Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ

Cancer-1

കാൻസർ രോഗത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ ഏറെയാണ്. ചികിൽസകൊണ്ടു മാറില്ല, രക്ഷപ്പെട്ടാലും എത്രനാളത്തേക്ക്? റേഡിയേഷനും കീമോതെറപ്പിയുമെടുത്താൽ മുടി കൊഴിയും, പൊള്ളലേൽക്കും, ശരീരം വികൃതമാകും തുടങ്ങിയവ ഉദാഹരണങ്ങൾ. കാൻസർ സ്ഥിരീകരിക്കപ്പെട്ടു എന്നറിഞ്ഞാൽ ജീവിതം അവസാനിച്ചു എന്നു കരുതുന്നവരും ജീവനൊടുക്കുന്നവരും ഉണ്ട്.

എന്നാൽ, കാൻസർ രോഗം ഭേദമാകാനുള്ള സാധ്യത ഇന്നു വളരെ കൂടുതലാണ് എന്നതാണു വാസ്തവം. രോഗം ബാധിച്ച മൂന്നിലൊരാൾക്കു പൂർണമായും ഭേദമാകും. മൂന്നിലൊന്നോളം രോഗികളുടെ ജീവിതദൈർഘ്യം വർഷങ്ങളോളം കൂട്ടാൻ കഴിയും.

മൂന്നിലൊന്നു രോഗികളിൽ ചികിൽസ രോഗത്തിനു താൽക്കാലിക ശമനം നൽകുന്നു. 1960കളിൽ ചികിൽസയില്ല എന്നു പറഞ്ഞിരുന്ന കുട്ടികളുടെ അർബുദരോഗം ഇന്ന് 75% ഭേദമാക്കാൻ കഴിയും. കരളിനെ ബാധിക്കുന്ന സിറോസിസ് എന്ന അസുഖം രൂക്ഷമായിക്കഴിഞ്ഞാൽ അൻപതു ശതമാനം രോഗികൾ രണ്ടുവർഷത്തിനുള്ളിൽ മരിക്കുന്നു.

രൂക്ഷമല്ലാത്ത അൻപതു ശതമാനത്തോളം രോഗികൾ അ‍ഞ്ചു വർഷത്തിനുള്ളിൽ മരിക്കുന്നു. പ്രമേഹം, രക്താതിസമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയും ദീർഘകാലം പ്രശ്നങ്ങളുണ്ടാക്കുകയും മരണകാരണമാവുകയും ചെയ്യാം. എന്നാലും ഇവയെക്കാളൊക്കെ എത്രയോ മടങ്ങ് മനുഷ്യർ കാൻസറിനെ പേടിക്കുന്നു. ആ അവസ്ഥ ഇന്നുണ്ടോ?

ആധുനിക രീതിയിലുള്ള കീമോതെറപ്പിയും കംപ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റേഡിയേഷൻ ചികിൽസയും നവീന ശസ്ത്രക്രിയാ രീതികളും കാൻസർ രോഗശമനത്തിന്റെ തോതു കൂട്ടി. ചികിൽസാ പാർശ്വഫലങ്ങളുടെ അളവ് കുറഞ്ഞു. കാൻസറിന്റെ പഴയ ചിത്രം മാറി. കാൻസർ സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കേന്ദ്രീകൃതമായ കാൻസർ ചികിൽസാ സ്ഥാപനങ്ങൾ ഉണ്ടാകുന്നതിനു പകരം വികേന്ദ്രീകൃതമായ കാൻസർ ചികിൽസാ സംവിധാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

പ്രൈമറി ഹെൽത്ത് സെന്ററുകൾ തൊട്ട് കാൻസർ പ്രതിരോധത്തിനും ചികിൽസയ്ക്കും സാന്ത്വന ചികിൽസയ്ക്കുമുള്ള സൗകര്യങ്ങൾ ഉണ്ടാകണം. മറ്റു രോഗങ്ങൾ ചികിൽസിക്കുന്നതുപോലെ പ്രാദേശിക ചികിൽസാലയങ്ങളിൽ അതിനായി ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഈ രോഗം നേരത്തേതന്നെ കണ്ടുപിടിക്കാനും ഫലപ്രദമായി ചികിൽസിക്കാനും കഴിയും.

റീജനൽ കാൻസർ സെന്റർ (ആർസിസി) പോലെയുള്ള സ്ഥാപനങ്ങൾ ഇനി മാർഗനിർദേശം നൽകുകയും വിദഗ്ധ പരിശീലനം നൽകുകയും ഗവേഷണത്തിനു മുൻതൂക്കം കൊടുക്കുകയുമാണു ചെയ്യേണ്ടത്. സാന്ത്വന ചികിൽസാകേന്ദ്രങ്ങളുടെയും അന്ത്യകാല ചികിൽസാകേന്ദ്രങ്ങളുടെയും ആവശ്യമുണ്ടോ? അതും പ്രാദേശിക ആശുപത്രികളിൽ നടത്തുന്നതാണു നല്ലത്. എംബിബിഎസ് കരിക്കുലത്തിൽ കാൻസർ ചികിൽസ ഒരു വിഷയമാക്കണം.

നിലവിലുള്ള ഡോക്ടർമാർക്ക് കാൻസർ ചികിൽസയിലും സാന്ത്വന ചികിൽസയിലും കൂടുതൽ പരിശീലനം ആവശ്യമാണ്. പണ്ട് സർക്കാർ മേഖലയിൽ മാത്രമായിരുന്നു കാൻസർ ചികിൽസ. ഇന്ന് ആ അവസ്ഥ മാറി. അതു മുതലെടുക്കുന്നതു കൂണുകൾപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ചികിൽസാലയങ്ങളാണ്.

ലാഭേച്ഛ ഉന്നംവച്ചിരിക്കുന്ന ഇവരുടെ മുഖത്തിനു മേനി പൂശാൻ ‘ചാരിറ്റി’ എന്ന പദവുമുണ്ട്. ആയതിനാൽ സർക്കാർതലത്തിൽ കാൻസർ ചികിൽസ സാർവത്രികവും സൗജന്യവുമാക്കണം. കാൻസർ എന്ന വാക്കുതന്നെ ഉപയോഗിക്കുന്നതു മാനസികമായി തളർത്തുന്നതും ഇച്ഛാശക്തി ഇല്ലാതാക്കുന്നതുമാണ്. ഇന്നു കുഷ്ഠരോഗിയെന്നു ശാസ്ത്രം ആരെയും വിളിക്കാറില്ല. ഹാൻസൻസ് ഡിസീസ് എന്നാണു വിളിക്കാറ്.

(തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഗാസ്ട്രോ ആൻഡ് ലങ് ക്ലിനിക് അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.