Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കിലോ കുറഞ്ഞെങ്കിലും തായ് ബാലൻമാർ ആരോഗ്യത്തോടെ; വിഡിയോ

Thailand-Cave-Video ചികിത്സയിലിരിക്കുന്ന കുട്ടികളുടെ വിഡിയോ ദൃശ്യം.

പതിനേഴു ദുരിതദിനങ്ങൾ ഇരുൾഗുഹയില്‍ കഴിച്ചുകൂട്ടിയതിന്റെ ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും തായ്‌ലൻഡിലെ ബാലൻമാർക്കില്ലെന്ന് ഡോക്ടർമാർ. ആഹാരമില്ലാതെ അൽപം മെലിഞ്ഞെന്നതൊഴിച്ചാൽ എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നു. ഓരോരുത്തർക്കും ശരാശരി രണ്ടു കിലോ തൂക്കം കുറഞ്ഞിട്ടുണ്ട്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 

കുട്ടികളിൽ ചിലർക്ക് ഇപ്പോഴും ശ്വാസകോശത്തിൽ അണുബാധയുണ്ട്. സർജിക്കൽ മാസ്ക് ധരിച്ച കുട്ടികളെയാണു വിഡിയോയിൽ കാണാനാവുക. ഏഴു മുതൽ പത്തു ദിവസം വരെ കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികൾക്ക് ആശുപത്രി വിടാനാകൂ. മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. പത്തു ദിവസത്തിനു ശേഷം വീട്ടിലേക്കു മാറ്റാം. എന്നാൽ അവിടെയും ഒരു മാസത്തോളം സുഖ ചികിത്സ നടത്തേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. 

രക്ഷാദൗത്യം പൂർണമായി വിജയിച്ചതിനു പിന്നലെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. എന്നാൽ, ഗുഹാവാസക്കാലത്ത് അവരുടെ ആരോഗ്യം, അവസരത്തിനൊത്തുയർന്ന ഫുട്ബോൾ പരിശീലകന്റെ കയ്യിൽ ഭദ്രമായിരുന്നെന്നാണ് തായ്‌ലൻഡ് ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ തോങ്ചായ് ലേർട്‌വിലായ്രത്തനപോങ് അറിയിച്ചത്. നാലു കുട്ടികളെ അവരുടെ മാതാപിതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു.

നിരീക്ഷണത്തിലായതിനാൽ, സുരക്ഷാവസ്ത്രം ധരിച്ച് ഏഴടി അകലെനിന്നുകൊണ്ട് മക്കളെ കാണാനേ അവർക്കായുള്ളു. ഗുഹയിൽ നിന്ന് അവസാനം പുറത്തെത്തിച്ച കുട്ടികളിലൊരാൾക്കു ശ്വാസകോശ അണുബാധയുണ്ടെന്നും തോങ്‍‌ചോയ് പറഞ്ഞു. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പുകള്‍ നൽകിക്കഴിഞ്ഞു.

Read More : Health News