കരള്‍ രോഗം; ശരീരം നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. 

ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന അവയവമായ കരളിന് അനേകം ജോലികളുണ്ട് നിര്‍വഹിക്കാന്‍. ആഹാരത്തിലൂടെ അകത്തു കടക്കുന്ന വിഷം കലർന്ന പദാർഥങ്ങളെ നിരുപദ്രവകാരികളാക്കി മാറ്റുന്നതു കരളാണ്. പലപ്പോഴും കരള്‍ രോഗം തിരിച്ചറിയാന്‍ വൈകാറുണ്ട്. എന്നാല്‍ ശരീരം നല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചാല്‍ പലപ്പോഴും രോഗം വേഗം തിരിച്ചറിയാന്‍ സാധിക്കും.

ഡല്‍ഹി സ്വദേശിയായ അനില്‍ കുമാര്‍ എന്ന 45 കാരന്‍ ചികിത്സ തേടിയെത്തിയത് വിട്ടുമാറാത്ത പനിയുമായാണ്. ഡോക്ടര്‍ അയാള്‍ക്ക് മരുന്നുകള്‍ നല്‍കി വിടുകയും പനി ഒരല്‍പം കുറയുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മൂത്രത്തിന്റെ നിറം മാറ്റം അയാള്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച അയാളോട് ഡോക്ടര്‍ ഒരു ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്‌ നടത്താന്‍ നിര്‍ദേശിച്ചു. 

പരിശോധനയില്‍ അനില്‍ കുമാറിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തനിക്ക് രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നെന്നാണ് അപ്പോഴും അനില്‍ കുമാര്‍ പറഞ്ഞത്. വിദഗ്ധപരിശോധനയില്‍ അയാള്‍ക്ക് Hepatitis E ആണെന്ന് സ്ഥിരീകരിച്ചു. വൈകാതെ രോഗിയുടെ സ്ഥിതി കൂടുതല്‍ വഷളാകുകയും മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപ്പോഴേക്കും രോഗിയുടെ കരളിന്റെ പ്രവര്‍ത്തനം 50% മായി കുറഞ്ഞിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു പിന്നീട് അനിലിന്റെ മുന്നിലുള്ള വഴി. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് അനിലിന്റെ ആരോഗ്യം ഇത്തരത്തില്‍ വഷളായത്. ഭാഗ്യത്തിന് ശരിയായ ഒരു ദാതാവിനെ ലഭിച്ചതു കൊണ്ടുമാത്രം അനില്‍ ഇന്നും ജീവനോടിരിക്കുന്നു. 

മിക്കവാറും കരള്‍  രോഗികളിൽ രോഗലക്ഷണങ്ങൾ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോൾ ഉദരത്തിന്റെ മുകൾഭാഗത്ത് അസ്വസ്‌ഥത ഉണ്ടാവാം. 50% ത്തോളം കരളിന്റെ പ്രവര്‍ത്തനം താറുമാറായ ശേഷമാകും പലപ്പോഴും രോഗം കണ്ടെത്തുക. 

കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ പാടുകൾ രൂപം കൊള്ളുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. രോഗാവസ്ഥയനുസരിച്ച് പ്ലീഹ വലുതാവുകയും പലപ്പോഴും അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുകയും ചെയ്യും. ഇതാണ് പലപ്പോഴും ലിവര്‍ സിറോസിസ് ലക്ഷണം. 

70% സിറോസിസും കാന്‍സറിന് കാരണമാകാറുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. Hepatitis B യെ തടയാന്‍ ഏറ്റവും ഫലപ്രദം പ്രതിരോധകുത്തിവയ്പ്പുകള്‍ എടുക്കുക എന്നതാണ്. നവജാതശിശുക്കള്‍ക്ക് ഇന്ന് ഇന്ത്യയില്‍ ഈ വാക്സിന്‍ നിര്‍ബന്ധമാണ്‌.  എന്നാല്‍ Hepatitis C ക്കു നിലവില്‍  വാക്സിന്‍ ഇല്ല.  എന്നാല്‍ മൂന്നോ നാലോ മാസത്തെ ഫലപ്രദമായ ചികിത്സ കൊണ്ട് രോഗം ഭേദമാക്കാം. വ്യായാമമില്ലായ്മ, ജങ്ക് ഫുഡിന്റെ അമിതോപയോഗം, മദ്യപാനം എന്നിവയാണ് പലപ്പോഴും കരളിന് ആപത്താകുന്നത്.