അയ്യോ! എന്റെ നടുവേ...

ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ നടുവേദന വരാത്തവരില്ല. നടുവേദനയുടെ കാരണം കൃത്യമല്ല. എങ്കിലും ജീവിതരീതിയുടെ പ്രത്യേകത തന്നെയാണ് ഒട്ടുമിക്ക നടുവേദനയ്ക്കും കാരണമാകുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരാറുണ്ടെങ്കിലും സ്ത്രീകളിലാണിത് ദീർഘനാൾ പ്രശ്നകാരിയായി മാറുന്നത്.

പല കാരണങ്ങൾ കൊണ്ടും നടുവേദന വരാമെങ്കിലും ശാരീരികാദ്ധ്വാനം കൂടുതലുള്ള ജോലികൾ ചെയ്യുന്നവർക്കാണ് സാധ്യത കൂടുതൽ. നടുവേദനയിൽ മിക്കതും വേഗം തന്നെ സുഖപ്പെടുന്നവയാണ് എന്നാൽ ചിലത് പ്രത്യേകം ശ്രദ്ധിക്കേണ്ടവയും.

സ്ത്രീകളിൽ മാസമുറയോടനുബന്ധിച്ചും ആർത്തവ വിരാമത്തോടനുബന്ധിച്ചും ഗർഭകാലത്തും നടുവേദന ഉണ്ടാകാറുണ്ട്. ഗർഭാവസ്ഥയിലുണ്ടാകുന്ന നടുവേദന പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ഹൈഹീൽഡ് ചെരുപ്പ് ഉപയോഗിക്കുന്നതും നടുവേദനയ്ക്ക് കാരണമാകും.

കഠിനമായി വ്യായാമം ചെയ്യുന്നതും ഒട്ടും തന്നെ വ്യായാമം ഇല്ലാത്തതും നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. ശരിയായ രീതിയിലല്ലാത്ത ഇരുപ്പ്, നിൽപ്പ്, ഭാരമുയർത്തൽ എന്നീ കാര്യങ്ങളിലും ശ്രദ്ധ വേണം. ക്ഷയം, നട്ടെല്ലിൽ ട്യൂമർ, അണ്ഡാശയ കാൻസർ, ഹൃദ്രോഗം , കിഡ്നി സംബന്ധമായ രോഗങ്ങൾ എന്നിവയോട് അനുബന്ധിച്ചും നടുവേദന പ്രത്യക്ഷപ്പെടാറുണ്ട്.

വേദനയ്ക്ക് ആശ്വാസമുണ്ടാകാൻ ...

മലർന്ന് നിവർന്ന് കിടന്ന് വിശ്രമിക്കാൻ ശ്രമിക്കുക. വേദനയുണ്ടായി രണ്ടു ദിവസമെങ്കിലും ഈ രീതി തുടരണം. വിശ്രമത്തിനു ശേഷം പെട്ടെന്നു തന്നെ ഭാരപ്പെട്ട ജോലികൾ ചെയ്യരുത്. പതിയെ പതിയെ പൂർവ്വസ്ഥിതിയിലേക്കു വരുക. വേദനയുള്ള ഭാഗത്ത് ചൂടുവയ്ക്കുകയോ ഐസ് വയ്ക്കുകയോ ചെയ്യുന്നത് നല്ലതാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ...

കഠിനമായ വേദന, മരവിപ്പ്, വേദനയോടനുബന്ധിച്ച് പനി, ഛർദ്ദി എന്നിവയുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രത്യേക ചികിത്സ തേടണം.