Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയാഗ്ര ഈ അവസരങ്ങളില്‍ കഴിക്കരുത്

viagra

പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബലഹീനതയും പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നാണ് വയാഗ്ര. ലൈംഗികമായ ബലഹീനതകള്‍ കാരണം പലരുടെയും വിവാഹജീവിതം വരെ തകരുന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അവസ്ഥയില്‍ പുരുഷന്മാര്‍ക്ക് ഒരനുഗ്രഹം പോലെയാണ് വയാഗ്ര വിപണിയിലെത്തിയത്. 

എന്നാല്‍ ഏതുനേരത്തും ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര. വയാഗ്ര കഴിക്കാന്‍ പാടില്ലാത്ത ചില അവസരങ്ങള്‍ ഉണ്ടെന്ന് അറിയുക. അത് ഏതൊക്കെയാണെന്നു നോക്കാം.

അമിതമായി മദ്യപിച്ചാല്‍

അമിതമദ്യപാനവും ഉദ്ധാരണക്കുറവും തമ്മില്‍ ബന്ധമുണ്ട്. അതുപോലെ സ്ഥിരമായ മദ്യപാനം ലൈംഗികഅവയവത്തിലേക്കുള്ള രക്തക്കുഴലിന്റെ പ്രവര്‍ത്തനം ക്ഷയിപ്പിക്കും. ഇത് ബലഹീനതയ്ക്ക് കാരണമാകും. മദ്യപാനം അധികമായവര്‍ വയാഗ്ര കഴിച്ചാല്‍ അതുകൊണ്ടുതന്നെ ഫലം ലഭിക്കില്ല.

മറ്റു മരുന്നുകള്‍ കഴിക്കുമ്പോള്‍

പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരും ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും വയാഗ്ര കഴിക്കരുത്‌. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന്‌ ഹൃദ്രോഗവിദഗ്‌ധന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ. ആരോഗ്യസ്ഥിതിയും ആവശ്യകതയും മനസിലാക്കി വേണം ഡോസ്‌ നിശ്ചയിക്കാന്‍.

മാരകരോഗങ്ങള്‍ ഉണ്ടെങ്കില്‍ 

ഈ അവസരത്തിലും വയാഗ്ര കഴിക്കരുത്. മറ്റു രോഗങ്ങള്‍ക്കു മരുന്ന് കഴിക്കുമ്പോള്‍ വയാഗ്ര കഴിച്ചാല്‍ ചിലപ്പോള്‍ അത് ഹൃദ്രോഗം, സ്ട്രോക്ക്, കണ്ണിന്റെ കാഴ്ച കുറയല്‍, കരള്‍ രോഗങ്ങള്‍ എന്നിവ ഉണ്ടാക്കും. ലുക്കീമിയ, ഹീമോഫിലിയ, അള്‍സര്‍ എന്നിവയ്ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉറപ്പായും ഡോക്ടര്‍ നിര്‍ദേശിക്കുന്ന പടി മാത്രം കഴിക്കുക.

മോശമായ വ്യക്തിബന്ധങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വേണ്ട

ലൈംഗികത എന്നത് ശാരീരികം മാത്രമല്ല മാനസികം കൂടിയാണല്ലോ. അപ്പോള്‍ എന്തെങ്കിലും തരത്തിലെ മാനസികപിരിമുറുക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വയാഗ്ര കഴിക്കാതെ നോക്കുക. പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ ഉദ്ധാരണപ്രശ്നം ഉണ്ടാകാം. ഈ അവസരത്തില്‍ കൗണ്‍സലിങ്, മനഃശാസ്ത്രവിദഗ്ധന്റെ നിര്‍ദേശം എന്നിവയ്ക്ക് ശേഷം മാത്രം മരുന്ന് കഴിക്കാം.

ഉദ്ധാരണക്കുറവ് ഇല്ലെങ്കില്‍ 

ഉദ്ധാരണശേഷി ഉണ്ടെങ്കില്‍ ഒരിക്കലും വയാഗ്ര കഴിക്കരുത്. ഉദ്ധാരണം ഉള്ളവര്‍ വയാഗ്ര കഴിച്ചാല്‍ ചിലപ്പോള്‍ ഉണ്ടാകുക വിപരീതഫലമാകും. 

ആവശ്യമില്ലാതെ വേണ്ട 

ആവശ്യമില്ലാതെയും സെക്സ് ചെയ്യാത്ത സമയങ്ങളിലും വയാഗ്ര കഴിക്കരുത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുപ്പതു മുതല്‍ ഒരു മണിക്കൂര്‍ മുൻപു വരെയാണ് വയാഗ്ര കഴിക്കേണ്ടത്‌. ലൈംഗികാവയവത്തിന്റെ ഉദ്ധാരണശക്തി കൂട്ടാന്‍ വയാഗ്ര സഹായിക്കുന്നു. ഉദ്ധാരണം തീരെ നടക്കാത്ത പുരുഷനില്‍ വയാഗ്രയുടെ ഫലം സീറോ ആയിരിക്കും.

സ്ത്രീകള്‍ കഴിക്കരുത് 

പുരുഷന്മാരെ പോലെ തന്നെ ചിലപ്പോള്‍ ലൈംഗികപ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കും ഉണ്ടാകാം. ഈ അവസരത്തില്‍ മുറിവൈദ്യം പരീക്ഷിക്കും പോലെ വയാഗ്ര കഴിക്കരുത്. പുരുഷന്മാരുടെ മാത്രം മരുന്നാണ് വയാഗ്ര എന്ന് ഓര്‍ക്കുക.

അലര്‍ജി ഉണ്ടെങ്കില്‍ വേണ്ട 

എന്തെങ്കിലും തരത്തിലെ അലര്‍ജി ഉള്ളവര്‍ വയാഗ്ര ഉപയോഗിക്കരുത്.

ഡോക്ടര്‍ നിര്‍ദേശിക്കാതെ അരുത് 

ഒരു ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ഒരിക്കലും വയാഗ്ര കഴിക്കരുത് എന്ന് ഓര്‍ക്കുക. മരുന്ന്‌ ഓവര്‍ഡോസ്‌ കഴിക്കുന്നതു ഏറെ അപകടകരമാണ്‌. സൈക്യാട്രിസ്റ്റിന്റെയോ യൂറോളജിസ്റ്റിന്റെയോ എന്‍ഡോക്രൈനോളജിസ്റ്റിന്റെയോ കുറിപ്പ്‌്‌ ഇല്ലാതെ വയാഗ്ര വില്‍ക്കരുതെന്നാണ്‌ നിയമം.

Read More : Healthy Life Tips