വര നോക്കി പറയാം തലവര തെളിയുമോയെന്ന്

കുട്ടികൾ ഭാവിയിൽ ബുദ്ധിമാന്മാരായിരിക്കുമോ എന്ന് അവർ വരയ്ക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ചാൽ മനസ്സിലാക്കാൻ കഴിയുമെന്ന് പഠനം.നാലു വയസ്സിൽ ഒരു കുട്ടി വരയ്ക്കുന്ന ചിത്രം നോക്കിയാൽ പതിനാലാം വയസ്സിൽ അവർ എത്രമിടുക്കരായിരിക്കുമെന്ന് കണക്കുകൂട്ടാമെന്നാണ് വാദം.ലണ്ടനിലെ കിങ്സ് കോളജിൽ നടന്ന പഠനങ്ങളാണ് കൗതുകകരമായ കണ്ടെത്തലിലേക്കു നയിച്ചത്.എണ്ണായിരത്തോളം കുട്ടികളെ നിരീക്ഷിച്ചാണ് ഇൗ നിഗമനങ്ങളിലേക്ക് ഗവേഷകർ എത്തിയത്.

നാലു വയസ് പ്രായമുള്ള കുട്ടികളോട് കുട്ടികളുടെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെടുകയും അവർ വരച്ച ചിത്രങ്ങൾക്ക് മാർക്കുകൾ നൽകുകയും ചെയ്തായിരുന്നു പഠനത്തിന്റെ തുടക്കം.കയ്യും കണ്ണും തലയും മൂക്കും വായും ചെവിയും തലയും മുടിയും ശരീരവുമെല്ലാം വരച്ചിട്ടുണ്ടോ എന്നു നിരീക്ഷിച്ചായിരുന്നു മാർക്കുകൾ നൽകിയത്.ചില ചോദ്യങ്ങൾ ചോദിച്ചും അവരോടു സംസാരിച്ചുമെല്ലാം കുട്ടികളുടെ ബൗദ്ധിക നിലവാരം മനസ്സിലാക്കാനുള്ള ശ്രമങ്ങളും ഗവേഷകർ നടത്തി.പത്തുവർഷത്തിനു ശേഷം ഇവരുടെ ബൗദ്ധിക നിലവാരം അന്വേഷിച്ചപ്പോൾ നാലാം വയസ്സിൽ വരയിൽ തിളങ്ങിയ കുട്ടികൾ അവരുടെ മിടുക്ക് തുടരുന്നുണ്ടെന്നു മനസ്സിലാക്കി.

നിങ്ങളുടെ കുട്ടിക്ക് നന്നായി ചിത്രം വരയ്ക്കാൻ കഴിവില്ലെന്നു കരുതി അവർ മിടുക്കരല്ലെന്നു ധരിക്കരുതെന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നുണ്ട്.വരയ്ക്കുന്ന ചിത്രത്തിന്റെ ഭംഗിയല്ല, ചിത്രങ്ങൾ പൂർണമാണോ, വിശദാംശങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് മിടുക്ക് അളക്കുന്നതെന്നാണ് വിശദീകരണം.