Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റാക്കിനു വെള്ളം കുടിച്ചാൽ മതിയോ?

drinking-water

പ്രമേഹത്തിനും അമിത രക്തസമ്മർദത്തിനും മരുന്നു കഴിക്കേണ്ട, ഹൃദയാഘാതം വന്നാൽ രണ്ടു ലീറ്റർ വെള്ളം കുടിച്ചാൽ മതി.... തുടങ്ങി ഞെട്ടിപ്പിക്കുന്ന ആരോഗ്യ മണ്ടത്തരങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ വൻപ്രചാരം നേടുകയുണ്ട‍‍ായി. കേൾക്കുന്നവരുടെ വിശ്വാസം വർധിപ്പിക്കാനായി അമേരിക്കയിലെ പ്രശ്സ്തമായ മയോക്ലിനിക്കിലെ മലയാളി ഡോക്ടർ രതീഷ് മേനോൻ എന്ന പേരിലാണ് ശബ്ദരേഖ പ്രചരിച്ചത്. മലയാളികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ മിക്കതിലും ഈ ശബ്ദരേഖ ഫോർവേഡ് മെസേജായി എത്തി. ഒടുവിൽ നിവൃത്തിയില്ലാതെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഈ സന്ദേശം തീർത്തും അസംബന്ധമാണെന്നു സ്ഥാപിക്കുന്ന വിശദ‍ീകരണക്കുറപ്പുമായി രംഗത്തുവന്നു. മാത്രമല്ല സമൂഹമാധ്യമങ്ങളില‍ൂടെ പ്രചരിക്കുന്ന ഇത്തരം അപകടകരമായ സന്ദേശങ്ങൾക്കെതിരെ നിയമനടപടികളുടെ സാധ്യത തേടുകയാണ് ഇപ്പോൾ െഎഎംഎ.

കുട്ടികൾക്കു വാക്സിനേഷൻ നൽകരുകത്, അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും എന്നതായിരുന്നു മറ്റൊരു പ്രചരണം. തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറിലെ ഡോക്ടർമാർ നിർദേശിക്കുന്നതെന്ന പേരിൽ ഒരു കാൻസർ സന്ദേശവും പ്രചരിക്കുന്നുണ്ട്.

വിശ്വസിക്കുന്നവർ ഏറെ

പൂർണമായും തെറ്റായതോ സത്യത്തിന്റെ മേമ്പൊടി മാത്രമുള്ളതോ ആയ നിരവധി ആരോഗ്യ സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കിട്ടിയപാടെ ഇത് ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കളിലേക്കും പകർത്തി അയയ്ക്കുമ്പോൾ അതുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അയയ്ക്കുന്നവർ ചിന്തിക്കാറില്ല. ഇത്തരം വ്യാജ സന്ദേശങ്ങൾ കേട്ട് പ്രമേഹത്തിനും കൊളസ്ട്രോളിനും എന്തിന് ഹൃദയാഘാതത്തിനും വരെ മരുന്നും ചികിത്സയും നിർത്തി അപകടം വിളിച്ചു വരുത്തുന്നവരുണ്ട് എന്ന് ഡോക്ടർമാർ പറയുന്നു.

മരുന്നു കമ്പനിക്കാർ മരുന്നു വിറ്റഴിക്കാൻ നടത്തുന്ന ശ്രമങ്ങളും ഡോക്ടർമാർ അതിനു കൂട്ടുനിൽക്കുന്നുവെന്നുള്ള ചിന്തകളും സമൂഹമനസ്സിനെ ആവശ്യത്തിലധികം സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ചെലവേറിയതോ സങ്കീർണമായതോ ബുദ്ധിമുട്ടുള്ളതോ ആയ ചിക‍ിത്സകൾക്കു പകരം അതിലളിതമായ മാന്ത്രികപരിഹാരം (മാജിക്കൽ റമഡീസ്) കാണുമ്പോഴുള്ള താൽപര്യം തുടങ്ങിയ കാരണങ്ങൾ വ്യാജസന്ദേശങ്ങളുടെ വർധിച്ച പ്രചാരണത്തിനു കാരണമാകുന്നു.

നമ്മൾ ചതിക്കരുത്

ആധികാരികമെന്ന് ഉറപ്പില്ലാത്ത ഒരു ആരോഗ്യ സന്ദേശവും നമ്മൾ സമൂഹമാധ്യമങ്ങളിലൂ‌ടെയോ അല്ലാതെയോ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കരുത്. വ്യാജസന്ദേശങ്ങൾ പ്രചരിക്കാൻ നമ്മൾ കാരണമാകുമ്പോൾ അതുവഴി പ്രിയപ്പെട്ട ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടാൻ കാരണമാകുമോ എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരേണ്ടത്. മാത്രമല്ല നമ്മൾ പോലുമറിയാതെ സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായി മാറുന്നു. നെറ്റ് വർക്ക് ഫോറൻസിക്കിന്റേയും ഫോറൻസിക് ലിംഗ്വിസ്റ്റിക്സിന്റ‍േയും സഹായത്തോടെ 100 ശതമാനവും തെളിവുകളോടെ ഈ കുറ്റകൃത്യം തെളിയിക്കാനാകുമെന്ന കാര്യവും മറക്കേണ്ട.

ആറു മിനിറ്റിൽ സ്തനാർബുദം തടയാം

യൂ ട്യൂബിലെ ഈ വിഡിയോ കാണാൻ ചെലവാക്കേണ്ടത് ആറുമിനിറ്റു സമയമാണ്. പക്ഷേ അതുകാണുന്ന സ്ത്രീകൾക്ക് ജീവിതകാലം മുഴുവൻ സ്തനാർബുദം ത‌ടയാൻ ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കും എന്താണ് സ്താനാർബുദം? എന്തുകൊണ്ടുവരുന്നു? പ്രാഥമികലക്ഷണങ്ങൾ എന്തെല്ലാം? തുടങ്ങിയ സംശയങ്ങൾക്കുള്ള ആധികാരിക വിവരങ്ങളാണ് ഇന്ത്യൻ കാൻസർ സൊസൈറ്റി തയാറാക്കിയ ഈ വിഡിയോയിലുള്ളത്. സ്തനാർബുദം മുൻകൂട്ടി സ്വായം പരിശോധിച്ചറിയേണ്ടത് എങ്ങനെയാണ് എന്നു കൃത്യമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ വിഡിയോയുടെ എറ്റവും പ്രധാന പ്രത്യേകത.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.