എസ്എടിയിൽ ജനിച്ചുവീണ കുഞ്ഞും സിസേറിയൻ കഴിഞ്ഞ അമ്മയുമെല്ലാം തറയിൽ; ദയനീയം ഈ കാഴ്ച

സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രസവ ശുശ്രൂഷ ലഭിക്കുമെന്ന് ഖ്യാതിയുളള തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നവജാത ശിശുക്കളെ കിടത്തുന്നത് തണുത്തു മരവിച്ച തറയില്‍. സിസേറിയന്റെ വേദന പേറുന്ന  അമ്മമാര്‍ക്കും നിറഗര്‍ഭിണികള്‍ക്കും തറ തന്നെ ആശ്രയം. ഭക്ഷണം കഴിക്കുന്നതും കൂട്ടിരിപ്പുകാര്‍ തിങ്ങി ‍‍‍ഞെരുങ്ങി കിടക്കുന്നതുമെല്ലാം ഈ തറയില്‍ തന്നെ. തൊട്ടു ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ പോയി വരുന്നവരും നൂറു കണക്കിന് സന്ദര്‍ശകരും ചെരുപ്പിട്ടു നടക്കുന്നതു കൂടിയാകുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകാം.

താഴേയ്ക്ക് ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും പ്രാണന്‍ പറിയുന്ന വേദന സിസേറിയന്‍ കഴിഞ്ഞ അമ്മമാര്‍ കടിച്ചു പിടിക്കും. അപ്പോഴും കുഞ്ഞിന് അണുബാധയുണ്ടാകുമോയെന്നാണ് ആധി. മാസത്തില്‍ തൊള്ളായിരത്തോളം പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയാണിവിടം. 

നവജാതശിശുക്കളുടെ പരിചരണത്തിൽ കോരളത്തിലെ നമ്പർ വൺ ആശുപത്രിയാണ് എസ്എടിി എന്നാണു വയ്പ്പ്. ആ ആശുപത്രിയുടെ ദയനീയചിത്രം ആരോഗ്യമന്ത്രിയും അധികൃതരും കണ്ടു വേണ്ട നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണ്.