എയ്ൻ അൽഫോൺസയുടെ മരണം: ചികിൽസാപ്പിഴവു തന്നെയെന്ന് മാതാവ്

കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിൽസ തേടിയ എട്ടു വയസ്സുകാരിയുടെ മരണത്തിനു പിന്നിൽ ചികിത്സാപ്പിഴവ് തന്നെയെന്ന് മാതാവ്. ചികിൽസാപ്പിഴവു വരുത്തിയ ഡോക്ടർമാർക്ക് അനുകൂല വിശദീകരണവുമായി സമൂഹമാധ്യമത്തിൽ രംഗത്തുവന്ന ഡോക്ടർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്റെയും ബീനയുടെയും മകളും ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയുമായ എയ്ൻ അൽഫോൺസ ജോസഫ്(എട്ട്) ആണു മരിച്ചത്. 

ഒക്ടോബർ 22 ന് രാവിലെ വയറുവേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനു ചികിൽസ തേടിയിരുന്നു. മരുന്നുകൾ നൽകി വീട്ടിലേക്കു വിട്ടെങ്കിലും വേദന ശമിക്കാത്തതിനാൽ വൈകിട്ട് വീണ്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ പരിശോധിക്കാൻ വിദ്ഗധ ഡോക്ടറുടെ സേവനം തേടിയെങ്കിലും അതുണ്ടായില്ലെന്നും ഡ്യൂട്ടി ഡോക്ടർ വേണ്ട പരിശോധന കൂടാതെ അമിതമായി മരുന്നു നൽകുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാവ് ബീനയും മറ്റു ബന്ധുക്കളും ആരോപിച്ചു. അമിത അളവിൽ മരുന്നു നൽകിയതാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചതെന്ന് മാലിയിൽ നഴ്സ് കൂടിയായ മാതാവ് ബീന പറയുന്നു. വേദനസംഹാരിയായി ഇഞ്ചക്‌ഷനു പുറമേ മൂന്നു തവണ ഗുളികയും നൽകി. കുട്ടിയുടെ നില മോശമായതിനെത്തുടർന്ന് രാത്രിയോടെ മരിച്ചു.

മരണകാരണം ചികിത്സാപ്പിഴവല്ലെന്ന് ആശുപത്രി അധികൃതരും മറ്റും പറയുന്നത് ശരിയല്ലെന്ന് ബീന പറഞ്ഞു. ബീനയുടെ വാക്കുകളിലൂടെ: 

ഒക്ടോബർ 16 വരെ എന്റെ മോൾ സ്കൂളിൽ പോയിരുന്നു. അതിന് തൊട്ടുമുൻപത്തെ ദിവസം പാസ്പോർട്ട് എടുക്കാനായി ബന്ധപ്പെട്ട ഓഫിസിലും പോയി. ബുധനാഴ്ച പൊലീസ് വേരിഫിക്കേഷന് വന്നപ്പോഴും മോൾ സ്മാർട്ടായിരുന്നു. 17 ന് ആഹാരം കഴിച്ച ശേഷം മോൾക്കു വയറുവേദനയുണ്ടെന്നു പറഞ്ഞപ്പോൾ 12 മണിയോടെ തെള്ളകത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്കും മറ്റും ശേഷം കുട്ടിക്ക് കുഴപ്പമില്ലെന്നും സ്കാനിങ്ങിലും മറ്റും കുഴപ്പമില്ലെന്നു പറഞ്ഞു. 

വയറുവേദനയ്ക്കു കുറവില്ലാത്തതിനാൽ തുടർന്ന് ഐ സി എച്ചിൽ ഒപിയിൽ പരിശോധനയ്ക്കു കൊണ്ടു. ഇവിടെ മോൾക്ക് ആശ്വാസം കണ്ടതിനാൽ പത്തരയോടെ വീട്ടിലേക്കു കൊണ്ടു പോയി. പിറ്റേദിവസം രാവിലെ മോൾക്കു വീണ്ടും വയറുവേദന വന്നതോടെ ഐ സി എച്ചിൽ തുടർപരിശോധനയ്ക്കായി രാവിലെ എത്തിച്ചു. സ്കാൻ, എക്സ്റേ, ലിപ്പേസ്, അമിലേസ് എന്നിവയ്ക്കുള്ള ടെസ്റ്റുകൾ ചെയ്തു. 18, 19 തീയതികളിൽ ഐ സി എച്ചിൽ അഡ്മിറ്റാക്കി ചികിൽസ നടത്തി. 19 ന് വൈകിട്ടോടെ കുട്ടിക്ക് ആശ്വാസം കണ്ടു. 20 ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു. ഏഴു ദിവസത്തിനു ശേഷം പരിശോധനകൾക്കു കൊണ്ടു വരാനാണ് നിർദ്ദേശം ലഭിച്ചത്. 

മോളുടെ അച്ഛന്റെ മരണത്തിന്റെ ഒരു വർഷം തികയുന്ന ദിവസമായിരുന്നതിനാൽ ഡിസ്ചാർജിനു ശേഷം മോൾക്കൊപ്പം പ്രാർഥനകൾക്കായി കോതമംഗലത്തു പോയി. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ മടങ്ങിയെത്തി. തിങ്കളാഴ്ച മോൾക്കു വീണ്ടും സഹിക്കാനാകാത്ത വയറുവേദന വന്നപ്പോൾ മികച്ച ചികിൽസ തേടിയാണു കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയത്. രാവിലെ പീഡിയാട്രീഷനെ കണ്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ  ഡോക്ടറുടെ ചികിൽസ തേടി. പരിശോധനയ്ക്കു ശേഷം അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് ആകാമെന്നായിരുന്നു പറഞ്ഞത്. അതിനായി നാലു ദിവസത്തെ മരുന്നു തന്നു. പിന്നീടും വേദന കുറവില്ലെങ്കിൽ സിടി സ്കാൻ ചെയ്തു നോക്കാമെന്നു പറഞ്ഞു വീട്ടിലേക്കു വിട്ടു. 

വീണ്ടും  വയറുവേദന വന്നതോടെ ഇതേ ആശുപത്രിയിൽ വൈകിട്ട് ആറു മണിയോടെ എത്തി. കാഷ്വൽറ്റി ഡോക്ടറായിരുന്നു അപ്പോൾ അവിടെയുണ്ടായിരുന്നത്. ഇദ്ദേഹത്തോട് രാവിലെ കുട്ടിയെ പരിശോധിച്ച ‘ഓൺ കോൾ’ ഡോക്ടർ കൂടിയായ ഗ്യാസ്ട്രോ എൻട്രോളജി ഡോക്ടറെ കാണണമെന്നു പറഞ്ഞെങ്കിലും ഞാനും ഒരു ഫിസിഷ്യനാണെന്നും മറ്റും പറഞ്ഞ് അക്യൂട്ട് പാൻക്രിയാറ്റൈറ്റിസാണെന്ന മുൻവിവരം വച്ച് ഇദ്ദേഹം മരുന്നുകൾ നൽകുകയായിരുന്നു. വയറുവേദനയായി വന്ന മോൾ മരുന്നു കഴിച്ചശേഷം പിന്നീട് ചങ്കിനു വേദനയാണെന്നു പറ‍ഞ്ഞു കരയാൻ തുടങ്ങി. പലപ്രാവശ്യം ഇക്കാര്യം അവിടെയുണ്ടായിരുന്നവരോടു പറഞ്ഞെങ്കിലും ഈ അസുഖത്തിന് വേദന പതിവാണെന്നും അതിനുള്ള മരുന്നു നൽകിയിട്ടുണ്ടെന്നും പറഞ്ഞു. ഇനി ഒരു റിപ്പോർട്ടു മാത്രമേ കിട്ടാനുള്ളു. ഇതുവരെ കിട്ടിയതെല്ലാം നോർമലാണ് എന്നായിരുന്നു വിശദീകരണം. 

വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ബ്ലഡ് റിപ്പോർട്ട് വന്നാലെ കൂടുതൽ എന്തെങ്കിലും ചെയ്യാനാകൂ എന്നായി മറുപടി. നാലര മണിക്കൂറിനു ശേഷം ബ്ലഡ് റിപ്പോർട്ട് വന്ന ശേഷമാണ് ഒബ്സർവേഷനിൽ നിന്ന് മോളെ ജനറൽ ഐസിയുവിലേക്കു മാറ്റിയത്. ഐസിയുവിലാക്കി പത്തു മിനിറ്റിനകം മോൾ മരിച്ചു. ഇതിനു ശേഷം അവർ മോളെ വെന്റിലേറ്ററിലേക്കു മാറ്റി. രോഗം എന്തെന്നു കൃത്യമായി കണ്ടെത്താതെ തോന്നിയ മരുന്നുകൾ നൽകിയതാണ് എന്റെ മോളുടെ ജീവനെടുത്തത്. രാത്രിയോടെ കുട്ടിയുടെ സ്ഥിതി ഗുരുതരമാണെന്ന് നഴ്സ് കൂടിയായ എനിക്കു തോന്നിയതിനാൽ എത്രയും വേഗം ഗ്യാസ്ട്രോഎൻട്രോളജി വിദഗ്ധയായ ഡോക്ടറുടെ നിർദ്ദേശം തേടണമെന്ന് വീണ്ടും വീണ്ടും പറഞ്ഞെങ്കിലും ഇതൊന്നും ആരും ചെവിക്കൊണ്ടില്ല. 

എഴുവർഷം കാത്തിരുന്നു കിട്ടിയ ഓമന മകളെയാണ് എനിക്കു നഷ്ടമായത്. ഭർത്താവിന്റെ മരണശേഷം എനിക്ക് ജീവിതത്തിൽ ഏകപ്രതീക്ഷയായിരുന്നു അവൾ. ഇതിനു ശേഷമാണ് ചികിൽസാപ്പിഴവിനെ ന്യായീകരിച്ച് സമൂഹമാധ്യമത്തിലും മറ്റും ചില ഡോക്ടർമാരുടെ ഉത്തരവാദിത്തമില്ലാത്ത കുറിപ്പുകൾ പരക്കാൻ തുടങ്ങിയത്. ബന്ധുക്കൾക്കു പോലും ലഭിക്കാത്ത പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇവർക്കു കിട്ടിയെന്നാണ് പറയുന്നത്. കുട്ടിയുടെ പോസ്റ്റുമോർട്ടത്തിനു മുൻപ് തന്നെ കുഞ്ഞിന് ഡയഫ്രമാറ്റിക് ഹെർണിയ ആണെന്ന രീതിയിൽ അന്ന് ആശുപത്രിയിൽ സംസാരം പരന്നിരുന്നു. പോസ്റ്റുമോർട്ടം നടത്താതെ എങ്ങനെയാണ് ഈ വിവരം കിട്ടിയത്. വളരെ വൈകിയാണ് അന്ന് പോസ്റ്റുമോർട്ടം നടത്തിയതും. 

എന്റെ മോളുടെ മരണത്തിന് ഞാനാണ് ഉത്തരവാദിയെന്നു പോലും സൂചിപ്പിക്കുന്ന തരത്തിലെ കുറിപ്പുകൾ ബന്ധുക്കൾക്കും മറ്റും ഏറെ വിഷമമുണ്ടാക്കി, ഭർത്താവിന്റെ വീട്ടുകാർക്കാണ് ഇത് ഏറെ വേദനയുണ്ടാക്കിയത്.  ഡോക്ടർമാരുടെ ഈ ന്യായീകരണക്കുറിപ്പുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. മകളെ നഷ്ടമായി. ഇനി എനിക്ക് ആരുമില്ല. എന്നാൽ ഇനിയൊരിക്കലും ഒരമ്മയ്ക്കും ഈ ഗതി വരരുത്. നല്ല ചികിൽസ തേടിയാണ് ഞങ്ങളെപ്പോലുള്ളവർ സ്വകാര്യ ആശുപത്രികളിലെത്തുന്നത്. നല്ല ചികിൽസ കിട്ടിയില്ലെന്നതു പോകട്ടെ പകരം ഇത്തരം ആരോപണങ്ങളാണ് ലഭിക്കുന്നത്. – ബീന പറഞ്ഞു. 

നീതി തേടി കോട്ടയം എസ്പിക്കു പരാതി നൽകി. തന്റെയും കുടുംബത്തിന്റെയും ജീവനു പോലും ഭീഷണിയുണ്ടെന്നും ഇതുകാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബീന പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്ത വെസ്റ്റ് പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്.