Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഹെർണിയ? ചികിൽസ എങ്ങനെ?

hernia

വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ദൗർബല്യം സംഭവിക്കുമ്പോൾ ഉള്ളിലെ കുടൽ മുതലായ അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്നതാണ് ഹെർണിയ അഥവാ കുടലിറക്കം. ഭാരം ഉയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴുമൊക്കെ ഹെർണിയ ഉള്ള ഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടും. 10–15% പേർക്ക് ഹെർണിയ ബാധിക്കുന്നുണ്ട്. ഇതിന്റെ ചികിൽസയ്ക്ക് ഇപ്പോൾ ആധുനിക മാർഗങ്ങളാണ് ഉള്ളത്. 

വയറിന്റെ പേശീ ദൗർബല്യം ഉള്ള ഭാഗത്ത് ഒരു മുഴയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മുഴ സാവധാനം വലുതാകുന്നതും ആദ്യഘട്ടത്തിൽ വേദന ഇല്ലാത്തതുമായിരിക്കും. പക്ഷേ, പിന്നീട് തുടർച്ചയായി നിൽക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങും. ഹെർണിയ പുറത്തേക്ക് തള്ളി വരുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെങ്കിലും കിടക്കുമ്പോഴും കൈ കൊണ്ട് പതുക്കെ അമർത്തുമ്പോഴും മുഴ ഉള്ളിലേക്ക് പോകും. 

ഏറ്റവും സാധാരണയായി കാണുന്ന ഹെർണിയ നാഭി പ്രദേശത്തുള്ളതാണ്. ഇൻഗ്വയ്‌നൽ ഹെർണിയ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ അസുഖം ആണുങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. കാരണം വൃഷണ സഞ്ചിയിലേക്ക് വൃഷണം ഇറങ്ങിവരുന്ന സ്ഥലത്തെ ബലംകുറഞ്ഞ ഭാഗത്തുകൂടിയാണ് ഇത് വരുന്നത്. ഇതുകൂടാതെ പൊക്കിൾ ഭാഗത്ത് കാണുന്ന അംബിലിക്കൽ ഹെർണിയ, പൊക്കിളിന്റെ മുകൾ ഭാഗത്ത് കാണുന്ന എപ്പിഗാസ്ട്രിക്ക് ഹെർണിയ, മേജർ ശസ്ത്രക്രിയയ്ക്കുശേഷം വരുന്ന ഇൻസിഷണൽ ഹെർണിയ തുടങ്ങിയ തരം കുടലിറക്കങ്ങളും വയറിന്റെ പലഭാഗത്തായി കാണപ്പെടുന്നു. 

രണ്ടു കാരണങ്ങൾ കൊണ്ടാണ് നാഭിപ്രദേശത്ത് ഹെർണിയ ഉണ്ടാകുന്നത്. 

1. വൃഷണം ഇറങ്ങുന്ന ഭാഗത്ത് ജന്മനാൽ ഉളള ഒരു സഞ്ചിമൂലം. മാസം തികയാതെ പ്രസവിക്കപ്പെടുന്ന ആൺകുട്ടികളിൽ ഇതു കൂടുതലായി കണ്ടേക്കാം. എങ്കിലും ചില സന്ദർഭങ്ങളിൽ പ്രായപൂർത്തിയായ പുരുഷൻമാരിലും,പെൺകുട്ടികളിലും ഇത് കാണാറുണ്ട്. 

2. ഡയറക്ട് ഇൻഗ്വയ്‌നൽ ഹെർണിയ. വയറിന്റെ പേശീബലം കുറയുമ്പോഴാണ് ഉണ്ടാകുന്നത്. സാധാരണയായി മുപ്പത്തഞ്ചു വയസിനുശേഷമാണ് ഇത് കാണാറ്. 

ചില അനുബന്ധ കാരണങ്ങളാൽ ഹെർണിയ വലുതാകുന്നു: 

∙ പുകവലി, തുടർച്ചയായ ചുമ, തുമ്മൽ 
∙ മൂത്രമൊഴിക്കുവാനുള്ള തടസ്സം 
∙ മലശോധനക്കുള്ള തടസ്സം
∙ അമിതവണ്ണം 
∙ അധികഭാരം ഉയർത്തേണ്ടിവരുമ്പോൾ 

ഹെർണിയ പൂർണമായി മാറാൻ ശസ്ത്രക്രിയ തന്നെയാണ് പോംവഴി. പരമ്പരാഗതമായ രീതിയിൽ 6 മുതൽ 10 സെന്റീമീറ്റർ വരെ വലിപ്പമുള്ള മുറിവിലൂടെ ഹെർണിയ പരിഹരിക്കുന്ന രീതിയാണിത്. പൊക്കിളിനുള്ളിൽ ഉണ്ടാക്കുന്ന 1 സെന്റീമീറ്റർ മുറിവിലൂടെ ഒരു ലാപ്രോസ്‌ക്കോപ്പി ട്യൂബ് കടത്തി ചെയ്യുന്ന താക്കോൽദ്വാര ശസ്ത്രക്രിയയാണ് ഇപ്പോഴത്തെ രീതി. ചെറിയ മുറിവുകൾ ആയതിനാൽ ശസ്ത്രക്രിയക്കുശേഷമുള്ള വേദനയും താരതമ്യേന കുറവായിരിക്കും. 

പരമ്പരാഗത രീതിയെ അപേക്ഷിച്ച് ലാപ്പറോസ്‌കോപ്പിക്ക് ശസ്ത്രക്രിയയ്ക്ക് ചില മേന്മകൾ ഉണ്ട്. 

1.വേദന താരതമ്യേന കുറവാണ്. 

2.നേരത്തേ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. വിശ്രമം ആവശ്യമില്ല. 

3.ഒരേ മുറിവിലൂടെ രണ്ടുവശത്തേയും ഹെർണിയ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നു. 

4.ആശുപത്രി വാസവും അതിനോടനുബന്ധിച്ചുള്ള മരുന്നുകളുടെ ചെലവും ചുരുങ്ങും. 

5.ഒരുതവണ ശസ്ത്രക്രിയ ചെയ്തതിനുശേഷം വീണ്ടും ഉണ്ടാകുന്നതരം ഹെർണിയയ്ക്ക് ഏറ്റവും ഉചിതം ലാപ്പറോസ്‌കോപ്പിക് രീതിയാണ്. വളരെയധികം സാങ്കേതിക പരിചയവും പരിശീലനവും ആവശ്യമുള്ളതിനാൽ ഈ രീതി സ്വീകരിക്കാൻ ഡോക്ടർമാർ മടിക്കുന്നുണ്ട്. സാധാരണഗതിയിൽ ഒന്നര മുതൽ മൂന്നു മണിക്കൂർ വരെ ദൈർഘ്യമാണ് താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് എടുക്കുക. ഒരാഴ്ചയ്ക്കകം തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.