Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യരോഗങ്ങളെ പരസ്യമായി വെല്ലുവിളിച്ച സർക്കാർ

sarkar

രഹസ്യരോഗങ്ങൾ ചികിൽസിക്കാൻ കേരളത്തിലാദ്യമായി പരസ്യം നൽകിയ എം.എസ്.സർക്കാർ ഇനി ഓർമകളിൽ. സർക്കാറിന്റെ പിൻതുടർച്ചക്കാരനായി ഇനി ആര്? തിരുവനന്തപുരത്തുകാരുടെ ചർച്ചകളിൽ സജീവം. 

‘സമ്പൂർണ ദാമ്പത്യരോഗ ചികിൽസയ്ക്ക് എം.എസ്.സർക്കാർ ഡിസ്പൻസറി, മണക്കാട്’ എന്ന പരസ്യം കാണുമ്പോൾ കണ്ണുടയ്ക്കാത്തവരില്ലായിരുന്നു. കിടപ്പറ വെല്ലുവിളികൾ നേരിടാൻ ഒട്ടേറെപ്പേർ സർക്കാരിനെ തേടിയെത്തി. തിരക്കേറിയപ്പോൾ സർക്കാർ കേരളത്തിലും പുറത്തും ചികിൽസാ ക്യാംപുകൾ സംഘടിപ്പിച്ചു. വിദേശത്തും സർക്കാരിന്റെ ‘നിയന്ത്രണമരുന്നുകൾ’ പ്രസിദ്ധമായിരുന്നു.

12 വർഷം മുൻപ്. തിരക്കിന്റെ ലോകത്തുനിന്നു മറവിയുടെ ഇരുട്ടിലേക്കു വീണുതുടങ്ങിയിരുന്നു. സർക്കാർ പരിശീലിപ്പിച്ച മക്കളായി പിന്നീടു ചികിൽസകർ. സർക്കാർ പറഞ്ഞ കണക്കനുസരിച്ചു മരിക്കുമ്പോൾ അദ്ദേഹത്തിന് 84 വയസ്സായിരുന്നു. മക്കൾ പറയുന്നു, 90നുമേൽ പ്രായമുണ്ടെന്ന്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു മുഹമ്മദ് സെയ്ദ് സർക്കാരിന്റെ കുടുംബാംഗങ്ങൾ. യുനാനി സമ്പ്രദായത്തിൽ ലൈംഗികരോഗ ചികിൽസയായിരുന്നു ആ കുടുംബത്തെ ശ്രദ്ധേയമാക്കിയത്. വിഭജനത്തോടെ ഇന്ത്യയിലേക്കുവന്നു. പലഭാഗത്തും ചികിൽസകൾ നടത്തി രാജ്യമാകെ സഞ്ചരിച്ച മുഹമ്മദ് സെയ്ദ് സർക്കാർ പേരിനെ ചുരുക്കി – എം.എസ്.സർക്കാർ. അദ്ദേഹം ഏഴുപേരെ വിവാഹം കഴിച്ചു. ഭാര്യമാരെല്ലാം രമ്യതയിൽ. ആരെയും വിഷമിപ്പിക്കാതെ വലിയ കുടുംബത്തെ നയിക്കുന്നതിൽ സർക്കാർ വിജയിച്ചു. 16 മക്കൾ. 

കേരളത്തിൽ എത്തിയപ്പോൾ ഇവിടത്തെ കാലാവസ്ഥയും കടൽ സാമീപ്യവുമെല്ലാം പിതാവിനു ബോധ്യപ്പെട്ടുവെന്ന് ഇപ്പോൾ ഡിസ്പൻസറിയുടെ ചുമതല വഹിക്കുന്ന മകൻ ഷേർ ഖാൻ സർക്കാർ പറയുന്നു. ഏഴാം ഭാര്യ മുംതാസ് ബീഗത്തിന്റെ മകനാണു എസ്.കെ.സർക്കാർ. കേരളം ചുറ്റിയടിച്ച എം.എസ്.സർക്കാർ 1955ൽ മണക്കാട് ഡിസ്പൻസറി ആരംഭിച്ചു. പ്രതീക്ഷിച്ചതിനെക്കാൾ രോഗികൾ. എം.എസ്.സർക്കാറിന്റെ ചികിൽസയെക്കുറിച്ച് അറിഞ്ഞു പലഭാഗങ്ങളിൽ നിന്നും എത്തി. 

തിരക്കുകൂടിയപ്പോൾ കേരളത്തിലെ പല കേന്ദ്രങ്ങളിലും നിശ്ചിത ദിവസങ്ങളിൽ ക്യാംപുകൾ സംഘടിപ്പിച്ചു. വിദേശത്തും സർക്കാരിന്റെ ക്യാംപുകളിൽ തിരക്കായിരുന്നു. മറ്റൊരു ഭാര്യയുടെ മകൻ റാണയാണു കൊച്ചിയിൽ റോയ് മെഡിക്കൽസ് ആരംഭിച്ചത്. പല മക്കളും രാജ്യത്തിന്റെ പല ഭാഗത്തും ക്ലിനിക്കുകൾ നടത്തുന്നുണ്ട്. പക്ഷേ, ആരൊക്കെ എവിടെയൊക്കെ ക്ലിനിക് നടത്തുന്നുവെന്നു സഹോദരങ്ങൾക്കു നിശ്ചയമില്ല. പക്ഷേ, എല്ലാവരുടെയും ബോർഡിൽ പിതാവിന്റെ ചിത്രമുണ്ട്, അഭിമാനത്തോടെ.

Read More : Health News