മസിലുകൾ കരിഞ്ഞ് ശ്രീജിത്ത്; മനസ്സ് ഇപ്പോഴും കാരിരുമ്പ്

അനുജൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് 782 ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയ ശ്രീജിത്തിന്റെ പഴയ രൂപം. ശരീര സൗന്ദര്യ മൽസരത്തിൽ ജേതാവായിരുന്ന കാലത്തെ കരുത്തുറ്റ ശരീരസൗന്ദര്യത്തിന്റെ ചിത്രമാണ് ഇടത്തേത്. സമരം അവസാനിപ്പിച്ചു വീട്ടിലേക്കു മടങ്ങുംമുൻപേ സമരസ്ഥലത്ത് പരിപാലിച്ചിരുന്ന ആൽത്തൈ കൊണ്ടുപോകാൻ എടുക്കുന്ന ക്ഷീണിതരൂപം വലത്തും.

മനസ്സുറപ്പുപോലെതന്നെ മസിലുറപ്പുമുണ്ടായിരുന്നു ശ്രീജിത്തിന്. ഇപ്പോഴല്ല, ഒരു പതിറ്റാണ്ടു മുൻപ്. 782 ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം അവസാനിപ്പിക്കുമ്പോൾ ആൽമരത്തിന്റെ തൈ കൈകളിൽ പിടിച്ച് വാടിയ വള്ളിപോലെ നിന്നിരുന്നയാളല്ല ശരിക്കും ശ്രീജിത്ത്. 

മസിലുകളിൽ കരുത്തിന്റെ കൊള്ളിയാൻ മിന്നിച്ച മിസ്റ്റർ കേരള ജൂനിയർ പട്ടത്തിന്റെ മൽസരത്തിലെ റണ്ണർ അപ്പും തലസ്ഥാനജില്ലയിലെ ചാംപ്യനുമായിരുന്നു. അധികമാരും ഓർക്കാത്ത, ശ്രീജിത്ത് തന്നെ അധികമാരോടും പറയാത്ത ചരിത്രം. 22 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ മൽസരിക്കുമ്പോൾ 65നും 70നും ഇടയ്ക്കായിരുന്നു ശരീരഭാരം. 

ഒരു വയസ്സുമാത്രം ഇളയ അനുജൻ ശ്രീജിവിനെ ലോക്കപ്പിൽ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടത്തിയ ചരിത്രസമരത്തിനൊടുവിൽ സെക്രട്ടേറിയറ്റിനു മുന്നിലെ പോർക്കളം ഒഴിയുമ്പോൾ ശ്രീജിത്ത് 48 കിലോ മാത്രം. കുറഞ്ഞത് ഇരുപതോളം കിലോ. വെയിലും മഴയും പൊടിയുമേറ്റു തളർന്നും ഭക്ഷണം ഉപേക്ഷിച്ചും തുടർന്ന സമരത്തിനൊടുവിൽ ശ്രീജിത്ത് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിൽസയിലാണ്. പ്രോട്ടീനിന്റെയും വൈറ്റമിനുകളുടെയും കുറവുണ്ട്, തല ചുറ്റലും.

Read More : Health News