Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ ആദ്യ ആർത്തവവും മകന്റെ യൗവനാരംഭവും തമ്മില്‍?

mother-son

നിങ്ങൾ എന്നാണ് ഋതുമതിയായത്? ഒരു മകൾ നിങ്ങൾക്കുണ്ടെങ്കിൽ അവളോട് ഇത് പങ്കുവച്ചു കാണണം. കാരണം അമ്മയുടെ ആദ്യ ആർത്തവം വന്ന പ്രായവും മകളുടെ ആദ്യ ആർത്തവവും തമ്മിൽ ബന്ധമുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അമ്മയുടെ ആദ്യ ആർത്തവവും മകന്റെ പ്രായപൂർത്തിയാകലും (Puberty) തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് ഒരു യൂറോപ്യൻ പഠനം പറയുന്നത്. 

ആദ്യ ആർത്തവം നേരത്തെ വന്ന സ്ത്രീകളുടെ ആൺമക്കൾ നേരത്തെ പ്രായപൂർത്തിയാകും. അവരുടെ പെൺമക്കൾക്ക് സമപ്രായക്കാരായ പെൺകുട്ടികളെക്കാൾ ആറുമാസം മുൻപെ സ്തനവളര്‍ച്ച എത്തുമെന്നു പഠനം പറയുന്നു. 

നേരത്തെയോ വൈകിയോ ഉള്ള പ്രായപൂർത്തിയാകലിന് പൊണ്ണത്തടിയും പ്രമേഹവും കാരണമാകും. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ പ്രായപൂർത്തിയെത്തുന്ന സമയത്തെ സംശയലേശമന്യെ സ്വാധീനിക്കുന്നു. 

അച്ഛന്റെയും അമ്മയുടെയും പാരമ്പര്യഘടകങ്ങള്‍ ആൺകുട്ടികളിലും പെൺകുട്ടികളിലും ഉണ്ടാകും എന്നാൽ നേരത്തെ പ്രായപൂർത്തിയെത്തുന്നതിന്റെ ലക്ഷണങ്ങളായ സ്തന വളര്‍ച്ച, രോമവളർച്ച മുതലായവയ്ക്ക് പെൺകുട്ടികളിൽ ജനിതകമായതിനെക്കാൾ പാരിസ്ഥിതിക ഘടകങ്ങളാകാം കാരണം. എന്നാൽ ആൺകുട്ടികളിലെ പ്രായപൂർത്തിയാകൽ അമ്മയുടെ ആദ്യ ആർത്തവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡെൻമാർക്കിലെ ആർഹസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 

രണ്ടായിരത്തിനും രണ്ടായിരത്തി മൂന്നിനും ഇടയിൽ ജനിച്ച 15822 കുട്ടികളെ പഠനവിധേയരാക്കി 2016 വരെ പഠനം തുടർന്നു. നേരത്തെ ഋതുമതിയായ സ്ത്രീകളുടെ ആൺമക്കളും നേരത്തെ പ്രായപൂർത്തി എത്തുന്നതായും വൈകി ഋതുമതിയായ സ്ത്രീകളുടെ ആൺമക്കൾ വൈകി മാത്രം പ്രായപൂർത്തി എത്തുന്നതായും കണ്ടു. 

അമ്മയുടെ ആദ്യ ആർത്തവവുമായി താരതമ്യപ്പെടുത്തുമ്പോൾ ആൺകുട്ടികളിൽ രണ്ടര മാസം മുൻപെ കക്ഷത്തിൽ രോമവളർച്ച ഉണ്ടാകുന്നതായും രണ്ടുമാസം മുൻപേ ശബ്ദത്തിൽ വ്യത്യാസം ഉണ്ടാകുന്നതായും മുഖക്കുരു പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതായും ഒന്നരമാസം മുൻപേ ബീജോൽപാദനം എത്തുന്നതായും ഹ്യൂമൻ റീപ്രൊഡക്‌ഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.