള നൂതനമാർഗങ്ങൾ പല രാജ്യങ്ങളിലും വികസിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ അത്രതന്നെ കൃത്യതയോടെയുള്ള പരിശോധനാ മാർഗങ്ങൾ നിലവിലില്ല. വിഷം ഏതു തരമെന്നും അളവ് എത്രമാത്രമെന്നും പാമ്പുവിഷ ചികിത്സയിൽ വൈദഗ്‌ധ്യം നേടിയ ഡോക്‌ടർക്ക് അനുഭവ സമ്പത്തുകൊണ്ട് കണ്ടുപിടിക്കാനും ചികിത്സ നിർദേശിക്കാനും കഴിയുമെന്ന് ഈ രംഗത്ത് കാൽനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ. മോഹൻ വർഗീസ് അഭിപ്രായപ്പെട്ടു. 

തെറ്റായ പ്രഥമശുശ്രൂഷ അപകടകരം 

പാമ്പുകടിയേറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷയെപ്പറ്റി തെറ്റായ ധാരണകളാണ് പലർക്കുമുള്ളത്. കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്‌തം ഊറ്റിക്കളയണമെന്നതാണ് അതിലൊന്ന്. ഈ മുറിവുണ്ടാക്കൽ അനാവശ്യവും അപകടകരവുമാണ്. അതുപോലെ തന്നെ പ്രധാനമാണ് കടിയേറ്റ ഭാഗത്തിനു മുകളിൽ ചുറ്റിക്കെട്ടുന്നതിലെ അപാകത. ചരടോ വള്ളിയോ ഉപയോഗിച്ച് ഒരിക്കലും കെട്ടരുത്. തുണിയോ ടൗവലോ ഉപയോഗിച്ചു മാത്രമേ കെട്ടാവൂ. അതും മുറുക്കി കെട്ടരുത്. വലിച്ചു മുറുക്കി കെട്ടിയാൽ ആ ഭാഗത്തേക്കുള്ള രക്‌തയോട്ടം തടസ്സപ്പെടുകയും ശരീരഭാഗം മുറിച്ചുമാറ്റേണ്ട അവസ്‌ഥ വരെ ഉണ്ടാകുകയും ചെയ്യും.

ഒരു വിരൽ കടക്കാവുന്ന തരത്തിൽ അയച്ചു മാത്രമേ കെട്ടാവൂ. പാമ്പു കടിച്ചയാളെ അധികം നടക്കാനോ ഓടാനോ അനുവദിക്കരുത്. നടക്കുകയോ ഓടുകയോ ചെയ്‌താൽ രക്‌തചംക്രമണം വേഗത്തിലാകുകയും വിഷം പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. ആളെ ഭയപ്പെടുത്താതെ സമാധാനിപ്പിക്കുകയും എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയുമാണ് ചെയ്യേണ്ടത്. അതിനിടയ്‌ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കിൽ വായോടു വായ് ചേർത്തുവച്ച് കൃത്രിമ ശ്വാസോച്‌ഛ്വാസം നൽകുന്നത് സ്‌ഥിതി ഗുരുതരമാകാതിരിക്കാൻ സഹായിക്കും.