കടിച്ച പാമ്പിനെ ഇനി കണ്ടറിയാം

കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കാൻ കഴിയില്ലെങ്കിലും കടിച്ച പാമ്പ് ഏതെണെന്ന് അറിഞ്ഞാൽ വിഷം ഇറക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കടിച്ച പാമ്പിനെ തിരിച്ചറിയാൻ കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം പാമ്പുകളുടെ ചിത്രഗാലറി ഒരുക്കുന്നു.

ഇന്ത്യയിൽ ആകെ കണ്ടെത്തിയിട്ടുള്ള 101 ഇനം പാമ്പുകളിൽ 70 ഇനം പാമ്പുകളുടെ ചിത്രങ്ങളും ഇവിടത്തെ ഡോക്ടർമാർ ശേഖരിച്ചു. ചിത്രങ്ങള്‍ വലുതാക്കി ഫ്രെയിം ചെയ്ത് ഫൊറന്‍സിക് വിഭാഗത്തിന്റെ ഒന്നാം നിലയില്‍ സജ്ജമാക്കുകയാണ്.

കേരളത്തിലെ പാമ്പുകള്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ സംഘാടകന്‍ ഡേവിഡ് വി. രാജു, ഉമേഷ് പാവുകണ്ടി, സന്ദീപ് ദാസ് എന്നിവരും ഇന്ത്യയിലെ പ്രമുഖ ഉരഗ-പാമ്പ് നിരീക്ഷകനും ഈ വിഭാഗത്തിലെ പ്രമുഖ ഗവേഷകനുമായ വിവേക് ശര്‍മ, പ്രശസ്ത പക്ഷി, ഉരഗ ശാസ്ത്ര ഗവേഷകനായ മുഹമ്മദ് ജാഫര്‍ പാലോട്ട് തുടങ്ങിയവരും എടുത്ത ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. കെ. ശശികലയുടെ നേതൃത്വത്തില്‍ സീനിയര്‍ റസിഡന്റ് ഡോ. പി.എസ്. ജിനേഷും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ചിത്രഗാലറി സജ്ജമാക്കുന്നത്.

. വിഷമുള്ള പാമ്പുകള്‍

വെള്ളിക്കെട്ടന്‍, ശംഖുവരയന്‍, മൂര്‍ഖന്‍, രാജവെമ്പാല, അണലി, ചുരുട്ട മണ്ഡലി, മുഴമൂക്കന്‍ കുഴിമണ്ഡലി, മുളമണ്ഡലി, ചട്ടിത്തലയന്‍ കുഴിമണ്ഡലി, ചോലമണ്ഡലി, ലാടമണ്ഡലി, എഴുത്താണി മൂര്‍ഖന്‍, എട്ടടി മൂര്‍ഖന്‍, എഴുത്താണി വളയന്‍, എഴുത്താണി വരയന്‍.

. വിഷമില്ലാത്ത പാമ്പുകള്‍

വെള്ളിവരയന്‍ പാമ്പ്, വരവരയന്‍ പാമ്പ്, തിരുവിതാംകൂര്‍ വെള്ളിവരയന്‍, കാട്ടുപാമ്പ്, വെള്ളിത്തലയന്‍ പാമ്പ്, വള്ളിചേര, മണ്ണൂലി പാമ്പ്, പെരുമ്പാമ്പ്, മലമ്പാമ്പ്, പൂച്ചക്കണ്ണന്‍ പാമ്പ്, എഴുത്താണി ചുരുട്ട, കുട്ടിവാലന്‍ ചുരുട്ട.