Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണ് നിറഞ്ഞോട്ടെ

eye-drops

കണ്ണീരില്ലാത്ത ജീവിതം എത്ര സുന്ദരം എന്നോർത്ത് നെടുവീർപ്പിടാൻ വരട്ടെ. കണ്ണീരുള്ളതുതന്നെ നല്ലത്. കരയാനല്ല, കണ്ണിനു നനവു പകരാൻ!

കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണു കണ്ണീർ. ഓരോ തവണ നാം കണ്ണു ചിമ്മുമ്പോഴും കണ്ണീരിന്റെ നേർത്ത പാട, നേത്രപടലം അഥവാ കോർണിയയുടെ പുറം ഭാഗത്തു പരക്കുന്നുണ്ട്. കണ്ണിനു നനവു പകരാനും പ്രതിരോധ ശക്തി നൽകാനും കണ്ണിനുള്ളിൽ അകപ്പെടുന്ന പൊടിയും കരടും മറ്റും പുറത്തേക്കൊഴുക്കാനും കണ്ണീർ വേണം. കണ്ണിന്റെ പ്രതലം മൃദുവും തെളിമയുള്ളതുമായി സൂക്ഷിക്കുന്നതിലും കണ്ണീരിനു വലിയ പങ്കുണ്ട്. ഇത്രയും ‘ഭാരിച്ച ജോലികൾ ചെയ്യാൻ മാത്രം കണ്ണീരില്ലാതെ പോയാലോ? അതൊരു രോഗാവസ്ഥയായി മാറും- വരണ്ട കണ്ണുകൾ.

കണ്ണിനു കണ്ണീരിന്റെ നനവും സുരക്ഷിതത്വവുമില്ലാതെ വരുന്നതാണ് വരണ്ട കണ്ണുകൾ എന്ന രോഗാവസ്ഥ.

∙ പ്രായമേറുന്തോറും കണ്ണീരുൽപാദനം കുറയും. മറ്റ് ആരോഗ്യപരമായ കാരണങ്ങളും കണ്ണീർഗ്രന്ഥിക്ക് ഹാനികരമാകാം. ഏതെങ്കിലും മരുന്നിന്റെ പാർശ്വഫലവുമാകാം. കാലാവസ്ഥയും കാരണമാകാം. വാതവും പ്രമേഹവും തൈറോയിഡ് പ്രശ്നങ്ങളും വരണ്ട കണ്ണുകൾക്കു വഴി തെളിച്ചേക്കാം.

∙ കംപ്യൂട്ടർ ഉപയോഗം

കണ്ണു ചിമ്മാതെയുള്ള ദീർഘ നേരത്തെ കംപ്യൂട്ടർ ഉപയോഗം കണ്ണുകളെ വരണ്ടതാക്കും. ചുരുങ്ങിയത് ഇരുപതു മിനിറ്റിന്റെ ഇടവേളയിലെങ്കിലും ഇരുപതു സെക്കൻഡ് നേരം കണ്ണടച്ചിരിക്കുന്നതു ശീലമാക്കുക.

∙ കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവരിലും രോഗസാധ്യത.

∙ റിഫ്രാക്ടിവ് എെ സർജറിക്കു വിധേയരാവർക്കും സാധ്യത.

∙ രോഗാവസ്ഥ കൂടുതലും സ്ത്രീകളിൽ

കാരണം∙ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഹോർമോൺ വ്യതിയാനങ്ങൾ, ആർത്തവ വിരാമം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം

∙ കണ്ണീരെന്നാൽ

കണ്ണീരിനു മൂന്നു പാളികൾ

∙ എണ്ണ ∙ വെള്ളം ∙ ശ്ലേഷ്മം

കണ്ണീരിലെ വെള്ളത്തിന്റെ അംശം കുറയുന്നതാണ് വരണ്ട കണ്ണുകളുടെ മുഖ്യ കാരണം. രോഗലക്ഷണം— ചൊറിച്ചിൽ, നീറ്റൽ, കണ്ണിൽ കരട് പോയതുപോലെ തോന്നൽ, കണ്ണിൽനിന്നു വെള്ളം വരുന്ന അവസ്ഥ, മങ്ങിയ കാഴ്ച. ഇൗ രോഗാവസ്ഥ ഗുരുതരമായാൽ കണ്ണിന്റെ മുൻഭാഗത്തെ ഉപരിതലത്തിനു കേടുപാടു പറ്റും, കാഴ്ചയെ ബാധിക്കും.

∙ പ്രതിരോധം, ചികിൽസ

ഗുരുതരമല്ലാത്ത അവസ്ഥകൾ കൃത്രിമ കണ്ണീർ മരുന്നുകളുപയോഗിച്ച് പരിഹരിക്കാം. സ്വാഭാവിക കണ്ണീരുൽപ്പാദനത്തെ ഇത്തരം മരുന്നുകൾ സഹായിക്കും. പ്രിസർവേറ്റിവുകൾ ഇല്ലാത്ത കൃത്രിമക്കണ്ണീർ മരുന്നുകളുപയോഗിക്കാൻ ശ്രദ്ധ വേണം. കണ്ണിൽ പരമാവധി നേരം കണ്ണീരിന്റെ സാന്നിധ്യം ഉണ്ടാകുന്നത് വരണ്ട കണ്ണുകൾക്കുള്ള പ്രതിവിധി.

കൺകോണിൽനിന്ന് മൂക്കിലേക്കുള്ള നാളത്തിലൂടെ കണ്ണീർ ഒഴുകിപ്പോകുന്നതു തടയുകയാണ് ഇതിനുള്ള മാർഗം. സിലിക്കോണോ പഞ്ഞി പോലെയുള്ള ജെല്ലോ ഉപയോഗിച്ച് ഒഴുക്കു തടഞ്ഞുനിർത്താം. ആവശ്യമെങ്കിൽ കണ്ണീർ നാളങ്ങൾ ശസ്ത്രക്രിയയിലൂടെ അടയ്ക്കാം.

കണ്ണീർ ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള തുള്ളി മരുന്നുകളുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡ് ഉൾപ്പെട്ട ന്യൂട്രീഷനൽ സപ്ലിമെന്റും പ്രയോജനപ്പെടും.

കൺപോളകളിൽ മസാജ് ചെയ്യുന്നതും പോളകൾ വൃത്തിയാക്കുന്നതും വരണ്ട കണ്ണിനു ചുറ്റും നീരുവന്നു വീർക്കുന്നതു തടയും.

∙ ചെറിയ കാര്യം, വലിയ ഫലം

∙വായിക്കുന്നതിനിടയിലും കംപ്യൂട്ടർ ഉപയോഗിക്കുന്നതിനിടയിലും ഇടയ്ക്കിടെ കണ്ണടച്ചു തുറക്കുക.

∙അന്തരീക്ഷത്തിൽ ഇൗർപ്പത്തിന്റെ സാന്നിധ്യം വരണ്ട കണ്ണുകളുണ്ടാക്കുന്ന അസ്വസ്ഥതകൾ കുറയ്ക്കും.

∙ചൂടു കാറ്റും സൂര്യപ്രകാശവും ഒഴിവാക്കാൻ റാപ് എറൗണ്ട് ഫ്രെയിം ഉള്ള സൺഗ്ലാസ് ധരിക്കാം.

∙ വെള്ളം കുടിക്കൂ

ശരീരത്തിലെ നിർജലീകരണം വരണ്ട കണ്ണുകൾ ഗുരുതരമാക്കും. ദിവസം പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

കടപ്പാട്: ഡോ. ഷീന സൂസൻ ആൻഡ്രൂസ്,

ഭാരത് ഹോസ്പിറ്റൽ, കോട്ടയം.

Your Rating: