താരൻ എങ്ങനെ പൂർണമായി അകറ്റാം?

താരന്റെ ശല്യത്തെക്കുറിച്ച് വേവലാതിപ്പെടാത്തവരായി ആരും കാണുകയില്ല. ചെറുപ്പക്കാരുടെ ഏറ്റവും വലിയ പേടിസ്വപ്‌നമാണ് താരൻ. ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ ഒഴിഞ്ഞു പോകാത്തൊരു ശല്യക്കാരനായി പലരും ഇതിനെകാണുന്നു. ചിലരുടെ അനുഭവത്തിലെങ്കിലും ഇത് സത്യവുമാണ്. ചിലർക്ക് ഇത് സ്‌ഥിരമായി ഉണ്ടാകും, ചിലർക്ക് പ്രത്യേക കാലാവസ്‌ഥകളിലും. 

താരൻ രണ്ടു തരത്തിലാണ്. വെളുത്ത് പൊടി പോലെ തലയിലും തോളിലും വസ്‌ത്രത്തിലും പാറി വീഴുന്ന താരനാണ് ഇതിലൊന്ന്. ഇത് അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. മറ്റൊന്ന്, അൽപം നനവോടെ തലയോട്ടിയോടു പറ്റിപ്പിടിച്ചിരിക്കുന്ന താരനാണ്. ഇത് പുറമേ നിങ്ങളെ നാണം കെടുത്തില്ലെങ്കിലും മറ്റു പല ദോഷങ്ങളും ഉണ്ടാക്കിവയ്‌ക്കാം. 

സ്വാഭാവിക അവസ്ഥയാണെങ്കിലും ജനിതക ഘടനയും ആരോഗ്യസ്ഥിതിയുമനുസരിച്ച് പലരിലും വിവിധ അളവിലാണ് ഇത് അനുഭവപ്പെടുന്നത്. ശിരോചർമം വൃത്തിയായി സൂക്ഷിക്കുന്നതാണ് താരനെ നിലയ്ക്കു നിർത്താൻ ഏറ്റവും നല്ല മാർഗം. മിതമായി ഷാംപൂ ഉപയോഗിച്ച് ശിരോചർമം നന്നായി സൂക്ഷിച്ചാൽ താരന്റെ ശല്യം ഒരു പരിധി വരെ തടയാം. 

താരനോടൊപ്പം വിയർപ്പും ചേരുമ്പോൾ തലയോട്ടിയിൽ അമിതമായി ചൊറിച്ചൽ അനുഭവപ്പെടും. നഖമോ ചീർപ്പോ ഉപയോഗിച്ച് ശക്തമായി തല ചൊറിയുന്നത് മുടിക്കു ദോഷമാണ്. സിനിമയിൽ നായകന്റെയോ നായികയുടെയോ പുതിയൊരു ഹെയർ സ്റ്റൈൽ കണ്ടാൽ പരീക്ഷിക്കാൻ പലർക്കും തോന്നുന്നത് സ്വാഭാവികം. മുടി ചീകുന്ന രീതി മുതൽ മുടിയുടെ നിറം മാറ്റി വരെ പരീക്ഷിക്കുന്നവരുണ്ട്. പുതുമ നല്ലതാണെങ്കിലും ഏതു പരീക്ഷണത്തിനും മുൻപ് മുടിയുടെ ആരോഗ്യത്തിനു ചേർന്നതാണോ അത് എന്നാലോചിക്കുന്നതു നല്ലതായിരിക്കും. 

ജന്മനാ ലഭിച്ച മുടിയുടെ ഘടന പെട്ടെന്നു മാറ്റുമ്പോളുണ്ടാകുന്ന അസ്വസ്ഥത കണക്കിലെടുത്തുവേണം പരീക്ഷണത്തിനു മുതിരാൻ. മുടി ചീകുന്ന രീതി മാറ്റുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ലെങ്കിലും രാസവസ്തുക്കളുപയോഗിച്ച് മുടിയുടെ നിറം മാറ്റുന്നത് മുടി കൊഴിച്ചലിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. 

Read More : മുടി കൊഴിച്ചിൽ പ്രശ്നമാകുന്നുണ്ടോ?